നിയമസഭ തെരഞ്ഞെടുപ്പ് പരാജയം : പിണറായി വിജയന്റെ അഭിപ്രായത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
Thiruvananthapuram , 03 സെപ്റ്റംബര് (H.S.) നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നേതൃത്വത്തിന് തെറ്റു പറ്റിയിട്ടില്ലെന്നും ജനങ്ങൾക്കാണ് തെറ്റിയതെന്നുമുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഭിപ്രായത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവ
M V Govindan


Thiruvananthapuram , 03 സെപ്റ്റംബര് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നേതൃത്വത്തിന് തെറ്റു പറ്റിയിട്ടില്ലെന്നും ജനങ്ങൾക്കാണ് തെറ്റിയതെന്നുമുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അഭിപ്രായത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തളിപ്പറമ്പും പയ്യന്നൂരും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാഷ്ട്രീയ വിശദീകരണയോഗങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ധാരണയ്ക്ക് അനുസരിച്ചാണ്.

പിണറായി വിജയൻ നാലുയോഗങ്ങളിൽ പറഞ്ഞതെല്ലാം തന്നെ പഴയ കാര്യങ്ങളാണ്. പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ജനങ്ങൾക്കുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിച്ചാണ് പിണറായി പ്രസംഗിച്ചത്. പൊതുയോഗത്തിൽ അതിൻ്റേതായ രീതിയിൽ കാര്യങ്ങൾ അവിടെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും ജനം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും വർഗവഞ്ചനയുടെയും ചതിയുടെയും ഭാഗമായാണ് കോൺഗ്രസിലേക്ക് പോയത്. അതുതുറന്നു കാണിക്കേണ്ടതുണ്ടെന്നും രണ്ടുദിവസം നീണ്ട സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയോട് യോജിപ്പില്ല. സമൂഹത്തിൻ്റെ പൊതുമുന്നേറ്റത്തെ തടസപ്പെടുത്തുന്ന പരാമർശങ്ങളോട് സിപിഎം ഒരിക്കലും യോജിക്കില്ല. സ്ത്രീസമത്വമാണ് പ്രധാനമായും കാണേണ്ടത്. ആധുനിക കേരളത്തിന് യോജിക്കാത്ത പരാമർശങ്ങൾ പാടില്ല. 13 മുതൽ 15വരെ കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട രേഖയുടെ കരട് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തു. 7, 8 തീയതികളിൽ കൂടുന്ന സംസ്ഥാന സമിതിയോഗത്തിൽ കരട്രേഖ അംഗീകരിക്കും. പാർട്ടി തിരുത്തൽ നടപടികൾ നടത്തുകയാണ്. മാധ്യമങ്ങൾ അവരുടേതായ രീതിയിൽ മുന്നോട്ടുപോകുന്നു. കഴിഞ്ഞ മേയ് മുതൽ പാർട്ടിക്കെതിരെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് തർക്കമില്ല. സിപിഎമ്മും സിപിഐയും ചേർന്നു മുേന്നാട്ടുപോകും. ചെറിയ തർക്കങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിക്കും.

എസ്എഫ്ഐ നേതാക്കൾക്കെതിരെ നടന്ന നരനായാട്ട് അംഗീകരിക്കാനാവില്ല. സർവകലാശാലയിലെ പരിപാടിയിൽ വന്ദേമാതരം പൂർണമായി ചൊല്ലിയതിനെതിരെയാണ് സമരം നടത്തിയത്. ആര്യ, വൈഷ്ണവി എന്നീ സംസ്ഥാന നേതാക്കൾക്ക് പരുക്കേറ്റു. പെൺകുട്ടികളുടെ മുഖത്താണ് അടിച്ചത്. വിദ്യാർഥി നേതാക്കളെ മൃഗീയമായി കടന്നാക്രമിച്ചു. സെക്രട്ടേറിയറ്റ് മാർച്ച നടത്തിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതിനെ ന്യായീകരിക്കുന്നു. ആർഎസ്എസിനു വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. തിർക്കുന്നവരെയെല്ലാം തല്ലിയൊതുക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് കേവല വ്യാമോഹം മാത്രമാണ്. സമരത്തിൽ പങ്കെടുക്കാത്തവരെപ്പോലും കള്ളക്കേസിൽ ഉൾപ്പെടുത്തുന്നു. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശനും സർക്കാരും ശ്രമിക്കുന്നത്. വിദ്യാർഥി സമൂഹത്തിൻ്റെ ചരിത്രം മുഖ്യമന്ത്രിക്കറിയില്ല എന്നും ഗോവിന്ദന് പറഞ്ഞു.

സർവകലാശാലകൾ ആർഎസ്എസിന് കാഴ്ചവയ്ക്കുന്ന തരത്തിൽ സർക്കാർ പെരുമാറുന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്രവുമായി സംസ്ഥാന സർക്കാർ കൈ കോർക്കുന്നു. രണ്ടിടത്തും വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാവുകയാണ്. സർവകലാശാലകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നിന്ന് പോകുകയാണ്. ആർഎസ്എസിൻ്റെ ചട്ടുകമായി ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ വെറുമൊരു വകുപ്പായി മാറ്റി കാവിവൽക്കരണത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News