Enter your Email Address to subscribe to our newsletters

Kasaragod , 03 സെപ്റ്റംബര് (H.S.)
കേരളത്തിൽ സാധാരണയെക്കാൾ ഒന്ന് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കുറഞ്ഞതോടെയാണ് താപനില ഉയരുന്നത്. വരും ദിവസങ്ങളിൽ ഒന്നും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും അത് മധ്യപ്രദേശിന് മുകളിലാണ് ഇപ്പോൾ ഉള്ളത്. കേരളത്തെ ഇത് സ്വാധീനിക്കില്ല. അടുത്ത ആഴ്ചയും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെങ്കിലും ഇതും കേരളത്തിന് അനുകൂലമാകില്ല. ഇതോടെ കേരളത്തിൽ താപനില ഉയരുമെന്നാണ് വിലയിരുത്തൽ. ഇത് സാരമായി തന്നെ കേരളത്തെ ബാധിക്കും. സെപ്റ്റംബറിൽ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കുപടിഞ്ഞാറൻ കാറ്റ് തീർത്തും ദുർബലമായി. വടക്കുപടിഞ്ഞാറൻ കാറ്റാണ് ഇപ്പോൾ വീശുന്നത്. അതും ശക്തി കുറഞ്ഞാണ് വീശുന്നത്.
കേരളത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 3 വരെ 23% കുറവ് മഴയാണ് ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 51 ശതമാനം മഴ കുറഞ്ഞു. രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആദ്യഘട്ട പ്രവചനം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്. എൽ നിനോ ശക്തമായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴക്കുറവ് ഉണ്ടായാലും താപനില കൂടിയാലും കേരളത്തിലെ കൃഷിയെ കാര്യമായി ബാധിക്കും. നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ വിളകൾക്കൊപ്പം തെങ്ങ്, റബർ, കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളെയും ബാധിക്കും. ഇത് കർഷകരിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി ഉൽപ്പാദനത്തെയും സാരമായി ബാധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ വൈദ്യുതി മുടങ്ങിയിരുന്നു.
അതേസമയം, ദക്ഷിണേന്ത്യയിലും മഴ സജീവമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR