Enter your Email Address to subscribe to our newsletters

Thiruvananthapuram, 04 സെപ്റ്റംബര് (H.S.)
സീബ്രാ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതനിയമങ്ങൾ പാലിക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കുന്നതിനുമായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ആയിരത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാന പൊലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 20 മുതൽ 25 വരെയാണ് വൈറ്റ്ലൈൻ ലൈഫ്ലൈൻ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയത്.
ആറുദിവസം നീണ്ടുനിന്ന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 55,207 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. സീബ്രാ ക്രോസിങ്ങിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക, മറ്റ് ഗതാഗതനിയമങ്ങൾ ലംഘിക്കുക തുടങ്ങിയവ ഉൾപ്പെടെ 1,038 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഈ വാഹനങ്ങളിൽനിന്നായി ആകെ 2,50,631 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പരിശോധന സംഘടിപ്പിച്ചത്. തിരക്കേറിയ പ്രധാന ജംക്ഷനുകളിൽ പ്രത്യേക എൻഫോഴ്സ്മെൻ്റ് സംഘങ്ങളെ വിന്യസിച്ച് സീബ്രാ ക്രോസിങ്ങുകളിലെ വാഹനങ്ങളുടെ പെരുമാറ്റം നിരീക്ഷിച്ചു. കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാ ക്രോസിങ്ങിൽ പ്രവേശിക്കുമ്പോൾ വാഹനങ്ങൾ നിർത്തുകയും അവർക്ക് സുരക്ഷിതമായി കടന്നുപോകാൻ അവസരം നൽകുകയും ചെയ്യണമെന്ന നിയമം കർശനമായി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
സീബ്രാ ക്രോസിങ്ങുകളിലെ നിയമലംഘനങ്ങൾ കാൽനടയാത്രക്കാരുടെ ജീവന് നേരിട്ട് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പൊലീസ് പ്രത്യേക പരിശോധനയ്ക്ക് പ്രാധാന്യം നൽകിയത്. വാഹനങ്ങൾ സീബ്രാ ക്രോസിങ്ങിന് മുകളിൽ നിർത്തുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് ഇൻസ്പെക്ടർ ജനറലിൻ്റെ നിർദേശപ്രകാരം, ജില്ല പൊലീസ് മേധാവികൾ, ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പ്രത്യേക പരിശോധന നടത്തിയത്. സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പൊലീസിൻ്റെ തീരുമാനം. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സീബ്രാ ക്രോസിങ്ങുകളിൽ പരിശോധനയും എൻഫോഴ്സ്മെൻ്റ് നടപടികളും തുടരുമെന്നും പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾക്ക് വിവരമറിയിക്കാം
റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ സഹകരണവും പൊലീസ് അഭ്യർഥിച്ചു. ഗതാഗതനിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099ൽ വിവരമറിയിക്കാം. നിയമലംഘനത്തിൻ്റെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയ്ക്കൊപ്പം സംഭവം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന നമ്പർ എന്നിവയും സന്ദേശത്തിൽ ഉൾപ്പെടുത്തണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന ഇത്തരം വിവരങ്ങൾ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തുന്നതിനും സഹായകമാകുമെന്ന് പൊലീസ് വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR