Enter your Email Address to subscribe to our newsletters

Sreeharikotta, 04 സെപ്റ്റംബര്‍ (H.S.)
ശ്രീഹരിക്കോട്ട: രാജ്യത്തെ ബഹിരാകാശ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അനിവാര്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ ഐഎസ്ആര്‍ഒയ്ക്ക് മാത്രമായി കഴിയില്ലെന്നും, ബഹിരാകാശ മേഖലയുടെ മൊത്തത്തിലുള്ള വികസനത്തിന് സ്വകാര്യ പങ്കാളിത്തം അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 വിജയകരമായി ജിഎസ്എല്‍വി-എഫ്17 റോക്കറ്റില്‍ ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ലായ ജിഎസ്എല്‍വി-എഫ്17 കുതിച്ചുയര്‍ന്നത്. ജിയോ സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ (Sub-GTO) പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇഒഎസ്-05. ഉപഗ്രഹങ്ങള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയുടെ ബഹിരാകാശ മേഖലയും സമ്പദ്വ്യവസ്ഥയും ഇനിയും വളരേണ്ടതുണ്ടെന്ന് സ്വകാര്യ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് സാംസരിക്കവെ അദ്ദേഹം പറഞ്ഞു.
'ഇപ്പോള്‍ നമുക്ക് 56 ഉപഗ്രഹങ്ങളുണ്ട്. പക്ഷേ നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ ഇനിയും ആവശ്യമാണ്. ഇക്കാര്യം ദയവായി മനസ്സിലാക്കുക. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥ വളരേണ്ടതുണ്ട്. ബഹിരാകാശ ആവാസവ്യവസ്ഥയും വളരേണ്ടതുണ്ട്. ഐഎസ്ആര്‍ഒയ്ക്ക് മാത്രം രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല.' ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പങ്കാളിത്തം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, ഇതിന് സ്രോ ആവശ്യമായ പിന്തുണ നല്‍കുമെന്നും നാരായണന്‍ പറഞ്ഞു. ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹിരാകാശ മേഖല വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
'സര്‍ക്കാര്‍ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇസ്രോ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രാജ്യത്തെ ബഹിരാകാശ ആവാസവ്യവസ്ഥ വളരുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇത് നമുക്ക് ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. സമ്പദ്വ്യവസ്ഥ വളരും. കൂടുതല്‍ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കപ്പെടും,' നാരായണന്‍ പറഞ്ഞു.
ജിഎസ്എല്‍വി-എഫ്17 ദൗത്യം രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാന നേട്ടവും അഭിമാന നിമിഷവുമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ പറഞ്ഞു. 'ഈ ദൗത്യം വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇത്. ആദ്യമായി ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജിഎസ്എല്‍വി മാര്‍ക്ക് II ഉയര്‍ത്തിയിരിക്കുകയാണ്. ആദ്യമായി ജിഎസ്എല്‍വി മാര്‍ക്ക് II വിക്ഷേപിക്കുമ്പോള്‍ ശേഷി 1,536 കിലോഗ്രാം മാത്രമായിരുന്നു. ഇന്ന്, ഞങ്ങള്‍ ശേഷി ഏകദേശം 40 ശതമാനം വര്‍ധിപ്പിച്ചു. ഈ വാഹനം ഉയര്‍ത്തുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്,' അദ്ദേഹം പറഞ്ഞു.
2367 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ജിഎസ്എല്‍വി റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ 19-ാമത്തെ ജിഎസ്എല്‍വി വിക്ഷേപണമാണിത്. 51.7 മീറ്റര്‍ ഉയരവും 420.5 ടണ്‍ ഭാരവുമുള്ള മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതികവിദ്യയാണ് ഇതില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 107-ാമത്തെ വിക്ഷേപണം കൂടിയാണിത്.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃത്യമായി പ്രവചിക്കാനും, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ഈ ഉപഗ്രഹം നല്‍കുന്ന വിവരങ്ങള്‍ മുതല്‍ക്കൂട്ടാകും. പ്രകൃതിദുരന്തങ്ങള്‍, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവ വേഗത്തില്‍ നിരീക്ഷിക്കുന്നതിനും കാര്‍ഷിക മേഖലയിലെ വിലയിരുത്തലുകള്‍ക്കും അതിര്‍ത്തികളിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കും ഇത് സഹായിക്കും. ഇന്ത്യയുടെ മുഴുവന്‍ ഭൂപ്രദേശത്തിന്റെയും ചിത്രങ്ങള്‍ ഓരോ 30 മിനിറ്റിലും, പ്രത്യേക മേഖലകളുടെ ചിത്രങ്ങള്‍ അഞ്ച് മിനിറ്റ് ഇടവേളകളിലും പകര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
കുലശേഖരപട്ടണത്ത് നിര്‍മിക്കുന്ന സ്പേസ്പോര്‍ട്ട് പദ്ധതിയെക്കുറിച്ചും ഗഗന്‍യാന്‍ പരിപാടിയെക്കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിച്ചു. കുലശേഖരപട്ടണം സ്പേസ്പോര്‍ട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ പരിപാടി ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നുണ്ടെന്നും ആദ്യത്തെ ആളില്ലാത്ത ദൗത്യം ഈ വര്‍ഷം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
---------------
Hindusthan Samachar / Sreejith S