പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായി കണക്കുകൾ
Thiruvananthapuram , 04 സെപ്റ്റംബര് (H.S.) പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായി കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഹ്രസ്വകാല കരാറുകളിലൂടെയും പവർ എക്സ്ചേഞ്ചിലൂടെയും 1,190 കോടി രൂപയ
Kseb


Thiruvananthapuram , 04 സെപ്റ്റംബര് (H.S.)

പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ കെഎസ്ഇബിക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുന്നതായി കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഹ്രസ്വകാല കരാറുകളിലൂടെയും പവർ എക്സ്ചേഞ്ചിലൂടെയും 1,190 കോടി രൂപയുടെ വൈദ്യുതിയാണ് ബോർഡ് വാങ്ങിയത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതുമൂലമുള്ള അധികബാധ്യത ഒടുവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

ഇതിനുപുറമെ ഈ മാസം മുതൽ അടുത്തവർഷം മേയ് വരെ ഹ്രസ്വകാല കരാറുകളിലൂടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി തേടി കെഎസ്ഇബി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. യൂണിറ്റിന് 2.50 രൂപ മുതൽ 9.30 രൂപ വരെ വില വരുന്ന കരാറുകളാണിവ. 85 കോടി യൂണിറ്റ് വൈദ്യുതി വാങ്ങുന്നതിനായി 742.52 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണ് ബോർഡിൻ്റെ കണക്കുകൂട്ടൽ.

റെഗുലേറ്ററി കമ്മിഷൻ്റെ വിമർശനം

കരാറുകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ കെഎസ്ഇബിയുടെ വാദങ്ങളിൽ റെഗുലേറ്ററി കമ്മിഷൻ സംശയം പ്രകടിപ്പിച്ചു. വൈദ്യുതിവില കുറയ്ക്കുന്നതിനുള്ള സാധ്യതകൾ പരമാവധി പരിശോധിക്കണമെന്നും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ അനുമതി നൽകാവൂ എന്നുമാണ് കമ്മിഷൻ്റെ നിലപാട്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി (സെക്കി) ഉണ്ടാക്കിയ കരാർ സമയബന്ധിതമായി നടപ്പാക്കാത്തതിനും ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തിയതിനും കമ്മിഷൻ കെഎസ്ഇബിയെ രൂക്ഷമായി വിമർശിച്ചു. സ്വന്തം വൈദ്യുതി ഉത്പാദനശേഷിയും ലഭ്യമായ വിഭവങ്ങളും കാര്യക്ഷമമായി വിനിയോഗിക്കുന്നതിനുപകരം എല്ലായ്പ്പോഴും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് ബോർഡ് മുൻഗണന നൽകുന്നതെന്ന് റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി കെ ജോസ് കുറ്റപ്പെടുത്തി.

സെക്കിയുമായുള്ള കരാർ പ്രകാരം യൂണിറ്റിന് 3.50 രൂപ നിരക്കിൽ രാത്രികാല വൈദ്യുതി ലഭ്യമാകുമായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ അന്തർസംസ്ഥാന പ്രസരണ ലൈനിലെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഈ വൈദ്യുതി അടുത്തവർഷം മാർച്ച് മുതലേ ലഭ്യമാകൂ എന്നാണ് ബോർഡിൻ്റെ വിശദീകരണം. പുതിയ ഹ്രസ്വകാല കരാറുകൾ നടപ്പാക്കുന്നതിലൂടെ വൈദ്യുതി നിരക്കിൽ ഉണ്ടാകുന്ന അധികബാധ്യത എത്രയാണെന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എത്ര നിരക്കിലാണ് വൈദ്യുതി വാങ്ങുന്നതെന്നും മുടങ്ങിക്കിടക്കുന്ന ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ എപ്പോൾ പൂർത്തിയാക്കാനാകുമെന്നും വിശദമായ വിവരങ്ങൾ നൽകാൻ കമ്മിഷൻ ആവശ്യപ്പെട്ടു.

കെഎസ്ഇബിയുടെ അനാസ്ഥയോ വീഴ്ചയോ മൂലം ഉണ്ടാകുന്ന അധികചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ അനുവദിക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പകൽസമയത്ത് വൈദ്യുതി ആവശ്യകത കുറവായതിനാൽ വാങ്ങുന്ന വൈദ്യുതിയുടെ മുഴുവൻ അളവും ഉപയോഗപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അതിനാൽ പകൽ സമയത്തെ ജലവൈദ്യുതി ഉത്പാദനം കുറച്ച് വെള്ളം രാത്രികാല ഉത്പാദനത്തിനായി സംഭരിക്കുന്ന തരത്തിൽ ക്രമീകരിക്കാൻ കഴിയുമോയെന്നും കമ്മിഷൻ ചോദിച്ചു.

ഗുജറാത്തുമായി താരതമ്യം വേണ്ട

വൈദ്യുതി വാങ്ങൽ കരാറുകളിലെ നിരക്ക് താരതമ്യം ചെയ്യുമ്പോൾ ഗുജറാത്തിനെ മാനദണ്ഡമാക്കേണ്ടതില്ലെന്ന് ടി കെ ജോസ് വ്യക്തമാക്കി. ഗുജറാത്ത് അംഗീകരിച്ച ചില കരാറുകളിൽ യൂണിറ്റിന് 20 രൂപ വരെ നിരക്ക് ഉണ്ടായിരുന്നുവെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേരളത്തിൻ്റെ വൈദ്യുതി വാങ്ങൽ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നിരക്കുകളുമായിട്ടായിരിക്കണമെന്നാണ് കമ്മിഷൻ്റെ നിലപാട്.

വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടികൾക്കൊപ്പം കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ദീർഘകാല സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു. നിലവിലെ ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നൽകുന്നതിന് മുൻപ് അവയുടെ സാമ്പത്തിക ബാധ്യതയും കെഎസ്ഇബിയുടെ ആഭ്യന്തര വൈദ്യുതി വിഭവങ്ങളുടെ ഉപയോഗവും വിശദമായി പരിശോധിക്കാനാണ് തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News