Enter your Email Address to subscribe to our newsletters

Kathmandu, 04 സെപ്റ്റംബര് (H.S.)
നേപ്പാളിലെ റസുവയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1275 ആയി. ദുരന്തത്തിൽ 275 ഇന്ത്യക്കാർ ഉൾപ്പെടെ 5083 പേരെയാണ് നേപ്പാളിൽ മാത്രം കാണാതായിട്ടുള്ളത്. കാണാതായ ഇന്ത്യക്കാരെ കണ്ടെത്താൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.
കാണാതായ 275 ഇന്ത്യൻ പൗരന്മാരെ കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ പ്രധാന പരിഗണന. ഇതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള അംഗീകൃത ഫൊറൻസിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ താമസിക്കുന്ന ബന്ധുക്കളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.
ഡിഎൻഎ പ്രൊഫൈലിങ് പൂർത്തിയായാൽ ഈ വിവരങ്ങൾ നേപ്പാൾ പൊലീസുമായും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുമായും പങ്കുവയ്ക്കും. ഇതിലൂടെ മൃതദേഹങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും. ബന്ധുക്കൾക്ക് വിവരങ്ങൾ അറിയുന്നതിനായി വിദേശകാര്യ മന്ത്രാലയം പ്രത്യേക ഹെൽപ്ലൈൻ നമ്പറുകളും പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 26നാണ് നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയമുണ്ടായത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1275 പേരുടെ മരണം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിവരെയുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിആർആർഎംഎ) കണക്കുകൾ പ്രകാരം ചിറ്റ്വാനിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് (355). നവൽപരാസി ഈസ്റ്റ് (218), നവൽപരാസി വെസ്റ്റ് (212), നുവാകോട്ട് (177), റസുവ (127), ഗൂർഖ (72), ധാഡിങ് (60), തനഹുൻ (38) എന്നിവിടങ്ങളിലാണ് മറ്റ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അതേസമയം, ടിബറ്റ് മേഖലയിൽ എത്രപേർ മരിച്ചുവെന്നോ എത്രപേരെ കാണാതായെന്നോ സംബന്ധിച്ച് ചൈനീസ് ഭരണകൂടം ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരാഴ്ച പിന്നിട്ടിട്ടും പലയിടങ്ങളിലും ഇപ്പോഴും തിരച്ചിൽ സംഘത്തിന് എത്തിച്ചേരാൻ സാധിക്കാത്തത് വലിയ വെല്ലുവിളിയാണ്.
തുടരുന്ന ഇന്ത്യൻ സഹായംദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ത്യയുടെ സഹായം ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ച രാത്രിയോടെ 21.5 ടൺ അവശ്യവസ്തുക്കളുമായി ആറാമത്തെയും ഏഴാമത്തെയും സി-130ജെ വിമാനങ്ങൾ കാഠ്മണ്ഡുവിൽ എത്തി. ഫൊറൻസിക് കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്ന ഈ സഹായം നേപ്പാൾ ശാസ്ത്ര സാങ്കേതിക മന്ത്രി മഹാബീർ പുന്നിന് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം എക്സിലൂടെ അറിയിച്ചു. റസുവയിലെ പ്രളയബാധിതർക്കുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും വ്യക്തമാക്കി.
ദുരന്തമുണ്ടായതിന് പിന്നാലെ തന്നെ ഇന്ത്യ രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് 26ന് 10 ടൺ സഹായവുമായാണ് ആദ്യ വിമാനമെത്തിയത്. താത്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, സോളാർ ലൈറ്റുകൾ, മരുന്നുകൾ എന്നിവ ഇതിലുണ്ടായിരുന്നു.
ഓഗസ്റ്റ് 27ന് 37.5 ടൺ വസ്തുക്കളുമായി രണ്ടാമത്തെ വിമാനവും, 10 ടൺ വസ്തുക്കളുമായി മൂന്നാമത്തെ വിമാനവും എത്തി. ഓഗസ്റ്റ് 30ന് എത്തിയ നാലാമത്തെ വിമാനത്തിൽ 11 ടൺ സഹായത്തിന് പുറമെ തിരച്ചിലിനുള്ള സാങ്കേതിക ഉപകരണങ്ങളും ഡിഎൻഎ പരിശോധനയ്ക്കുള്ള ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഉണ്ടായിരുന്നു. സെപ്റ്റംബർ രണ്ടിന് 11 അംഗ രക്ഷാപ്രവർത്തകരെയും 5.5 ടൺ മരുന്നുകളുമായാണ് അഞ്ചാമത്തെ വിമാനം നേപ്പാളിലെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR