Enter your Email Address to subscribe to our newsletters

Kozhikode , 04 സെപ്റ്റംബര് (H.S.)
ചേവായൂർ മഠത്തിൽമുക്കിൽ കാറിന് തീപിടിച്ച് മധ്യവയസ്കൻ വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. റിയൽ എസ്റ്റേറ്റ്, വാഹന ഇടപാടുകാരനായ ചേവായൂർ സ്വദേശി സി.പി സുധാകരൻ (65) ആണ് മരിച്ചത്. മരണകാരണം സംബന്ധിച്ച് പൊലീസിന് ഇതുവരെ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സിസിടിവി ദൃശ്യങ്ങൾ
സംഭവം നടന്ന മഠത്തിൽപറമ്പ് ഗോഡൗണിന് സമീപമുള്ള റോഡിൽനിന്ന് മരിച്ച സുധാകരൻ്റെ വീട്ടിലേക്ക് ഏകദേശം മുന്നൂറ് മീറ്റർ ദൂരം മാത്രമേയുള്ളൂ. വലിയ ഇറക്കത്തിലൂടെ പതിയെ വരുന്ന കാറിൻ്റെ ദൃശ്യങ്ങൾ റോഡരികിലെ ഗോഡൗണിലുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗോഡൗണിന് സമീപത്തെ ട്രാൻസ്ഫോർമറിന് മുന്നിലെത്തിയ കാർ അവിടെ അൽപനേരം നിർത്തുന്നതും, പിന്നീട് മുന്നോട്ടെടുത്തതിന് പിന്നാലെ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ബിസിനസ് ആവശ്യങ്ങൾക്കായി കൊയിലാണ്ടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുമ്പോൾ കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. തീ ആളിപ്പടർന്നതിനാൽ ആർക്കും വാഹനത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പെട്രോൾ കന്നാസ് കണ്ടെത്തി
ആദ്യഘട്ടത്തിൽ വാഹനം മതിലിലിടിച്ച് സ്വാഭാവികമായി തീപിടിച്ചതാകാം എന്നാണ് കരുതിയിരുന്നത്. എന്നാൽ മെഡിക്കൽ കോളജ് പൊലീസ് നടത്തിയ പരിശോധനയിൽ ട്രാൻസ്ഫോർമറിന് സമീപത്തുനിന്ന് അഞ്ച് ലിറ്ററിൻ്റെ പെട്രോൾ അടങ്ങിയ കന്നാസ് കണ്ടെത്തി.
ഇതോടെയാണ് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ടായത്. കന്നാസിൻ്റെ പ്രാഥമിക പരിശോധനയിൽ പെട്രോളിൻ്റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും സുധാകരന് ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. മതിലിൽ ഇടിക്കുന്നതിന് മുൻപ് തന്നെ കാറിന് തീപിടിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശാസ്ത്രീയ പരിശോധന
മരണം സംബന്ധിച്ച വ്യക്തതയ്ക്കായി മൃതദേഹം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. മൃതദേഹത്തിൻ്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് കണ്ണൂരിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ഇതിൻ്റെ പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം സുധാകരൻ്റേത് തന്നെയാണോ എന്ന് ഉറപ്പിക്കുകയാണ് ഡിഎൻഎ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ മരണകാരണം കണ്ടെത്തുന്നതിനായി ഫൊറൻസിക് വിഭാഗത്തിൻ്റെ പരിശോധനയും കത്തിനശിച്ച കാറിലും പരിസരങ്ങളിലും നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇതിൻ്റെ ഫലവും ഉടൻതന്നെ ലഭിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ മരണകാരണം വ്യക്തമാകൂ. നിലവിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ ഫലം വന്നതിന് ശേഷം മാത്രമേ മൃതദേഹം കുടുംബത്തിന് വിട്ടുനൽകൂ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR