ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ പി.എസ് പ്രശാന്തിന് ജാമ്യം.
Kollam , 03 സെപ്റ്റംബര് (H.S.) ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ പി.എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ടാമത്തെ ഹർജി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച
P S


Kollam , 03 സെപ്റ്റംബര് (H.S.)

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ പി.എസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ടാമത്തെ ഹർജി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൻ്റെ മെറിറ്റിലേക്ക് കടക്കാതെ, പൂർണമായും ആരോഗ്യനില വഷളായ സാഹചര്യം മാത്രം മുൻനിർത്തിയാണ് കോടതി നടപടി.

റിമാൻഡിൽ കഴിയവെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലയിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ അദ്ദേഹം ഇവിടെ വിദഗ്ധ ചികിത്സയിൽ തുടരുകയാണ്. ചികിത്സയിലായതിനാൽ അദ്ദേഹത്തെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല.

ഇതിനിടെ പ്രശാന്തിൻ്റെ റിമാൻഡ് കാലാവധി 15 വരെ ദീർഘിപ്പിച്ചിരുന്നു. ജയിലിൽ തുടരുന്നത് ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണമാകുമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി പി.എസ് പ്രശാന്ത് ആദ്യം സമർപ്പിച്ച ജാമ്യഹർജി വിജിലൻസ് കോടതി തള്ളിയിരുന്നു.

സ്വർണക്കൊള്ളയും അറസ്റ്റും

കഴിഞ്ഞ ജൂലായ് 23നാണ് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശിൽപ പാളി കേസിലെ 17-ാം പ്രതിയാണ് പ്രശാന്ത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അജികുമാറിന് വിജിലൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പ്രശാന്തിന് ജയിലിൽ തുടരേണ്ടി വന്നു. 2019ൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി 2025ൽ പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന് കൈമാറിയെന്നാണ് കേസ്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഭക്തർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച സ്വർണം അപഹരിച്ചതുമായി ബന്ധപ്പെട്ട ഈ കേസ് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ഉന്നത സ്വാധീനമുള്ള പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസിൻ്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പ്രതിയുടെ ആരോഗ്യനില മോശമായതിനാൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൻ്റെ തുടരന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുൻ പ്രസിഡൻ്റിന് ജാമ്യം ലഭിക്കുന്നത്. അതേസമയം, ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്ന കേസിലും പി.എസ് പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേർത്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News