തായ്ലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിന് വിൽക്കപ്പെട്ട വയനാട് സ്വദേശി മ്യാൻമർ പൊലീസിൻ്റെ കസ്റ്റഡിയിലാണെന്ന് കുടുംബം.
Wayanad , 04 സെപ്റ്റംബര് (H.S.) തായ്ലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിന് വിൽക്കപ്പെട്ട വയനാട് സ്വദേശി മ്യാൻമർ പൊലീസിൻ്റെ കസ്റ്റഡിയിലാണെന്ന് കുടുംബം. കമ്പളക്കാട് കുരിക്കൾ വീട്ടിൽ മുഹമ്മദ് ഷിനാസ് (27
WAYANAD YOUTH TRAPPED IN MYANMAR


Wayanad , 04 സെപ്റ്റംബര് (H.S.)

തായ്ലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിന് വിൽക്കപ്പെട്ട വയനാട് സ്വദേശി മ്യാൻമർ പൊലീസിൻ്റെ കസ്റ്റഡിയിലാണെന്ന് കുടുംബം. കമ്പളക്കാട് കുരിക്കൾ വീട്ടിൽ മുഹമ്മദ് ഷിനാസ് (27), ഡൽഹി സ്വദേശി രാജു, മധുര സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് മ്യാൻമറിലെ മ്യാവാഡിയിൽ കുടുങ്ങിക്കിടക്കുന്നത്.

മുൻപ് രണ്ടു വർഷത്തോളം തായ്ലൻഡിൽ ജോലി ചെയ്ത് പരിചയമുള്ള ഷിനാസ് പുതിയ വിസ ലഭിച്ചതിനെത്തുടർന്നാണ് വീണ്ടും വിദേശത്തേക്ക് പോയത്. എന്നാൽ ഏജൻ്റ് ഇവരെ വഞ്ചിക്കുകയും ബോട്ട് മാർഗം മ്യാൻമറിലെ മ്യാവാഡിയിലുള്ള ഓൺലൈൻ തട്ടിപ്പ് കമ്പനിക്ക് വിൽക്കുകയുമായിരുന്നു. അവിടെയെത്തിയ ശേഷം തട്ടിപ്പ് ജോലികൾ ചെയ്യാൻ വിസമ്മതിച്ചതോടെ 60,000 തായ് ബാത്ത് നഷ്ടപരിഹാരമായി വാങ്ങി ഇവരെ ഒഴിവാക്കി.

സായുധ സംഘത്തിൻ്റെ ഭീഷണിതുടർന്ന് പുറത്തിറങ്ങിയ ഇവരെ തോക്കുധാരികളായ വ്യാജ സൈനിക സംഘം തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി 5,000 ഡോളർ നൽകിയില്ലെങ്കിൽ മറ്റ് തട്ടിപ്പ് കേന്ദ്രങ്ങൾക്ക് വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങളെ നിരീക്ഷിക്കുകയാണെന്നും ഫോട്ടോയോ ലൊക്കേഷനോ പുറത്തുവിട്ടാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വ്യക്തമാക്കി ജൂലൈ 31ന് ഷിനാസ് ശബ്ദസന്ദേശം അയച്ചിരുന്നു.

ജയിലിലെ ദുരിതംആറു ദിവസത്തെ തടങ്കലിനൊടുവിൽ മ്യാൻമർ സൈന്യം നടത്തിയ റെയ്ഡിലാണ് സായുധ സംഘത്തെയും ഷിനാസ് അടക്കം ഒൻപത് പേരെയും അറസ്റ്റ് ചെയ്തത്. എട്ടു ദിവസത്തെ സൈനിക തടവിന് ശേഷം ഇവരെ മ്യാവാഡിയിലെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. കൂടെ ജയിലിൽ കഴിയുകയും പിന്നീട് മോചിതനാവുകയും ചെയ്ത ടോഗോ പൗരനാണ് ഷിനാസ് എഴുതിയ അപേക്ഷാ കത്തിൻ്റെ ചിത്രം പിതാവ് ഷൗക്കത്തിന് വാട്സാപ്പിലൂടെ അയച്ചുകൊടുത്തത്.

മകൻ കൈപ്പടയിൽ എഴുതിയ കത്ത് ദിവസങ്ങൾക്ക് മുൻപാണ് ലഭിച്ചതെന്നും അവിടെ കുടിവെള്ളമോ ഭക്ഷണമോ ഇല്ലാതെ അവർ കടുത്ത ദുരിതത്തിലാണെന്നും ഷിനാസിൻ്റെ പിതാവ് ഷൗക്കത്ത് വ്യക്തമാക്കി. അടിയന്തര നയതന്ത്ര ഇടപെടലുണ്ടായില്ലെങ്കിൽ അവരുടെ മോചനം അസാധ്യമാകുമെന്നും വിദേശകാര്യ മന്ത്രാലയം ഉടനടി ഇടപെട്ട് മകനെയും മറ്റ് രണ്ട് ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാസ്പോർട്ടും ലഗേജും നഷ്ടപ്പെട്ട അവസ്ഥയിൽ ഇമിഗ്രേഷൻ നടപടികൾ മാസങ്ങളോളം നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ അടിയന്തര നയതന്ത്ര സഹായമാണ് അനിവാര്യം. ഷിനാസിൻ്റെ കുടുംബം കമ്പളക്കാട് പൊലീസ് സ്റ്റേഷൻ, നോർക്ക, ഇന്ത്യൻ എംബസി, ടി സിദ്ദിഖ് എംഎൽഎ എന്നിവർക്ക് പരാതി നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടലിനായി കാത്തിരിക്കുകയാണ്.

തായ്ലൻഡിൽ ഡാറ്റാ എൻട്രി ജോലികൾ വാഗ്ദാനം ചെയ്ത് യുവാക്കളെ മ്യാൻമറിലെ മ്യാവാഡിയിലുള്ള സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് കടത്തുന്നത് വ്യാപകമാണ്. സായുധ വിമതരുടെ നിയന്ത്രണത്തിലുള്ള ഈ മേഖലയിൽ കുടുങ്ങിയ നിരവധി ഇന്ത്യക്കാരെ മുൻപ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് ഇന്ത്യൻ എംബസി നിരന്തരം മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് പുതിയ സംഭവം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News