Enter your Email Address to subscribe to our newsletters

Thiruvananthapuram, 04 സെപ്റ്റംബര് (H.S.)
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിലെ (കെഎസ്എഫ്ഇ) ചിട്ടി, വായ്പാ കുടിശികകൾ തീർപ്പാക്കുന്നതിനായി സർക്കാർ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. നികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മൂന്ന് മാസത്തെ കാലാവധിയുണ്ടായിരിക്കും.
നേരത്തെ നടപ്പിലാക്കിയ 'ഇളവ്-2026' പദ്ധതിയിലൂടെ ആകെ 476.37 കോടി രൂപ പിരിച്ചെടുക്കാൻ സാധിച്ചിരുന്നു. ഇതിനുശേഷവും പലിശയിളവ് ലഭിച്ചാൽ കുടിശിക അടച്ചുതീർക്കാൻ താത്പര്യമറിയിച്ച് നിരവധി ഇടപാടുകാർ സമീപിച്ച സാഹചര്യത്തിലാണ് 2025 മാർച്ചിന് മുമ്പ് കുടിശികയായ അക്കൗണ്ടുകൾക്കായി പുതിയ ഇളവ് പദ്ധതി അവതരിപ്പിച്ചത്.
പലിശയിളവ് നിരക്കുകൾ
2020 ഏപ്രിൽ ഒന്നിന് മുമ്പ് കുടിശികയായ ചിട്ടി പലിശയ്ക്കും വായ്പാ പിഴപ്പലിശയ്ക്കും 60% ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ളവയ്ക്ക് 50% ഇളവും 2022 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയുള്ള കുടിശികയ്ക്ക് 40% ഇളവുമാണ് നൽകുന്നത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് 31 വരെയുള്ളതിന് 30 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
പദ്ധതി പൂർണമായും സോഫ്റ്റ്വെയർ അധിഷ്ഠിതമായിരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം ഒരു കുടിശികക്കാരന് ലഭിക്കുന്ന പരമാവധി ആനുകൂല്യം നോൺ-ആർ ആർ അക്കൗണ്ടുകൾക്ക് 15 ലക്ഷം രൂപയും ആർ ആർ അക്കൗണ്ടുകൾക്ക് 20 ലക്ഷം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്.
തവണകളായി അടക്കാം
ഒറ്റത്തവണയായി അക്കൗണ്ട് അവസാനിപ്പിക്കേണ്ടതാണെങ്കിലും അർഹരായവർക്ക് പദ്ധതി കാലാവധിക്കുള്ളിൽ തവണകളായി തുക അടച്ചുതീർക്കാം. പദ്ധതി കാലയളവിൽ പൂർണമായി അടച്ചു തീർക്കുന്ന ആർ ആർ അക്കൗണ്ടുകളിൽ കലക്ഷൻ ചാർജ് 1 ശതമാനമായി കുറച്ചിട്ടുണ്ട്.
വ്യക്തിഗത വായ്പ, ഭവന വായ്പ ,വാഹന വായ്പ, പ്രത്യേക കാർ വായ്പ, വെഹിക്കിൾ അല്ലെങ്കിൽ കൺസ്യൂമർ ഡ്യൂറബിൾ ലോൺ (വിഡിഎൽ), പ്രവാസി ഭദ്രത മൈക്രോ സ്കീം എന്നീ വായ്പകളുടെ പിഴപ്പലിശയിൽ പരമാവധി 60% വരെ ഇളവ് ലഭിക്കും. എന്നാൽ വ്യക്തിഗത, ഭവന വായ്പകളുടെ തവണ തുകയിൽ ഇളവ് ലഭിക്കില്ല.
സ്ഥാപനത്തെ മനഃപൂർവം വഞ്ചിച്ച കേസുകൾ, കെഎസ്എഫ്ഇ ജീവനക്കാരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും അക്കൗണ്ടുകൾ/ജാമ്യങ്ങൾ എന്നിവ ഈ പദ്ധതിയിൽ പരിഗണിക്കില്ല. കോടതിയിലുള്ള കേസുകൾ സമ്മതപത്രത്തോടെ തീർപ്പാക്കാം. ഇളവ് ലഭിക്കുന്ന കുടിശികക്കാരുടെ പാൻ നമ്പർ നിർബന്ധമായും രജിസ്റ്ററിൽ രേഖപ്പെടുത്തണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR