Enter your Email Address to subscribe to our newsletters

Thrissur, 04 സെപ്റ്റംബര് (H.S.)
തൃശൂർ: ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂളിന്റെ കെട്ടിടം നിലംപൊത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് (ഡിജിഇ) ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. കെട്ടിട നിർമാണത്തിലെ അപാകതകളും സമീപത്തെ നിർമാണ പ്രവർത്തനങ്ങൾ വരുത്തിവെച്ച പ്രത്യാഘാതങ്ങളും പരിശോധിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് സ്കൂളിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നുവീണത്. ഭിത്തികൾ വിണ്ടുകീറി മേൽക്കൂരയടക്കം വൻ ശബ്ദത്തോടെ നിലംപൊത്തുകയായിരുന്നു. അവധി ദിവസമായതിനാൽ അധ്യാപകരും വിദ്യാർഥികളും സ്കൂളിലുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് തലനാരിഴയ്ക്കാണ് നാടിനെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം ഒഴിവായത്. പ്രവൃത്തിദിനങ്ങളിലൊന്നിലാണ് ഈ അപകടം സംഭവിച്ചിരുന്നതെങ്കിൽ ചിന്തിക്കാവുന്നതിലും അപ്പുറമുള്ള വലിയ അപകടത്തിനാണ് ഇടയാക്കുമായിരുന്നത്.
സ്കൂളിനോട് ചേർന്ന് കടന്നുപോകുന്ന മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ആഴത്തിൽ കാന നിർമിച്ചതാണ് കെട്ടിടത്തിന്റെ അടിത്തറ ഇളകാനും തകർച്ചയ്ക്കും കാരണമായതെന്നാണ് പ്രാഥമിക നിഗമനം. റോഡ് വികസനത്തോടൊപ്പം സ്കൂൾ കോമ്പൗണ്ടിനോട് ചേർന്ന് കാന നിർമിക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ആഴത്തിൽ മണ്ണെടുത്തിരുന്നു. ഇതോടെ കെട്ടിടത്തിന്റെ അടിത്തറയുടെ ബലം നഷ്ടപ്പെടുകയും ഭിത്തികളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷ മുൻനിർത്തി സ്കൂൾ മതിലിനോട് ചേർന്ന് ആവശ്യമായ സംരക്ഷണഭിത്തി നിർമിക്കാതെ അശാസ്ത്രീയമായാണ് റോഡ് നിർമാണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രക്ഷിതാക്കളും രോഷാകുലരായി രംഗത്തെത്തി.
സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ബലക്ഷയമുണ്ടോയെന്ന് വിദഗ്ധ പരിശോധന നടത്തും. പരിക്കുകളോ ആൾനാശമോ ഉണ്ടായിട്ടില്ലെങ്കിലും പൊതുവിദ്യാലയങ്ങളിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സമഗ്രമായ സാങ്കേതിക പരിശോധനയ്ക്ക് ശേഷം എത്രയും വേഗം സർക്കാരിന് വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K