Enter your Email Address to subscribe to our newsletters

Mumbai , 03 സെപ്റ്റംബര് (H.S.)
മുംബൈ: രാജ്യത്ത് വനിതാ സ്വയംസഹായ സംഘങ്ങളിലൂടെ ഇതുവരെ 3.5 കോടി 'ലക്ഷ്പതി ദീദി'മാരെ സൃഷ്ടിക്കാൻ സാധിച്ചതായും പദ്ധതിയിലൂടെ 6 കോടി വനിതകളെ സ്വയംപര്യാപ്തരാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്ര ഗ്രാമവികസന-കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മുംബൈയിൽ 'ലക്ഷ്പതി ദീദി'മാർക്കൊപ്പം വൃക്ഷത്തൈ നടീൽ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാങ്കർമാരുമായുള്ള ഉന്നതതല യോഗത്തിന് മുന്നോടിയായി സ്വയംസഹായ സംഘങ്ങളിലെ വനിതകളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ ശക്തരായ സംരംഭകരാക്കി മാറ്റുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ലക്ഷ്പതി ദീദി സംരംഭം വിപുലീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് കോടി എന്ന പ്രാരംഭ ലക്ഷ്യം മറികടന്ന് പദ്ധതി ഇതിനകം 3.5 കോടിയിലെത്തി നിൽക്കുകയാണ്. ആറ് കോടി എന്ന അടുത്ത നാഴികക്കല്ലിലേക്ക് വേഗത്തിലാണ് രാജ്യം മുന്നേറുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്വയംസഹായ സംഘങ്ങൾക്ക് മൊത്തം 10 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കാനും വ്യക്തിഗത സംരംഭകരായ വനിതകൾക്ക് ഒരു ലക്ഷം കോടി രൂപ നൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് താഴെത്തട്ടിലുള്ള വനിതകൾ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ മനസ്സിലാക്കാനാണ് ഇത്തരമൊരു ആശയവിനിമയം സംഘടിപ്പിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംരംഭങ്ങൾ ആരംഭിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും വായ്പകൾ തേടുമ്പോൾ വനിതകൾ സങ്കീർണ്ണമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അമിതമായ പേപ്പർ വർക്കുകൾ, ബാങ്കുകളിലേക്ക് പലതവണ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ, ഈടോ ഗ്യാരന്റിയോ ആവശ്യപ്പെടൽ, അഞ്ച് ലക്ഷം രൂപ വായ്പ ആവശ്യമുള്ളിടത്ത് ഒന്നര ലക്ഷം രൂപ മാത്രം അനുവദിക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ പലരും പങ്കുവെച്ചതായി അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, അസം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ബാങ്കിംഗ് സേവനങ്ങൾക്ക് ആവശ്യമായ ഡിജിറ്റൽ രേഖകളുടെ കുറവ്, ഭർത്താക്കന്മാരുടെ സിബിൽ (CIBIL) സ്കോർ കുറവായതിന്റെ പേരിൽ സ്ത്രീകൾക്ക് വായ്പ നിഷേധിക്കപ്പെടുന്നത് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ അംഗങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
വനിതകൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ പ്രത്യേക ഹെൽപ്പ്ലൈൻ സംവിധാനം ആരംഭിക്കുമെന്നും വായ്പാ വിതരണത്തിലെ അപാകതകൾ ബാങ്ക് അധികൃതരുമായി നേരിട്ട് ചർച്ച ചെയ്ത് കർശന പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ചൗഹാൻ ഉറപ്പുനൽകി. ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയോ പ്രതിമാസം 10,000 രൂപയ്ക്ക് മുകളിലോ സുസ്ഥിര വരുമാനം നേടുന്ന സ്വയംസഹായ സംഘാംഗത്തെയാണ് ലക്ഷ്പതി ദീദിയായി കണക്കാക്കുന്നത്.
---------------
Hindusthan Samachar / Roshith K