Enter your Email Address to subscribe to our newsletters

Kannur , 04 സെപ്റ്റംബര് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുടെ വസതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന പൊലീസ് സുരക്ഷയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു. സംസ്ഥാനത്ത് പൊലീസ് സേനയിൽ അംഗബലം കുറവായ സാഹചര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുരക്ഷാ വിന്യാസമെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി.
കണ്ണൂർ ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളായ മുൻ സ്പീക്കർ എ.എൻ ഷംസീർ, ഇ.പി ജയരാജൻ, പി ജയരാജൻ എന്നിവർക്കും പ്രതിപക്ഷ നേതാവിനും നൽകുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് നിലവിൽ വിവാദമായിരിക്കുന്നത്. പിണറായി വിജയൻ്റെ വസതിക്ക് മുന്നിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയാണ് കാവലിനായി നിയോഗിച്ചിട്ടുള്ളത്. പി ജയരാജന് നാലും എ.എൻ ഷംസീറിന് മൂന്നും ഇ.പി ജയരാജന് രണ്ടും പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇത്രയും ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തക്കവണ്ണമുള്ള സുരക്ഷാ ഭീഷണി ഈ നേതാക്കൾക്കുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കൃത്യമായ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെയോ ഔദ്യോഗിക വിലയിരുത്തലിൻ്റെയോ അടിസ്ഥാനത്തിലാണോ ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.
മാനദണ്ഡങ്ങൾ പാലിക്കണംമുൻ സ്പീക്കറായ എ.എൻ ഷംസീർ നിലവിൽ കണ്ണൂരിലാണ് താമസിക്കുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ തലശ്ശേരിയിലുള്ള വസതിക്ക് മുന്നിൽ ഇപ്പോഴും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കാവലിനായി നിർത്തിയിരിക്കുകയാണെന്നും ഇവർക്ക് യാതൊരു ചുമതലകളുമില്ലെന്നും കെഎസ്യു ചൂണ്ടിക്കാട്ടുന്നു.
കൂടാതെ നിലവിൽ എംഎൽഎമാർ പോലുമല്ലാത്ത ഇ.പി ജയരാജൻ, പി ജയരാജൻ, എ.എൻ ഷംസീർ എന്നിവർക്ക് എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും വലിയ സുരക്ഷ നൽകുന്നതെന്നും ചോദ്യമുയരുന്നുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ വസതിയിൽ എട്ട് പൊലീസുകാരുടെ സേവനം അനിവാര്യമാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ നിയോഗിച്ചതിൽ ബാഹ്യമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പൊലീസ് സേനയിൽ ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ നേതാക്കൾക്ക് അനർഹമായ രീതിയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ക്രമസമാധാന പാലനത്തിനും കുറ്റാന്വേഷണത്തിനും ആവശ്യത്തിന് പൊലീസുകാരില്ലാതെ സേന ബുദ്ധിമുട്ടുമ്പോഴാണ് നേതാക്കളുടെ വീടുകൾക്ക് മുന്നിൽ ഉദ്യോഗസ്ഥരെ ദീർഘകാലത്തേക്ക് നിയോഗിക്കുന്നത്.
ഇത് സേനയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെ ഇല്ലാതാക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. അതിനാൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ ഉത്തരവുകളും ഫയലുകളും പരിശോധിക്കണമെന്നും അനാവശ്യമായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നും കെഎസ്യു ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സുരക്ഷാ ഡ്യൂട്ടികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR