സവാള വിലവർധനവ് കുറയ്ക്കാൻ അടിയന്തര ഇടപെടലുമായി സർക്കാർ
Thiruvananthapuram, 03 സെപ്റ്റംബര് (H.S.) സംസ്ഥാനത്ത് സവാള വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് നൂറുടൺ സവാള ശേഖരിച്ച് കിലോക്ക് 35 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് എൻസിസിഎഫ് (നാഷണൽ
AGRICULTURE MINISTER T SIDDIQUE


Thiruvananthapuram, 03 സെപ്റ്റംബര് (H.S.)

സംസ്ഥാനത്ത് സവാള വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് നൂറുടൺ സവാള ശേഖരിച്ച് കിലോക്ക് 35 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് എൻസിസിഎഫ് (നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇൻഡ്യ ലിമിറ്റഡ്) വഴി സവാള വിപണിയിൽ എത്തിക്കാനാണ് തീരുമാനം. ഭക്ഷ്യ, കൃഷി വകുപ്പുകൾ സംയുക്തമായാണ് നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യപടിയായി 30 ടൺ സവാളക്ക് ഇന്ന് തന്നെ ഓർഡർ നൽകും. ഹോർട്ടികോർപ്പ്, സപ്ലൈകോ വഴിയാകും വിൽപന. സംസ്ഥാനത്ത് സവാള വില 58- 80 രൂപവരെ ഒരു കിലോയ്ക്ക് ഈടാക്കുന്നുണ്ട്. വിലവർധനവ് കുറയ്ക്കാൻ ഭക്ഷ്യമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. നാസിക്, കർണാടക പോലുള്ള ഉത്പാദനകേന്ദ്രങ്ങളിൽ വില വർധിച്ചതും മൊത്തവിൽപ്പനക്കാർ വാങ്ങിക്കൂട്ടുന്നതുമാണ് പെട്ടെന്നുണ്ടായ വില വർധനവിന് കാരണം.

സർക്കാർ ശേഖരിക്കുന്ന സവാളകൾ വാഴക്കുളത്തെ കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കും. അവടെ നിന്ന് ആവശ്യാനുസരണം വിപണിയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഓണക്കാലത്ത് വില വർധനവ് ഒഴിവാക്കാൻ സംസ്ഥാനത്ത് 2000 ചന്തകൾ കൃഷിവകുപ്പ് നടത്തിയിരുന്നു. വിപണിവിലയിൽ നിന്നും 38 ശതമാനത്തോളം കുറച്ചാണ് ചന്തകളിൽ കാർഷിക ഉത്പന്നങ്ങൾ നൽകിയത്. സംസ്ഥാനത്തെ വില വർധനവുള്ള പൊതുമാർക്കറ്റുകളിൽ സർക്കാർ ഇടപെടും. സംസ്ഥാനത്ത് 500 കോടിരൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും.

കേന്ദ്രകൃഷി മന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ വിശദാംങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കും. കോഴിക്കോട് കുറ്റ്യടിയിൽ കേരള വികസന പാർക്ക് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പാർക്കിൻ്റെ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാരിൻ്റെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്ത് 20 ലക്ഷം കിലോയോളം കാർഷിക ഉത്പന്നങ്ങൾ കൃഷി വകുപ്പ് ശേഖരിച്ചിരുന്നു. 14.25 കോടി രൂപയുടെ പച്ചക്കറികളാണ് ശേഖരിച്ച് വിൽപ്പന നടത്തിയത്.

പച്ചക്കറി നൽകിയ എല്ലാ കർഷകർക്കും അന്നുതന്നെ പണം നൽകി. പൂർണമായും ഡിജിറ്റലൈസ് ചെയ്ത നടപടികളിലൂടെയാണ് പണം നൽകാനായത്. സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 80 രൂപ കടന്ന സാഹചര്യത്തിലാണ് വിപണി ഇടപെടലുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സവാളയുടെ വിലയാണ് നിലവിൽ ഇരട്ടിയായിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. ചാല മാർക്കറ്റിൽ ഇന്നു സവാള കിലോ മൊത്തവില 58 രൂപയും ചില്ലറവില 65 രൂപയുമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News