വിവാദ പരാമർശത്തിൽ വിശദീകരണവുമായി കാന്തപുരം; പ്രകോപിതരാകരുതെന്ന് പ്രവർത്തകർക്ക് നിർദേശം
Kozhikode, 04 സെപ്റ്റംബര് (H.S.) കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം വലിയ തോതിൽ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചയായതിനും വിവാദങ്ങൾക്ക് വഴിതുറന്നതിനും പിന്നാലെ വിശദീകരണവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ
വിവാദ പരാമർശത്തിൽ വിശദീകരണവുമായി കാന്തപുരം; പ്രകോപിതരാകരുതെന്ന് പ്രവർത്തകർക്ക് നിർദേശം


Kozhikode, 04 സെപ്റ്റംബര് (H.S.)

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശം വലിയ തോതിൽ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചയായതിനും വിവാദങ്ങൾക്ക് വഴിതുറന്നതിനും പിന്നാലെ വിശദീകരണവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രംഗത്ത്. ആത്മീയ ചർച്ചകളെ മനഃപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ താൽപ്പര്യം തിരിച്ചറിയണമെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ദുഷ്ടലാക്കുകളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മതപരവും ആത്മീയവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പദങ്ങളെയും ആശയങ്ങളെയും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾ സമൂഹത്തിൽ പരസ്പര വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. ആരോഗ്യകരമായ സംവാദങ്ങൾക്ക് പകരം വിവാദങ്ങൾ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങളെ പൊതുസമൂഹം തിരിച്ചറിയണം.

വിഷയത്തിൽ പ്രവർത്തകർ യാതൊരു കാരണവശാലും വൈകാരികമായി പ്രതികരിക്കരുതെന്നും തികഞ്ഞ സംയമനം പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏത് തരത്തിലുള്ള പ്രകോപനപരമായ പ്രചാരണങ്ങൾ ഉണ്ടായാലും അതിൽ വീഴരുത്. തിന്മകളെ നന്മ കൊണ്ട് നേരിടുക എന്നതാണ് ഇസ്ലാമിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പാരമ്പര്യം. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. വിമർശനങ്ങളെയും ആരോപണങ്ങളെയും വിവേകത്തോടെയും ക്ഷമയോടെയും നേരിടുകയാണ് വേണ്ടത്.

വിഷയവുമായി ബന്ധപ്പെട്ട് പൊതുരംഗത്തും സമൂഹമാധ്യമങ്ങളിലും വലിയ തോതിലുള്ള ചർച്ചകളും വിമർശനങ്ങളും ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ ഈ വിശദീകരണം.

ലിംഗസമത്വത്തെയും സ്ത്രീകളുടെ അവകാശങ്ങളെയും സംബന്ധിച്ച അദ്ദേഹത്തിന്റെ വാക്കുകൾ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന രീതിയിലായിരുന്നു വ്യാപകമായ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, സ്ത്രീകളോട് വിവേചനമോ അവമതിപ്പോ കാണിക്കുന്നത് ഇസ്ലാമിക വീക്ഷണമല്ലെന്നും, ആത്മീയ പാഠങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സംഘർഷാന്തരീക്ഷം ഉണ്ടാക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. ശാന്തിയും സമാധാനവുമാണ് നാടിന് ആവശ്യമെന്നും വിവാദങ്ങൾക്കപ്പുറം പരസ്പര സൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News