Enter your Email Address to subscribe to our newsletters

Kannur , 04 സെപ്റ്റംബര് (H.S.)
ആറളത്തെ ആദിവാസി പുനരധിവാസ മേഖലയില് കഴിയുന്ന ആയിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്ക്ക് ആനപ്പേടിയൊഴിഞ്ഞ നേരമില്ല. കഴിഞ്ഞ 10 വർഷത്തിനിടെ 15 പേരുടെ ജീവനാണ് ഈ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.കാട്ടാനഭീതി കാരണം പല ബ്ലോക്കുകളില് നിന്നും ഒഴിഞ്ഞു പോയ കുടുംബങ്ങള് നിരവധിയാണ്. കാട്ടാനപ്പേടിയില് ഉറക്കമില്ലാത്ത രാവുകള് തള്ളി നീക്കുന്ന നിരവധി കുടുംബങ്ങളുണ്ട് ആറളത്തെ വിവിധ ബ്ലോക്കുകളില്. രാത്രിയിൽ ആനയുടെ ചിന്നംവിളി കേൾക്കുമ്പോൾ വീടിൻ്റെ മേൽക്കൂരയിലോ അയൽ വീടുകളിലോ അഭയം തേടുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.
തകരുന്ന പ്രതിരോധ സംവിധാനങ്ങൾ
ജനവാസ കേന്ദ്രത്തിലേക്ക് ആനകളെത്തുന്നത് തടയാനാണ് ഇവിടെ സോളാർ തൂക്കുവേലികള് സ്ഥാപിച്ചത്.എന്നാല് സോളാര് വേലികള് തകര്ക്കാന് പുത്തന് തന്ത്രം പഠിച്ചിരിക്കുകയാണ് കാട്ടാനകള്. നേരത്തെ വനത്തിലേക്ക് കയറ്റി വിട്ട ആനകൾ തിരികെ ഫാമിലേക്ക് പ്രവേശിക്കാതിരിക്കാൻ പട്രോളിങ് ഒരുക്കിയിട്ടുണ്ടെങ്കിലും തൂക്കുവേലിക്ക് മുകളിലേക്ക് വലിയ മരങ്ങൾ തള്ളിയിട്ട് ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്ന സംഭവങ്ങള് ആവര്ത്തിക്കുകയാണ്. ആനവേലിയുടെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് തൂണുകൾക്കിടയിൽ ആനകൾക്ക് കടന്നു വരാനുള്ള വിടവ് നിലനിൽക്കുകയാണ്.
ആറളത്ത് ആനമുക്ക് മുതൽ ഇഞ്ചിമുക്ക് വരെയുള്ള 500 മീറ്ററോളം നീളത്തിൽ ആനമതിൽ പൂർത്തിയാക്കിയിട്ടില്ല. അതുവഴിയാണ് ആനകൾ യഥേഷ്ടമായി ആദിവാസി മേഖലയിൽ എത്തുന്നത്. ആനമതിൽ എത്രയും വേഗം പൂർത്തീകരിച്ചാൽ മാത്രമേ ഇവിടെയുള്ളവർക്ക് ഭയരഹിതമായി കഴിയാനാകൂ എന്ന് പ്രദേശവാസിയായ കെ.ആർ സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ മഖ്നയെ പിടികൂടാൻ വൈകുന്നുആറളം ഫാം പുനരധിവാസ മേഖലയിലും സമീപ പ്രദേശങ്ങളിലും ഭീഷണി ഉയർത്തുന്ന കണ്ണൂർ മഖ്ന (കെ.എം 1) എന്ന മോഴയാനയെ മയക്കുവെടിവച്ചു പിടിക്കുന്ന ദൗത്യവും നീണ്ടു പോവുകയാണ്. മയക്കുവെടിവച്ച ശേഷം ആനക്കൊട്ടിലിലാക്കി ദിവസേനയെന്നോണം നിരീക്ഷിക്കണമെന്ന നിർദേശവും നിലവിലുണ്ട്. ഇതെല്ലാം ദൗത്യം താമസിക്കുന്നതിന് കാരണമാവുകയാണ്. നേരത്തെ ആനയെ മയക്കിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് വനമേഖലയിലേക്ക് മാറ്റാൻ ഉത്തരവുണ്ടായിരുന്നു. ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘവുമെത്തിയിരുന്നു. അപ്പോഴേക്കും മോഴയാന ഉൾവനത്തിലേക്ക് കടന്നിരുന്നു. ഇതേ മോഴയാന വീണ്ടും ഫാമിലെത്തിയതായാണ് പറയപ്പെടുന്നത്.
ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ആനക്കൊട്ടിൽ നിർമിക്കുന്ന പണി വയനാട്ടിൽ പുരോഗമിച്ചു വരുന്നതായി ആറളം പഞ്ചായത്ത് പ്രസിഡൻ്റ് വി. ശോഭ പറഞ്ഞു. ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും ഇടയിലുള്ള പൊന്തക്കാട്ടിൽ മോഴയാന എത്തിയെന്നും വിവരമുണ്ട്. ഒൻപത്, 10, 11 ബ്ലോക്കുകളിൽ മറ്റ് ആനകളും ഭീഷണി ഉയർത്തി തുടങ്ങിയിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ഭീതിയോടെ മാത്രമാണ് ആളുകൾക്ക് ജോലിക്ക് പോകാനാവുന്നത്. കഴിഞ്ഞ ദിവസം മോഴയാന ഒൻപതാം ബ്ലോക്കിലെ പുനരധിവാസ മേഖലയ്ക്ക് ചുറ്റും എത്തിയിരുന്നതായി ആദിവാസിയായ കൈമൻ പറയുന്നു.
ആനപ്പേടിയിൽ ജോലിക്ക് പോകുമ്പോൾ കുടുംബാംഗങ്ങളെ അകലെയുള്ള ബന്ധുവീട്ടിലാക്കിയാണ് കൈമൻ പോകുന്നത്. അതിനിടെ വനം വകുപ്പുകാർ ഓടിച്ച് കാട്ടിലേക്ക് കയറ്റുന്ന ആനകളുടെ തുടർ നിരീക്ഷണം ശക്തമാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അല്ലാത്ത പക്ഷം അവ വീണ്ടും ഫാമിലേക്ക് തിരിച്ചെത്തും. എത്രയും വേഗം ആനമതിൽ പൂർത്തീകരിച്ച് ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
വാഗ്ദാനങ്ങൾ പാഴായിആറ് വർഷങ്ങൾക്ക് മുൻപ് ആന കൊലപ്പെടുത്തിയ കൃഷ്ണൻ ചപ്പിലിയുടെ ഭാര്യ സുജിതയ്ക്ക് ഇന്നും ആനപ്പേടിയിൽനിന്ന് മോചിതയാകാൻ കഴിഞ്ഞിട്ടില്ല. ഭർത്താവിൻ്റെ മരണത്തോടെ സാമ്പത്തിക സഹായം ലഭിച്ചെങ്കിലും കുടുംബത്തിലെ ഒരംഗത്തിന് ജോലി നൽകുമെന്ന വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ആനശല്യം ഒഴിഞ്ഞിട്ടില്ലെന്നും പേടിച്ചിട്ട് മുറ്റത്ത് പോലും ഇറങ്ങാൻ കഴിയുന്നില്ലെന്നും സുജിത പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR