തദ്ദേശ തിരഞ്ഞെടുപ്പ് തർക്കം: ബിക്കാനീർ ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ
Jaipur , 03 സെപ്റ്റംബര് (H.S.) ജയ്പൂർ: രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാകുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിക്കാനീർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ
തദ്ദേശ തിരഞ്ഞെടുപ്പ് തർക്കം: ബിക്കാനീർ ജില്ലാ പ്രസിഡന്റിനെ മർദ്ദിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ


Jaipur , 03 സെപ്റ്റംബര് (H.S.)

ജയ്പൂർ: രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ വിഭാഗീയത രൂക്ഷമാകുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ബിക്കാനീർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ മദൻ ഗോപാൽ മേഘ്വാളിനെ കയ്യേറ്റം ചെയ്ത രണ്ട് മുതിർന്ന പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മുൻ കൗൺസിലർ ദീപക് അറോറ, മോഹിത് അറോറ എന്നിവർക്കെതിരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് അച്ചടക്ക നടപടി സ്വീകരിച്ചത്.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡ് 50-ലെ പാർട്ടി സ്ഥാനാർത്ഥി നവരതൻ ദാഗയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. ചടങ്ങിനെത്തിയ മദൻ ഗോപാൽ മേഘ്വാളിനെ നേതാക്കളും ഇവരുടെ അനുയായികളും ചേർന്ന് തടഞ്ഞുവെക്കുകയും പരസ്യമായി മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഓഫീസിന് പുറത്തേക്ക് വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിൽ തന്റെ കണ്ണട താഴെ വീണുടഞ്ഞെന്നും വസ്ത്രങ്ങൾ വലിിച്ചുകീറിയെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ മേഘ്വാൾ വെളിപ്പെടുത്തി. പിന്നിൽ നിന്ന് പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്നും ജനാധിപത്യ പ്രക്രിയയിൽ ഇത്തരം അക്രമ സംഭവങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്.

നേതാക്കളുടെ ഇത്തരം അച്ചടക്കലംഘനവും അക്രമവാസനയും പാർട്ടിക്ക് യാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. ഗൗരവകരമായ അച്ചടക്കലംഘനമാണ് നടന്നതെന്നും അതിനാലാണ് നേതാക്കളെ ആറ് വർഷത്തേക്ക് പുറത്താക്കിയതെന്നും സംസ്ഥാന ഘടകം ഔദ്യോഗിക ഉത്തരവിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി സെപ്റ്റംബർ 9, 11 തീയതികളിൽ നടക്കാനിരിക്കെയാണ് കോൺഗ്രസിന് തലവേദനയായി ഈ ആഭ്യന്തര തർക്കം ഉടലെടുത്തിരിക്കുന്നത്. സെപ്റ്റംബർ 14-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. 2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി ഇരു മുന്നണികളും കാണുന്ന നിർണായകമായ മത്സരത്തിന് തൊട്ടുമുമ്പ് സ്വന്തം ജില്ലാ അധ്യക്ഷന് നേരെ പരസ്യമായി നടന്ന ആക്രമണം കോൺഗ്രസ് നേതൃത്വത്തെ കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒരു കോടിയിലധികം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വൻ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ താഴെത്തട്ടിൽ അച്ചടക്കം ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി നേതൃത്വം.

---------------

Hindusthan Samachar / Roshith K


Latest News