നേപ്പാളിൽ മിന്നൽപ്രളയം: 275 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം
Newdelhi , 04 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: നേപ്പാളിലുണ്ടായ വൻ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവരിൽ 275 ഇന്ത്യൻ പൗരന്മാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ദുരന്തമുഖത്തുനിന്ന് ഇതുവരെ 166 ഇന്
നേപ്പാളിൽ മിന്നൽപ്രളയം: 275 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം


Newdelhi , 04 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: നേപ്പാളിലുണ്ടായ വൻ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവരിൽ 275 ഇന്ത്യൻ പൗരന്മാരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ദുരന്തമുഖത്തുനിന്ന് ഇതുവരെ 166 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ന്യൂഡൽഹിയിൽ വ്യക്തമാക്കി. നേപ്പാൾ സർക്കാരുമായും അവിടുത്തെ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യയിലെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര സർക്കാർ നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ ഔദ്യോഗികമായി പുറത്തുവിടുന്നുണ്ട്. കൂടാതെ, ചൈനയിൽ നിന്ന് 1,907 ഇന്ത്യൻ പൗരന്മാർ സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നിട്ടുണ്ടെന്നും ടിബറ്റൻ സ്വയംഭരണ മേഖലയിൽ മറ്റ് ഇന്ത്യൻ യാത്രികരാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട നേപ്പാളിന് ആവശ്യമായ എല്ലാവിധ പിന്തുണയും ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്. നേപ്പാൾ സർക്കാരിന്റെ ആവശ്യാനുസരണം ബെയ്ലി പാലങ്ങൾ നിർമ്മിക്കാനുള്ള സാമഗ്രികളും ഫോറൻസിക് കിറ്റുകളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വരുംദിവസങ്ങളിൽ എത്തിക്കും. ഇതിനോടകം ഏഴ് വിമാനങ്ങളിലായി ഏകദേശം 95 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചുകഴിഞ്ഞു. സാമഗ്രികൾക്ക് പുറമെ രക്ഷാപ്രവർത്തനങ്ങൾക്കായി 54 വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെയും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ഇതിൽ ടണൽ രക്ഷാപ്രവർത്തന വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പ്രത്യേക മെഡിക്കൽ സംഘവും ഉൾപ്പെടുന്നു. ഇവർ നേപ്പാൾ അധികൃതരുമായി ചേർന്ന് നേരിട്ട് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്.

ഓഗസ്റ്റ് 26-ന് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞുമലയിടിച്ചിലിനെ തുടർന്നാണ് വടക്കൻ, മധ്യ നേപ്പാളുകളിൽ വിനാശകരമായ മിന്നൽപ്രളയം ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. ചിത്വാൻ, നവൽപരാസി, നുവാകോട്ട്, രസുവ തുടങ്ങി എട്ടോളം ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കാണാതായ അയ്യായിരത്തോളം ആളുകൾക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ ഒൻപത് ദിവസത്തോളം കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെ നേപ്പാൾ സൈന്യം അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തി. നിലവിൽ ദുരന്തബാധിത മേഖലകളിൽ നിന്ന് പതിമൂവായിരത്തിലധികം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ദീർഘകാല സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News