അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെയും ക്രമീകരണങ്ങളിലെയും ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു
Thiruvananthapuram, 04 സെപ്റ്റംബര് (H.S.) ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെയും ക്രമീകരണങ്ങളിലെയും ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേ
ADGP P VIJAYAN SIT


Thiruvananthapuram, 04 സെപ്റ്റംബര് (H.S.)

ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജൻ്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെയും ക്രമീകരണങ്ങളിലെയും ക്രമക്കേടുകൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. എ.ഡി.ജി.പി പി. വിജയൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് നടപടി.

അഞ്ചംഗ സംഘത്തിന് പി. വിജയൻ്റെ നേതൃത്വംവകുപ്പുതല അന്വേഷണത്തിന് അപ്പുറമുള്ള സമഗ്രമായ പരിശോധന ആവശ്യമാണെന്ന സ്പെഷ്യൽ സെക്രട്ടറിയുടെ ശുപാർശയെ തുടർന്നാണ് പുതിയ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി പി. വിജയൻ്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപീകരിച്ചത്. ഇൻ്റേണൽ സെക്യൂരിറ്റി ഐ.ജി എസ്. സതീഷ് ബിനോ, കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരായ ഷൈജു പി.എൽ, മാത്യു എന്നിവരാണ് സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥർ. ആവശ്യമെങ്കിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിൻ്റെ തലവന് അധികാരമുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കും സാമ്പത്തിക ഇടപാടുകളുംഅർജൻ്റീന ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ക്രമീകരണങ്ങൾക്കായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷനെ (ആർ.ബി.സി) തിരഞ്ഞെടുത്ത നടപടിയും അതിന് പിന്നിലെ സാഹചര്യങ്ങളും പ്രധാനമായും അന്വേഷണ വിധേയമാകും. ഇതിന് പുറമെ ഗോട്ട് ആഡ് ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടനിലക്കാരുടെയും പങ്കും സംഘം വിലയിരുത്തും. ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് സർക്കാർ സംവിധാനത്തിൽ നിന്ന് അനർഹമായ ആനുകൂല്യമോ സാമ്പത്തിക നേട്ടമോ ലഭിച്ചിട്ടുണ്ടോയെന്നും അതുവഴി സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. സ്പോൺസർഷിപ്പ് തുക ഉൾപ്പെടെയുള്ള ഫണ്ടുകളുടെ ഉറവിടം, വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ വരും.

സർക്കാർ ഇളവുകളും കരാറുകളുംസർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുസ്വത്തുക്കളുടെ ഉപയോഗം എന്നിവ ഏത് സാഹചര്യത്തിലാണ് അനുവദിച്ചതെന്നും എസ്.ഐ.ടി പരിശോധിക്കും. വിദേശയാത്രകൾ, ആശയവിനിമയങ്ങൾ, നൽകിയ ഉറപ്പുകൾ എന്നിവയും അന്വേഷണത്തിൻ്റെ ഭാഗമാകും. അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (എ.എഫ്.എ) ഉണ്ടാക്കിയ കരാറുകളും അവയുടെ പശ്ചാത്തലവും സംഘം വിലയിരുത്തും. സ്വകാര്യ കരാറുകളിൽ സർക്കാരിൻ്റെ പേരും അധികാരവും എങ്ങനെ ഉൾപ്പെട്ടുവെന്നും അന്വേഷിക്കും. കൊച്ചി ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം കൈമാറിയതും അവിടെ നടത്തിയ പ്രവൃത്തികളും ചെലവുകളും പ്രത്യേകമായി പരിശോധിക്കും. വിവിധ ഘട്ടങ്ങളിൽ പ്രവർത്തിച്ച സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ എന്നിവരുടെ ഉത്തരവാദിത്തവും സംഘം വിലയിരുത്തും.

അഴിമതി നിരോധന നിയമപ്രകാരം നടപടി

ഇടപാടുകളുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള ഏതെങ്കിലും നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്നും എസ്.ഐ.ടി പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. നിയമനടപടി ആവശ്യമായ സാഹചര്യങ്ങളിൽ വേഗത്തിൽ തുടർനടപടികൾ സ്വീകരിക്കാനും അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. അർജൻ്റീന ടീമിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ഇടപാടുകളിലെയും സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തത്തിലെയും സംശയങ്ങൾക്ക് ഈ സമഗ്ര അന്വേഷണത്തിലൂടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News