മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
Idukki , 04 സെപ്റ്റംബര് (H.S.) മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലയത്തിന് പുറത്തുനിൽക്കുകയായിരുന്ന തൊഴിലാളിക്ക് നേരെ ആന പാഞ്ഞടുക്കുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാനത്
WILD ELEPHANT ATTACK


Idukki , 04 സെപ്റ്റംബര് (H.S.)

മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലയത്തിന് പുറത്തുനിൽക്കുകയായിരുന്ന തൊഴിലാളിക്ക് നേരെ ആന പാഞ്ഞടുക്കുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാനത്തെ മലയോര ജില്ലകളിൽ വന്യജീവി ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ന് രാവിലെയാണ് മൂന്നാർ ടൗണിന് സമീപമുള്ള ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിൽ രണ്ട് കാട്ടാനകൾ എത്തിയത്. ലയത്തിന് പുറത്തുനിൽക്കുകയായിരുന്ന തൊഴിലാളിയെ കണ്ടതോടെ ആന ആക്രമിക്കാനായി പാഞ്ഞടുക്കുകയായിരുന്നു. ഉടൻതന്നെ പിന്തിരിഞ്ഞോടിയതിനാലാണ് ഇയാൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്. കാട്ടാനയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിരുന്ന സ്ഥലമാണിതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

മൂന്നാർ ടൗണിലും സമീപ എസ്റ്റേറ്റ് മേഖലകളിലും വിരിഞ്ഞ കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകളുടെ സാന്നിധ്യം വലിയ ജനവാസ ഭീഷണിയാണ് ഉയർത്തുന്നത്. മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിൽ കടുത്ത ജനരോഷമുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഇതേ കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ സുരേഷ് കുമാർ എന്ന ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പ്രതിഷേധിച്ച് വനംവകുപ്പ് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം നാട്ടുകാർ ശക്തമാക്കുകയാണ്.

കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാനസുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് പാതയിലും സമാനമായ സംഭവം നടന്നു. കഴിഞ്ഞ ഓഗസ്റ്റ് 30ന് വൈദികനും കുടുംബവും കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വയനാട് തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാദർ റെജി പോളും കുടുംബവുമാണ് പാതയോരത്ത് നിലയുറപ്പിച്ച ആനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ വിറപ്പിച്ച അപകടകരമായ സംഭവം നടന്നത്. ഗുണ്ടൽപേട്ടിൽനിന്ന് യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ആനക്കൂട്ടത്തിന് മുൻപിൽപ്പെടുന്നത്.

റോഡിൻ്റെ താഴ്ഭാഗത്തുനിന്നും കയറിവന്ന മൂന്ന് കാട്ടാനകൾ പാത മുറിച്ചുകടക്കുന്നതിനായി ഫാദർ റെജി പോളിൻ്റെ കാർ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ദൂരെ മാറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ആനകൾ വനത്തിലേക്ക് മാറിയെന്ന് ഉറപ്പാക്കിയ ശേഷം തൊട്ടുമുൻപിലുണ്ടായിരുന്ന ട്രാവലർ മുന്നോട്ടെടുത്തു. ട്രാവലറിന് തൊട്ടുപിന്നിൽ ഒരു കാറും അതിനുശേഷമാണ് വൈദികനും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനവുമുണ്ടായിരുന്നത്. എന്നാൽ മുൻപിലെ വാഹനങ്ങളിൽനിന്നുള്ള ഹോൺ കാട്ടാനകളെ പ്രകോപിപ്പിച്ചു. ഇതോടെ കാട്ടാനകൾ തിരിച്ചെത്തുകയും വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. ആനയുടെ ആക്രമണത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടെങ്കിലും സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളിൽനിന്ന് ഇവർക്ക് ഇനിയും മോചനം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നത് മലയോര ജനതയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കൃഷിനാശത്തിന് പുറമെ മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരും വനംവകുപ്പും അടിയന്തരമായി ഇടപെടണമെന്നാണ് വിവിധ കർഷക സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്. വനാതിർത്തികളിൽ സൗരോർജ വേലികളും കിടങ്ങുകളും നിർമിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യവും ശക്തമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News