പൊലീസ് മർദനക്കേസിൽ യുഡിഎഫ് സർക്കാരിനെതിരെ വി.എസ് സുജിത്
Thrissur , 03 സെപ്റ്റംബര് (H.S.) കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത് സ്വന്തം സർക്കാരിനെതിരെ പരസ്യവിമർശനവുമായി രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ
YOUTH CONGRESS KERALA PROTEST


Thrissur , 03 സെപ്റ്റംബര് (H.S.)

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത് സ്വന്തം സർക്കാരിനെതിരെ പരസ്യവിമർശനവുമായി രംഗത്ത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിൽ തുറന്ന കത്തെഴുതി. തനിക്ക് രാഷ്ട്രീയ സംരക്ഷണമല്ല, മറിച്ച് നീതിയാണ് ആവശ്യമെന്നും സുജിത് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റായ സുജിത് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ ഭാഷയിലാണ് സർക്കാരിൻ്റെയും നേതൃത്വത്തിൻ്റെയും അനാസ്ഥയെ ചോദ്യം ചെയ്യുന്നത്. മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപടി വൈകുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കണം. പ്രതിസന്ധി ഘട്ടത്തിൽ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയ നേതാക്കൾ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു വർഷമായി നീതിക്കായി കാത്തിരിക്കുന്ന തന്നോട് ഇനി എന്താണ് പറയാനുള്ളതെന്നും സുജിത് ചോദിച്ചു. 'ഞങ്ങൾ കൂടെയുണ്ട്' എന്ന വാക്ക് വീണ്ടും ആവർത്തിക്കുന്നതിന് മുൻപ്, ഒരിക്കലെങ്കിലും അത് പ്രവർത്തിച്ച് കാണിക്കാൻ നേതൃത്വം തയാറാകണം. നീതി വൈകുന്നത് കാക്കിയിട്ട മർദകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാകരുത് എന്ന് മാത്രമാണ് ഓർമിപ്പിക്കാനുള്ളതെന്നും സുജിത് ഫേസ്ബുക്കിൽ കുറിച്ചു.

നാല് വർഷത്തെ കാത്തിരിപ്പ്കസ്റ്റഡി മർദനം നടന്നിട്ട് നാല് വർഷം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ ശരിയായ നടപടിയുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് പരസ്യപ്രചാരണത്തിന് തയാറായതെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ മാത്രമാണ് ഇതുവരെ എടുത്ത ആകെ നടപടി. എന്നാൽ ഇന്നത്തെ മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നിയമസഭയിൽ ഈ വിഷയം ശക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. കുറ്റക്കാരെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു അന്നത്തെ ആവശ്യം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഉടൻ നടപടി എടുക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയും ഇപ്പോൾ അസ്തമിച്ചിരിക്കുകയാണെന്ന് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.

അമർഷം പുകയുന്നുസസ്പെൻഷനിലായ പൊലീസുകാർക്ക് ഒരു വർഷം കഴിഞ്ഞാൽ ജോലി ചെയ്യാതെ തന്നെ ശമ്പളം കൈപ്പറ്റാമെന്നതാണ് നിലവിലെ അവസ്ഥയുടെ ആകെ ഗുണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻ സർക്കാരിൻ്റെ കാലത്ത് നടന്ന ക്രൂരമായ പൊലീസ് മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ട് ഇപ്പോൾ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും നടപടി വൈകുന്നതിൽ കോൺഗ്രസിലെ വലിയൊരു വിഭാഗം പ്രവർത്തകർക്കിടയിൽ ഇപ്പോഴും കടുത്ത അമർഷം പുകയുന്നുണ്ട്.

അന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കളടക്കം നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണത്തിലെത്തിയപ്പോൾ ഈ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന വികാരമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ളത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന ഉറച്ച നിലപാടിലാണ് സുജിത്തും ഒപ്പമുള്ളവരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News