Enter your Email Address to subscribe to our newsletters

Chandighad, 03 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: പഞ്ചാബിലെ കരട് വോട്ടർപട്ടികയിൽ തന്റെ പേരിന് നേരെ 'മറ്റൊരു സ്ഥലത്തേക്ക് മാറി' (ഷിഫ്റ്റഡ്) എന്ന് രേഖപ്പെടുത്തിയതായി രാജ്യസഭാ എം.പി രാഘവ് ചദ്ദ. ആം ആദ്മി പാർട്ടിയുടെ (എ.എ.പി) നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും, ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ആം ആദ്മി പാർട്ടി നേതൃത്വം, വോട്ടർപട്ടിക തയ്യാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന് യാതൊരു പങ്കുമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടികൾക്ക് നേതൃത്വം നൽകുന്നതെന്നും വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് രാഘവ് ചദ്ദ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വോട്ടർപട്ടികയിലെ ഈ മാറ്റം ഒരു സാധാരണ എഴുത്തുപിഴയോ ക്ലറിക്കൽ പിഴവോ അല്ലെന്നും, ഭരണസ്വാധീനം ഉപയോഗിച്ച് തന്നെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) മുതൽ പഞ്ചാബിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വരെയുള്ള ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന്റെ ജീവനക്കാരാണ്. തെരഞ്ഞെടുപ്പ് ജോലിക്ക് ശേഷം തങ്ങളുടെ സർവീസും സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്ന ബോധ്യമുള്ളതിനാൽ, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്തിന് ഉദ്യോഗസ്ഥർ വഴങ്ങുകയാണെന്ന് ചദ്ദ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) മാർഗ്ഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചദ്ദ പ്രതികരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, ജഡ്ജിമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകൾ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി കരട് പട്ടികയിൽ നിലനിർത്തണമെന്നാണ് നിയമം. ഈ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ചാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും, നിയമപരമായ എല്ലാ പരിഹാരമാർഗ്ഗങ്ങളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആം ആദ്മി പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതിന് ശേഷമാണ് തന്നെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് ഭരണകൂടം തിരിഞ്ഞിരിക്കുന്നതെന്നും ചദ്ദ കൂട്ടിച്ചേർത്തു.
അതേസമയം, രാഘവ് ചദ്ദയുടെ ആരോപണങ്ങളെ ആം ആദ്മി പാർട്ടി ശക്തമായി പ്രതിരോധിച്ചു. വോട്ടർപട്ടിക തയ്യാറാക്കുന്നതോ തിരുത്തലുകൾ വരുത്തുന്നതോ സംസ്ഥാന സർക്കാരല്ലെന്നും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പാർട്ടി വിശദീകരിച്ചു. രാഘവ് ചദ്ദ നിലവിൽ ഡൽഹിയിലാണ് താമസമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒരു വ്യക്തി താമസസ്ഥലം മാറുമ്പോൾ വോട്ടർ രജിസ്ട്രേഷൻ പുതിയ സ്ഥലത്തേക്ക് മാറ്റേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും അതിൽ പഞ്ചാബ് സർക്കാരിനെയോ തങ്ങളെയോ കുറ്റപ്പെടുത്തുന്നത് അടിസ്ഥാനരഹിതമാണെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
മാത്രമല്ല, ഡൽഹിയിലെ രാജേന്ദർ നഗറിൽ മുൻകാല പ്രാബല്യത്തോടെയുള്ള വ്യാജ രേഖകളുണ്ടാക്കി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ചദ്ദ ശ്രമിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. നിയമവിരുദ്ധമായ ഇത്തരം നീക്കങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യം ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പഞ്ചാബ് രാഷ്ട്രീയത്തിൽ ഇരുപക്ഷവും തമ്മിലുള്ള വാക്പോര് വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K