Enter your Email Address to subscribe to our newsletters

Thiruvananthapuram, 03 സെപ്റ്റംബര് (H.S.)
സംസ്ഥാനത്തെ കർഷകരുടെ കടബാധ്യതയ്ക്ക് ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച കേരള കാർഷിക കടാശ്വാസ കമ്മിഷൻ ഇതുവരെ കൈകാര്യം ചെയ്ത അപേക്ഷകളുടെ കണക്കുകൾ പുറത്ത്. 2025-26 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾ പ്രകാരം വിവിധ ജില്ലകളിൽ നിന്നായി ആറ് ലക്ഷത്തിലധികം അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
വിവരാവകാശ പ്രവർത്തകനായ മുഹമ്മദ് അഷറഫ് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കമ്മിഷൻ വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ആകെ 6,51,509 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഇടുക്കി ജില്ലയിൽ നിന്നാണ്. ഇടുക്കിയിൽ നിന്ന് മാത്രം 1,77,537 കർഷകരാണ് കടാശ്വാസത്തിനായി കമ്മിഷനെ സമീപിച്ചത്. അപേക്ഷകരുടെ എണ്ണത്തിൽ വയനാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ നിന്ന് 1,48,401 അപേക്ഷകൾ ലഭിച്ചു. കാസർകോട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 76,829 അപേക്ഷകളാണ് കാസർകോട് നിന്ന് ലഭിച്ചത്. കണ്ണൂരിൽ നിന്ന് 66,155 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
മറ്റ് ജില്ലകളിൽ നിന്നുള്ള അപേക്ഷകളുടെ കണക്കുകൾ ഇപ്രകാരമാണ്. തിരുവനന്തപുരം (48,504), കൊല്ലം (6,472), പത്തനംതിട്ട (6,660), ആലപ്പുഴ (9,752), കോട്ടയം (4,500), എറണാകുളം (2,312), തൃശൂർ (3,710), പാലക്കാട് (40,634), മലപ്പുറം (16,053), കോഴിക്കോട് (43,990) എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും വലിയ തോതിൽ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കടാശ്വാസത്തിന് 649.20 കോടിയുടെ ശുപാർശകമ്മിഷൻ വിധി നടത്തി കടാശ്വാസം അനുവദിക്കുന്നതിനായി സർക്കാരിലേക്ക് 649.20 കോടി രൂപയുടെ ശുപാർശ നൽകിയിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ സർക്കാർ ഇതുവരെ 326.97 കോടി രൂപ കടാശ്വാസമായി അനുവദിച്ചിട്ടുണ്ട്. അതേസമയം, 322.23 കോടി രൂപ കൂടി കർഷകർക്ക് അനുവദിക്കാൻ ബാക്കിയുണ്ട്. സംസ്ഥാനത്തെ കാർഷിക മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
2006ലെ കേരള കാർഷിക കടാശ്വാസ കമ്മിഷൻ ആക്ട്, 2007ലെ കേരള കാർഷിക കടാശ്വാസ കമ്മിഷൻ ചട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ രൂപീകരിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങളും അപേക്ഷകളുടെ പരിഗണനയും നടക്കുന്നത്. മറ്റ് സർക്കാർ ഉത്തരവുകളും ഇതിന് ബാധകമാണ്. 2007ലാണ് കേരള കാർഷിക കടാശ്വാസ കമ്മിഷൻ നിലവിൽ വന്നത്.
കാർഷിക ആവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകർക്ക് കടാശ്വാസം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുമ്പോൾ നിശ്ചയിച്ചിരുന്ന വിവിധ സമയപരിധികളും കമ്മിഷൻ്റെ പ്രവർത്തനത്തിൽ നിർണായകമാണ്. കാർഷിക ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആയിരുന്നുവെന്നും രേഖയിൽ വ്യക്തമാക്കുന്നു. വായ്പകൾ സംബന്ധിച്ച വിവരങ്ങളും അപേക്ഷകളും വിവിധ ഘട്ടങ്ങളിൽ പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവുകളും ശുപാർശകളും നൽകുന്നത്.
കൂടുതൽ അപേക്ഷകൾ മലയോര ജില്ലകളിൽജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കാർഷിക കടബാധ്യതയുടെ ഗൗരവം പ്രത്യേകിച്ച് മലയോര മേഖലകളിൽ പ്രകടമാണ്. ഇടുക്കിയിലും വയനാട്ടിലും മാത്രം 3,25,938 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ആകെ അപേക്ഷകളുടെ പകുതിയോളം വരും.
കാലാവസ്ഥാ വ്യതിയാനം, വന്യമൃഗ ശല്യം, വിളനാശം തുടങ്ങിയ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയോര മേഖലയിലെ കർഷകരെയാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കർഷകരുടെ കടബാധ്യത ലഘൂകരിക്കുന്നതിനായി സർക്കാർ കൂടുതൽ ഇടപെടലുകൾ നടത്തേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ വിവരങ്ങൾ വിരൽചൂണ്ടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR