Enter your Email Address to subscribe to our newsletters

Ernakulam , 04 സെപ്റ്റംബര് (H.S.)
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിൻ സഹോദരങ്ങളുടെ ആവശ്യം ഹൈക്കോടതി തള്ളി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾക്ക് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതികളോട് ഈ മാസം ഏഴിന് ഹാജരാകാനും നിർദേശിച്ചു.
ഒരേ സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്നായിരുന്നു പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ വാദത്തെ സർക്കാർ ശക്തമായി എതിർത്തു. ചോറ്റാനിക്കരയിലേത് വഞ്ചനാക്കേസാണെന്നും വയനാട്ടിലുള്ളത് വനംവകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും. വിചാരണ നടപടികൾ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇത് നാലാം തവണയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുന്നത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബിഎൻഎസ്എസ്) 233-ാം വകുപ്പ് അനുസരിച്ച് ഒരേ കുറ്റകൃത്യങ്ങളുള്ള നിരവധി കേസുകളുണ്ടെങ്കിൽ അവ ഒരുമിച്ച് വിചാരണ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഈ മാസം ഏഴിന് കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി പ്രതികൾ ഹാജരാകണമെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഒന്നാം പ്രതി റോജി അഗസ്റ്റിൻ നേരിട്ടും ജോസ് കുട്ടി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവർ വീഡിയോ കോൺഫറൻസിങ് മുഖേനയും ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
വിശ്വാസവഞ്ചനയും മരംമുറി കേസും
വയനാട്ടിലെ മുട്ടിലിൽ നിന്നും അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിൻ്റെ പാസുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിൽപന നടത്തി വിശ്വാസവഞ്ചന കാണിച്ചെന്നാണ് ചോറ്റാനിക്കരയിലുള്ള കേസ്. കമ്പനി ഉടമയായ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021ലാണ് റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതികളാക്കി കേസെടുത്തത്. പ്രതികൾക്കെതിരെ കൂട്ടായ വിശ്വാസവഞ്ചന പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇവർ കേസിൽ വിചാരണ നേരിടണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി കൊള്ളകളിലൊന്നായാണ് മുട്ടിൽ മരംമുറി കേസ് വിലയിരുത്തപ്പെടുന്നത്. വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ പട്ടയഭൂമിയിൽ നിന്നിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന നൂറുകണക്കിന് ഈട്ടിത്തടികളാണ് പ്രതികൾ അനധികൃതമായി മുറിച്ചുകടത്തിയത്.
കർഷകരെ തെറ്റിദ്ധരിപ്പിച്ചും സർക്കാർ ഉത്തരവുകളിലെ പഴുതുകൾ മുതലെടുത്തുമാണ് അഗസ്റ്റിൻ സഹോദരങ്ങൾ വൻ മരംകൊള്ളയ്ക്ക് നേതൃത്വം നൽകിയത്. റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ തട്ടിപ്പ് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ വൈകിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR