Enter your Email Address to subscribe to our newsletters

Wayanad , 03 സെപ്റ്റംബര് (H.S.)
ഓണാവധി കഴിഞ്ഞ് മടങ്ങുന്ന ജനത്തിരക്കിനിടയിൽ പ്രതിദിന വരുമാനത്തിൽ ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോ. ഓണാവധി അവസാനിച്ച ഓഗസ്റ്റ് 31-ന് ഒറ്റദിവസം കൊണ്ട് 20 ലക്ഷത്തിലധികം രൂപയാണ് ഡിപ്പോ വരുമാനമായി സമാഹരിച്ചത്. കോർപ്പറേഷൻ ചീഫ് ഓഫീസ് നിശ്ചയിച്ചു നൽകിയ ലക്ഷ്യത്തെയും മറികടന്നുള്ള ഈ അത്യപൂർവ്വ നേട്ടം ജീവനക്കാർ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷമാക്കി മാറ്റി.
മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണ് ഓഗസ്റ്റ് 31-ന് രേഖപ്പെടുത്തിയത്. ഒറ്റദിവസം കൊണ്ട് 20,86,261 രൂപയാണ് ഡിപ്പോ സ്വന്തമാക്കിയത്. ചീഫ് ഓഫീസ് നൽകിയ 14.57 ലക്ഷം രൂപയുടെ പ്രതിദിന ടാർഗെറ്റിൻ്റെ 147 ശതമാനം തുകയാണ് ജീവനക്കാർ ഓണാവധിയുടെ അവസാന ദിനത്തിൽ നേടിയെടുത്തത്. ഈ നേട്ടത്തിലേക്കെത്താൻ ഒരാഴ്ച മുൻപേ തന്നെ താൽക്കാലിക ജീവനക്കാർ അടക്കം 500 ഓളം വരുന്ന ജീവനക്കാർ ഒന്നിച്ച് പ്രയത്നിക്കുകയായിരുന്നു.
ഓഗസ്റ്റ് 31ന് വലിയ തിരക്ക് അനുഭവപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിലൊരു നേട്ടമുണ്ടായതെന്നും മാനന്തവാടി കെ.എസ്.ആർ.ടി.സി യൂണിറ്റ് ഓഫീസര് ആൽവിൻ ടി. സേവ്യർ പ്രതികരിച്ചു. ഓഗസ്റ്റ് 31ന് വലിയ തിരക്ക് അനുഭവപ്പെടുമെന്ന് നേരത്തെ അറിഞ്ഞു. ഇതിനുമുന്നോടിയായി ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ ജീവനക്കാരുടെ യോഗം വിളിച്ചു. ആത്മാര്ഥമായി ജോലിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമം മൂലാണ് ഇത്തരത്തില് നേട്ടമുണ്ടായത്. മാനന്തവാടി യൂണിറ്റിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒറ്റദിവസം കൊണ്ട് 20 ലക്ഷത്തിലധികം രൂപ കളക്ഷൻ നേടുന്നത് അദ്ദേഹം പ്രതികരിച്ചു.
സാധാരണയായി 79 സർവ്വീസുകൾ നടത്തുന്ന ഡിപ്പോയിൽ നിന്ന് ഓഗസ്റ്റ് 31-ന് 6 അധിക സർവ്വീസുകൾ കൂടി നടത്തിയിരുന്നു. സൂപ്പർ ക്ലാസിൽ രാവിലെ 9.05-ന് പുറപ്പെട്ട കോട്ടയം സർവ്വീസ് 56,920 രൂപയും, ഓർഡിനറിയിൽ രാവിലെ 5.10-ൻ്റെ കോഴിക്കോട് സർവീസ് 41,741 രൂപയും വരുമാനം നേടി. സ്വകാര്യ ബസുകൾ പണിമുടക്കിയ ജൂൺ 18-ന് നേടിയ 18.91 ലക്ഷം രൂപയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഓഗസ്റ്റ് 21 മുതൽ 31 വരെയുള്ള ഓണാവധി ദിനങ്ങളിൽ മാത്രം 1.45 കോടി രൂപയുടെ പ്രകടനമാണ് ഡിപ്പോ കാഴ്ചവെച്ചത്.
സർവ്വീസ് വരുമാനത്തിന് പുറമെ ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെയും ഡിപ്പോ തിളങ്ങുകയാണ്. ജംഗിൾ സഫാരി, വിനോദയാത്രകൾ, വിവാഹ സർവീസുകൾ എന്നിവ വഴി രണ്ടു വർഷത്തിനിടെ 40 ലക്ഷം രൂപയും, ഓഗസ്റ്റിൽ മാത്രം 4 ലക്ഷം രൂപയും വരുമാനം നേടി. കൂടാതെ ഹെവി, ലൈറ്റ് മോട്ടോർ ലൈസൻസുകൾ നൽകുന്ന ഡ്രൈവിംഗ് സ്കൂളും ഡിപ്പോയിൽ വിജയകരമായി പ്രവർത്തിക്കുന്നു. സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ സർവ്വീസുകൾക്കിടയിലും മാനന്തവാടി ഡിപ്പോ കൈവരിച്ച ഈ നേട്ടം കെ.എസ്.ആർ.ടി.സിക്ക് ഒന്നാകെ മാതൃകയാവുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR