നൂറു ദിനം പൂർത്തിയാക്കുന്ന വി ഡി സതീശൻ മന്ത്രിസഭയ്ക്ക് പുതിയ ദിശാബോധം നൽകാൻ സർക്കാർ
Kozhikode , 03 സെപ്റ്റംബര് (H.S.) നൂറു ദിനം പൂർത്തിയാക്കുന്ന വി ഡി സതീശൻ മന്ത്രിസഭയ്ക്ക് പുതിയ ദിശാബോധം നൽകാൻ സർക്കാർ. ഭരണനിർവഹണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അത്യാധുനിക ഡിജിറ്റൽ ഡാഷ്ബോർഡ് സജ്ജമാക്കി. കഠിനാധ്
100 DAY OF VDS GOVERNMENT


Kozhikode , 03 സെപ്റ്റംബര് (H.S.)

നൂറു ദിനം പൂർത്തിയാക്കുന്ന വി ഡി സതീശൻ മന്ത്രിസഭയ്ക്ക് പുതിയ ദിശാബോധം നൽകാൻ സർക്കാർ. ഭരണനിർവഹണം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അത്യാധുനിക ഡിജിറ്റൽ ഡാഷ്ബോർഡ് സജ്ജമാക്കി. കഠിനാധ്വാനത്തിലൂടെ ഫലപ്രാപ്തി കണ്ടെത്തണമെന്ന നിർദേശം മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിമാർക്ക് നൽകി.

വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് വിലയിരുത്താനുമായി ഓരോ മന്ത്രിക്കും പ്രത്യേക പ്രോഗ്രസ് റിപ്പോർട്ട് സംവിധാനം ഈ മാസം മുതൽ നിലവിൽ വരും. മന്ത്രിമാരുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തന മികവ് തത്സമയം വിലയിരുത്താനാണ് ഡാഷ്ബോർഡ് ഒരുക്കിയിരിക്കുന്നത്.

ഓരോ മന്ത്രിയുടെയും മുന്നിലെത്തുന്ന ഫയലുകൾ എത്ര ദിവസത്തിനകം തീർപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതിലൂടെ കൃത്യമായി മനസ്സിലാക്കാം. വകുപ്പുകൾ കൈക്കൊള്ളുന്ന നയപരമായ തീരുമാനങ്ങൾ താഴേത്തട്ടിൽ എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നതും വിലയിരുത്തും. പ്രോഗ്രസ് റിപ്പോർട്ടിൻ്റെയും ഡാഷ്ബോർഡ് ഡാറ്റയുടെയും അടിസ്ഥാനത്തിൽ മന്ത്രിമാരുടെ പ്രകടനം കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യും.

ശിൽപശാല മുതൽക്കൂട്ടാകും

കേരളത്തിൻ്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ ശിൽപശാലയ്ക്ക് നാലാം തീയതി രാവിലെ തുടക്കമാകും. റീഇമാജിനിങ് കേരളം എന്ന് പേരിട്ടിരിക്കുന്ന ശിൽപശാലയിൽ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മന്ത്രിസഭയിലെ മുഴുഴൻ അംഗങ്ങളും പങ്കെടുക്കും.

കേരളത്തിൻ്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിൻ്റെ രാഷ്ട്രീയ നേതൃത്വം, ഐഐഎംകെ അധ്യാപകർ, രാജ്യാന്തര വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ചർച്ചകളിൽ സംസ്ഥാനത്തിൻ്റെ വികസന പാതയെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കും.

കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ ജനജീവിതത്തിൽ സുസ്ഥിരമായ മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥ പ്രതിരോധം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസത്തിലെ മികവ്, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക.

ഐഐഎംകെ അധ്യാപകരോടൊപ്പം ജപ്പാനിലെ കിയോ സർവകലാശാല, കിങ്സ് കോളജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സെഷനുകൾ നയിക്കും. ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പ്രത്യേക സെഷന് അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫിസറും പ്രൊജക്ട് ഡയറക്ടറുമായ ഡോ അരവിന്ദ് ശ്രീനിവാസൻ, നാരായണ ഹെൽത്ത് ചെയർമാൻ ഡോ ദേവി ഷെട്ടി എന്നിവർ നേതൃത്വം നൽകും.

ദൈനംദിന ഭരണനിർവഹണത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറിനിന്ന് കേരളത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഐഐഎംകെ ഡയറക്ടർ പ്രൊഫ ദേബാശിഷ് ചാറ്റർജി വ്യക്തമാക്കി. പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യ, കൃത്രിമബുദ്ധിയുടെ വളർച്ച, കാലാവസ്ഥ വ്യതിയാനം, കുടിയേറ്റവും പ്രവാസി പണമയയ്ക്കലിലെ മാറ്റങ്ങളും, വർധിച്ചുവരുന്ന ധനകാര്യ സമ്മർദങ്ങളും കേരളം നേരിടുന്ന പ്രധാന വെല്ലുവിളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലാസ് മുറിയിലെ പരിശീലനത്തിനുപകരം വിദഗ്ധരും നയരൂപീകരണ ചുമതലയുള്ളവരും തമ്മിലുള്ള സംവാദങ്ങൾക്കും ആശയവിനിമയത്തിനുമാണ് പരിപാടിയിൽ പ്രാധാന്യം നൽകുന്നത്. കേരളത്തിൻ്റെ ഭാവിയെ സ്വാധീനിക്കുന്ന ദീർഘകാല മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയപരമായ തീരുമാനങ്ങളെ സുസ്ഥിര ഫലങ്ങളാക്കി മാറ്റുന്നതിനുള്ള തെളിവധിഷ്ഠിത സമീപനവും വളർത്തുകയാണ് ലക്ഷ്യം. കേരളത്തിൻ്റെ വികസനത്തിന് ദീർഘകാല കാഴ്ചപ്പാടും തന്ത്രപരമായ ദിശയും രൂപപ്പെടുത്തുന്നതിൽ അക്കാദമിക രംഗവും സർക്കാരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന വേദിയാകും ഇത്.

ഫയലുകൾ കൂമ്പാരമാക്കരുത്

ഐഐഎം പരിശീലനത്തിന് ശേഷം മന്ത്രിമാരുടെ ദൈനംദിന ഓഫിസ് പ്രവർത്തനങ്ങളിൽ ചില നിർബന്ധിത വ്യവസ്ഥകൾ ഏർപ്പെടുത്തിയേക്കും. ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും മന്ത്രിമാർ സെക്രട്ടേറിയറ്റ് ഓഫിസുകളിൽ നേരിട്ടെത്തി ഫയൽ തീർപ്പാക്കലിലും പൊതുജന പരാതികളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. നിയമനിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ യാതൊരു കാരണവശാലും മാറ്റിവയ്ക്കാതെ വേഗത്തിൽ പരിശോധിക്കണം. വകുപ്പ് സെക്രട്ടറിമാരുമായും ഡയറക്ടർമാരുമായും പ്രതിവാര അവലോകനങ്ങൾ നടത്തി പദ്ധതികളുടെ തടസങ്ങൾ നീക്കണം.

പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം ഭരണത്തിൽ എത്തിയ യുഡിഎഫ് സർക്കാരിനെതിരെ പല ദിക്കുകളിൽ നിന്നും പരാതികൾ ഉയരുന്നുണ്ടെങ്കിലും ഒരു ഹണിമൂൺ പീരീഡ് എന്ന് കണക്കാക്കി പലരും കാത്തിരിക്കുകയാണ്. എന്നാൽ ഇനിയുള്ള പ്രവർത്തനങ്ങളിൽ പാകപ്പിഴവുകളും മുഖ്യമന്ത്രിയും മന്ത്രിമാർക്കും ഇടയിൽ സ്വരച്ചേർച്ച ഇല്ലാത്ത വിഷയവും വന്നാൽ പരാതികളും പ്രതിഷേധങ്ങളും ശക്തമാകും. അതെല്ലാം മറികടന്ന് പ്രവർത്തനങ്ങളിലെ പോസിറ്റീവ് വശം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതാണ് വി ഡി സതീശൻ ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News