Enter your Email Address to subscribe to our newsletters

Kozhikode , 04 സെപ്റ്റംബര് (H.S.)
സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് (ഐഐഎംകെ) സംഘടിപ്പിക്കുന്ന ദ്വിദിന തന്ത്രപ്രധാന നേതൃത്വ ശിൽപശാലയായ 'റീഇമാജിനിങ് കേരളം' കാമ്പസിൽ ആരംഭിച്ചു. ഐഐഎംകെ കാമ്പസിലെ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് സെൻ്റർ ക്ലാസ് ഒന്നിൽ നടക്കുന്ന പരിപാടി രാവിലെ ഒൻപതിന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുകയാണ് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ശിൽപശാലയുടെ ലക്ഷ്യം.
മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ മുഴുവൻ മന്ത്രിസഭാംഗങ്ങളും ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒഎസ്ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ എന്നിവരും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഐഐഎംകെ അധ്യാപകരും രാജ്യാന്തര വിദഗ്ധരുമാണ് വിവിധ സെഷനുകൾ നയിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം രാവിലെ 9.30ന് ഐഐഎംകെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി ആദ്യ സെഷൻ നയിച്ചു. കൃത്രിമബുദ്ധിയുടെ കാലത്തെ നേതൃത്വം എന്ന വിഷയത്തിലായിരുന്നു ക്ലാസ്.
സുസ്ഥിര മാറ്റങ്ങൾക്ക് പുതിയ നയങ്ങൾനിലവിലെ വികസന നേട്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം കേരളത്തിൻ്റെ ഭാവിയെ സ്വാധീനിക്കുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. നയങ്ങളെ ജനജീവിതത്തിലെ സുസ്ഥിര മാറ്റങ്ങളാക്കി മാറ്റുന്നതിനുള്ള സമീപനങ്ങൾ, കാലാവസ്ഥ വ്യതിയാനം, സമൂഹാധിഷ്ഠിത ദുരന്തനിവാരണം, പൊതുജനാരോഗ്യം, വയോജന സമൂഹം, സിൽവർ ഇക്കോണമി, സാമ്പത്തിക മേഖല, തൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, കേരളത്തിൻ്റെ ആഗോള ബ്രാൻഡിങ് തുടങ്ങിയ വിഷയങ്ങൾ ക്യാമ്പിൽ ചർച്ച ചെയ്യും.
ആദ്യദിനത്തിൽ കേരളത്തെ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിനുള്ള സാധ്യതകളും സിൽവർ ഇക്കോണമി മിഷനും ചർച്ചയാകും. പൊതുജനാരോഗ്യത്തിൻ്റെ ഭാവി സംബന്ധിച്ച സെഷനിൽ നാരായണ ഹെൽത്ത് സ്ഥാപകൻ ഡോ. ദേവി ഷെട്ടി പങ്കെടുക്കും. ജപ്പാനിലെ കിയോ സർവകലാശാലയിലെ പ്രൊഫ. രാജിബ് ഷാ, ലണ്ടൻ കിങ്സ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ചയൻ ബാനർജി തുടങ്ങിയ അന്തർദേശീയ വിദഗ്ധരും വിവിധ സെഷനുകളിൽ ഭാഗമാകും. ഭരണനയങ്ങൾ സമൂഹത്തിൽ സുസ്ഥിരമായ മാറ്റങ്ങളായി എങ്ങനെ പരിവർത്തനം ചെയ്യാമെന്നതും ആഗോള മികച്ച മാതൃകകളും ഇവർ പങ്കുവയ്ക്കും.
ലക്ഷ്യം കേരളത്തിൻ്റെ ആഗോള ബ്രാൻഡിങ്കേരളത്തെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും പുനർവിഭാവനം ചെയ്യാനും ലക്ഷ്യമിട്ടാണ് ശിൽപശാല ആരംഭിച്ചതെന്ന് ഐഐഎം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി ഇടിവി ഭാരതിനോട് പറഞ്ഞു. പുതിയ തലമുറയുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി കേരളം എന്ന ആഗോള ബ്രാൻഡിനെ കൂടുതൽ കരുത്തോടെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
ദേശീയ തലത്തിലുള്ള വികസന കാഴ്ചപ്പാടായ വിഷൻ 2047ഉം സംസ്ഥാനത്തിൻ്റെ തനതായ ആശയങ്ങളും സമന്വയിപ്പിച്ച് കൂടുതൽ പുരോഗമനപരവും കാര്യക്ഷമവുമായ ഒരു ആഗോള സമൂഹമായി കേരളത്തെ മാറ്റുകയാണ് ചർച്ചകളുടെ പ്രധാന പ്രമേയം. ഭാവി വികസനം ഏതാനും തലമുറകളിൽ മാത്രം ഒതുങ്ങാതെ സുസ്ഥിരമായി നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള ശാശ്വത പരിഹാരങ്ങളുമാണ് ശിൽപശാലയിൽ പ്രധാനമായും ഉയർന്നുവരിക. പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യ, കൃത്രിമബുദ്ധിയുടെ വളർച്ച, കുടിയേറ്റവും പ്രവാസി പണമയയ്ക്കലിലെ മാറ്റങ്ങളും, വർധിച്ചുവരുന്ന ധനകാര്യ സമ്മർദങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തും.
വയോജനങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് ഉറപ്പാക്കുന്ന രീതിയിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ചർച്ചയാകും. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുക, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിൻ്റെ ആഗോള കേന്ദ്രമാക്കി മാറ്റുക, വിദ്യാർഥികളുടെയും യുവാക്കളുടെയും വിദേശത്തേക്കുള്ള കുടിയേറ്റ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ കർമപദ്ധതികൾ രൂപീകരിക്കും.
പരമ്പരാഗത ക്ലാസ് മുറി പരിശീലനത്തിന് പകരം വിദഗ്ധരും നയരൂപീകരണ ചുമതലയുള്ളവരും തമ്മിലുള്ള സംവാദത്തിനും ആശയവിനിമയത്തിനുമാണ് ക്യാമ്പിൽ പ്രാധാന്യം നൽകുന്നത്. ആഗോള വ്യവസായ സ്ഥാപനങ്ങൾക്ക് ഉപദേശം നൽകുന്നതിൽ ഐഐഎമ്മിലെ അധ്യാപകർക്കുള്ള വലിയ പരിചയസമ്പത്ത് സംസ്ഥാന ഭരണത്തിന് ലഭ്യമാക്കാൻ സ്ഥാപനം തയാറാണ്.
അതോടൊപ്പം വലിയൊരു ജനവിഭാഗത്തെ നയിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ഭരണപരിചയത്തിൽ നിന്നുള്ള അനുഭവപാഠങ്ങൾ പഠിക്കാൻ ഐഐഎമ്മിനും ഇതിലൂടെ സാധിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാരിൻ്റെ കാലത്ത് നേതൃത്വ മികവിനെക്കുറിച്ച് ഒരു ദിവസത്തെ ചർച്ച നടന്നിരുന്നു. കൃത്യം 15 വർഷങ്ങൾക്ക് ശേഷമാണ് ഐഐഎം കോഴിക്കോട് വീണ്ടുമൊരു സംസ്ഥാന മന്ത്രിസഭയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR