Enter your Email Address to subscribe to our newsletters

Kannur , 03 സെപ്റ്റംബര് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ കണ്ണൂരിലെ വീടിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ ഒരുക്കിയിരുന്ന പഴയ പൊലീസ് ജീപ്പ് ഒടുവിൽ മാറ്റി. 10 വർഷമായി പൊലീസുകാർക്ക് താൽക്കാലിക ഷെൽറ്ററായി ഉപയോഗിച്ചിരുന്ന ജീപ്പാണ് ആഭ്യന്തര വകുപ്പിൻ്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് മാറ്റിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കായി വീടിന് സമീപം പുതിയ ഷെൽറ്റർ നിർമിക്കും. മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ നൽകിയ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.
പിണറായി പാണ്ഡ്യാലമുക്കിലെ 'പ്രവിക്' എന്ന വീടിന് മുന്നിലെ മതിലിനോട് ചേർന്നാണ് കെ.എൽ 01 ബി.ആർ 9569 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ജീപ്പ് കിടന്നിരുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇവിടെ സുരക്ഷ ശക്തമാക്കിയത്.
വീട് കാണാനും വിഡിയോ ചിത്രീകരിക്കാനുമായി നിരവധി പേർ എത്തിയതോടെയാണ് സുരക്ഷയുടെ ഭാഗമായി ജീപ്പ് കാവൽ ഏർപ്പെടുത്തിയത്. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഈ വാഹനത്തിനുള്ളിൽ ഇരുന്നായിരുന്നു പൊലീസുകാർ ജോലി ചെയ്തിരുന്നത്. ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ പൊലീസുകാരുടെ ദുരിതം വാർത്തയായിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.
കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള ആറ് പൊലീസുകാരും രണ്ട് എസ്.ഐമാരും ഉൾപ്പെടെ എട്ടുപേരാണ് ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് പേർ വീതമാണ് ഡ്യൂട്ടി ചെയ്തിരുന്നത്. കനത്ത മഴയിലും വെയിലിലും ഈ ജീപ്പിനുള്ളിൽ ഇടുങ്ങിയിരുന്ന് ജോലി ചെയ്യേണ്ട ഗതികേടിലായിരുന്നു ഉദ്യോഗസ്ഥർ.
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതിരുന്നതിനാൽ തൊട്ടടുത്തുള്ള ത്രിവേണി സൂപ്പർ മാർക്കറ്റിനെയാണ് ഇവർ ആശ്രയിച്ചിരുന്നത്. 2014 മോഡലായ ഈ ജീപ്പ് കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു. ടയറുകൾ പഞ്ചറായ നിലയിലായിരുന്ന വാഹനത്തിൻ്റെ ബാറ്ററിയും തകരാറിലായിരുന്നു. ഒരു പഴയ വാഹനം ഇത്തരത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ കടുത്ത അതൃപ്തി നിലനിന്നിരുന്നു.
പുതിയ സർക്കാർ അധികാരത്തിലേറിയപ്പോൾ ജീപ്പ് മാറ്റി പുതിയ ഷെൽറ്റർ നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാഹനം കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് മാറ്റിയത്. നിലവിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇരിക്കാനായി രണ്ട് കസേരകൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്.
വൈകാതെ തന്നെ പൊലീസുകാർക്കായി പുതിയ എയ്ഡ് പോസ്റ്റ് നിർമിക്കുമെന്ന് കണ്ണൂർ കമ്മിഷണർ അറിയിച്ചു. പുതിയ ഷെൽറ്റർ വരുന്നതോടെ ഏറെ നാളായി പൊലീസുകാർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് ആഭ്യന്തര വകുപ്പ് വേഗത്തിൽ നടപടി സ്വീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR