Enter your Email Address to subscribe to our newsletters

Thiruvananthapuram,04 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം കല്ലമ്പലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ നാവായിക്കുളം പൈവേലിക്കോണം സ്വദേശി ഹരിദേവ് (29) ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായി.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം ബംഗളൂരു, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ജൂലൈ 7-നാണ് കേസിനാസ്പദമായ സംഭവം. പന്തുവിളയിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി പ്രതിയുടെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് ആക്രമിച്ചെന്നാണ് കേസ്. അവിടെനിന്ന് രക്ഷപ്പെട്ട് റോഡിലേക്ക് ഓടിയ യുവാവിനെ പിന്തുടർന്ന് വീണ്ടും ആക്രമിക്കുകയും കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച നാവായിക്കുളം വനിത പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും പ്രതി ആക്രമിച്ചെന്ന പരാതിയുണ്ട്. സംഭവത്തിൽ വനിതാമെമ്പറാനും ദേഹോപദ്രവമേറ്റതായി പോലീസ് അറിയിച്ചു.
പോലീസ് അന്വേഷണത്തിൽ, പോത്തിനെ പരിപാലിക്കുന്ന ജോലിക്കായി ഹരിദേവിന്റെ വീട്ടിലെത്തിയിരുന്ന തൊഴിലാളി ഒരു ദിവസം ജോലിക്ക് എത്താതിരുന്നതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് കണ്ടെത്തൽ. യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോയെന്നാണ് കേസ്.
തുടർന്ന് ഫാംഹൗസിലെത്തിച്ച് തടങ്കലിൽ പാർപ്പിച്ച് മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറയുന്നു.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഹരിദേവിനെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘം അന്വേഷണം ശക്തമാക്കിയിരുന്നു. ബംഗളൂരുവിലും മറ്റ് സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കല്ലമ്പലം പുല്ലൂർമുക്കിലെ ഒളിത്താവളത്തിൽനിന്ന് ഇയാളെ പിടികൂടിയത്.
കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, മയക്കുമരുന്ന് വിപണനം തുടങ്ങിയ കേസുകളിലും ഹരിദേവ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. എൻഡിപിഎസ് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
റൂറൽ എസ്.പി. പ്രശാന്തൻ കാണി ഐ.പി.എസ്.യുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു.ഡി., ഡാൻസാഫ് എസ്.ഐ. ബിജു, എ.എസ്.ഐ. അനൂപ്, സി.പി.ഒമാരായ സുനിൽരാജ്, വിനീഷ്, ഉമേഷ് ഹരവ്, സുജിൽ, വർക്കല ഡിവൈ.എസ്.പി ഓഫീസിലെ എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ ബിനു.ഡി, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിന് ശേഷം പ്രതിയെ കല്ലമ്പലം പോലീസിന് കൈമാറി. തുടർന്ന് പ്രതിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തി. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR