Enter your Email Address to subscribe to our newsletters

Thiruvananthapuram , 03 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: പെൺകുട്ടികളെ പൊതുവേദികളിൽ പ്രദർശിപ്പിക്കരുതെന്ന തരത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ പൂർണമായും തള്ളി സിപിഐഎം കേന്ദ്രനേതൃത്വം. സ്ത്രീവിഷയത്തിൽ കാന്തപുരത്തിന്റേത് ആർഎസ്എസ് അജണ്ടയ്ക്ക് സമാനമായ നിലപാടാണെന്നും, ഇത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ എം.എ. ബേബി വ്യക്തമാക്കി.
വിഷയത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വം പ്രകടമായ മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഈ നിശിതവിമർശനം രാഷ്ട്രീയകേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുന്നത്.
മതങ്ങൾ നിർഭാഗ്യവശാൽ സ്ത്രീതുല്യത അംഗീകരിക്കുന്നതിൽ വലിയ വിമുഖത കാണിക്കാറുണ്ടെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. കാന്തപുരത്തിന്റെ പ്രതികരണം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരവും സംസാരിച്ചിരിക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചപ്പോൾ സ്ത്രീകൾ പുറത്തിറങ്ങുന്നതാണ് അതിന് കാരണമെന്നും അവർ വീടുകളിൽ അടങ്ങിയിരിക്കണമെന്നുമായിരുന്നു മോഹൻ ഭാഗവത് മുൻപ് പ്രതികരിച്ചത്. ഇതിന് തികച്ചും തുല്യമായ സ്ത്രീവിരുദ്ധ സമീപനമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീ-പുരുഷ തുല്യത ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ഏത് മതത്തിന്റെ പേരിലുള്ള വ്യാഖ്യാനമായാലും അത് ഭരണഘടനാ തത്ത്വങ്ങൾക്ക് മുകളിലല്ല. ഭരണഘടനാ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കാൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കിയ എം.എ. ബേബി, സമൂഹത്തെ പിറകോട്ടടിക്കുന്ന ഇത്തരം പ്രതികരണങ്ങൾ നടത്തുന്നവർ ഗൗരവമായ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. മതശാസനകളേക്കാൾ ഉപരിയായി ഭരണഘടനാപരമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് ആധുനിക സമൂഹത്തിൽ അത്യന്താപേക്ഷിതമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കാന്തപുരത്തിന്റെ വിവാദ നിലപാടിനെതിരെ സാംസ്കാരിക-സാമൂഹിക മേഖലകളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. പൊതുവേദികളിൽ പെൺകുട്ടികളെ മാറ്റിനിർത്തണമെന്ന നിർദേശം മധ്യകാല ബോധത്തിന്റെ ഭാഗമാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. എന്നാൽ, വോട്ട് ബാങ്ക് സമവാക്യങ്ങൾ ഭയന്ന് സിപിഐഎം സംസ്ഥാന നേതൃത്വം സംഭവത്തിൽ മൗനം പാലിക്കുന്നുവെന്ന രാഷ്ട്രീയ ആരോപണം ശക്തമാകുന്നതിനിടെയാണ് എം.എ. ബേബിയുടെ പരസ്യ നിലപാട് പാർട്ടിയിൽ ഒരു തിരുത്തൽ സ്വരമായി മാറിയിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന എം.എ. ബേബിയുടെ പ്രസ്താവന കാന്തപുരം വിഭാഗത്തെയും സംസ്ഥാന രാഷ്ട്രീയത്തെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K