Enter your Email Address to subscribe to our newsletters

Thiruvanathapuram, 03 സെപ്റ്റംബര്‍ (H.S.)
തിരുവനന്തപുരം: കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് 141 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 140 റൺസിന് ഓൾഔട്ടാവുകയായിരുന്നു. റിപ്പിൾസിൻ്റെ ബൌളർമാർ കളംനിറഞ്ഞ മത്സരത്തിൽ വാലറ്റത്ത് ബിജു നാരായണനും ആസിഫ് സലാമും നടത്തിയ ചെറുത്തുനില്പാണ് ടൈറ്റൻസിന് മാന്യമായ സ്കോർ സമ്മാനിച്ചത്.
ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ടോസ് നേടിയ ടൈറ്റൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കും മുൻപേ തന്നെ ആദ്യ വിക്കറ്റ് വീണു. ടി. എസ്. വിനിൽ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ കെ. ആർ. രോഹിത് മടങ്ങി. പത്ത് റൺസെടുത്ത വിഷ്ണുരാജിന്റേതായിരുന്നു അടുത്ത ഊഴം. വിനിലിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാച്ചെടുത്താണ് വിഷ്ണുരാജ് പുറത്തായത്. അടുത്ത ഓവറിൽ അഹമ്മദ് ഇമ്രാനും (16) മടങ്ങി. രണ്ട് തകർപ്പൻ സിക്സറുകളുമായി തുടങ്ങിയ ഇമ്രാൻ, അഭിജിത് പ്രവീണിന്റെ പന്തിൽ സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. തുടർന്നെത്തിയ ക്യാപ്റ്റൻ എം. എസ്. അഖിലിനും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഒരു റണ്ണെടുത്ത അഖിലിനെ അജിത് രാജാണ് പുറത്താക്കിയത്.
അഞ്ചാം വിക്കറ്റിൽ എസ്. ഷാരോണും ഷോൺ റോജറും ചേർന്ന് 30 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 14 റൺസെടുത്ത ഷാരോണിനെ പുറത്താക്കി അജ്നാസ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. തൊട്ടടുത്ത ഓവറിൽ ഏഴ് റൺസെടുത്ത മുഹമ്മദ് ഇനാൻ, സിബിൻ ഗിരീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജറെയും പ്രസൂൺ പ്രസാദിനെയും ഒരേ ഓവറിൽ പുറത്താക്കി അജ്നാസ് ടൈറ്റൻസിന് വീണ്ടും പ്രഹരമേൽപ്പിച്ചു. ഒടുവിൽ ഒൻപതാം വിക്കറ്റിൽ ബിജു നാരായണനും ആസിഫ് സലാമും ചേർത്ത 49 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിനെ 140-ൽ എത്തിച്ചത്. ആസിഫ് സലാം 16 പന്തുകളിൽ നിന്ന് 21 റൺസെടുത്തു. 25 പന്തുകളിൽ നിന്ന് 37 റൺസുമായി ബിജു നാരായണൻ പുറത്താകാതെ നിന്നു. ഷോൺ റോജർ 24 പന്തിൽ നിന്ന് 27 റൺസ് നേടി ആലപ്പിക്ക് വേണ്ടി കെ അജിനാസ് മൂന്നും വിനിൽ, അഭിജിത് പ്രവീൺ, സിബിൻ ഗിരീഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
---------------
Hindusthan Samachar / Sreejith S