Enter your Email Address to subscribe to our newsletters

Mumbai, 04 സെപ്റ്റംബര് (H.S.)
മുംബൈ: മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ആകസ്മിക മരണത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ആരും ഉപയോഗിക്കരുതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി ദേശീയ അധ്യക്ഷയുമായ സുനേത്ര പവാർ. അജിത് പവാറിന്റെ വിയോഗമുണ്ടാക്കിയ വലിയ നഷ്ടവും വേദനയും അദ്ദേഹത്തിന്റെ കുടുംബത്തേക്കാൾ മറ്റാർക്കും മനസിലാക്കാൻ കഴിയില്ലെന്നും അവർ ഓർമ്മിപ്പിച്ചു. അജിത് പവാറിന്റെ മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനെ ചോദ്യം ചെയ്യുകയും എൻസിപി മറുവിഭാഗം അധികാരം ആസ്വദിക്കുകയാണ് എന്ന് പരിഹസിക്കുകയും ചെയ്ത എൻസിപി (ശരദ് പവാർ വിഭാഗം) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയ്ക്ക് മറുപടി നൽകുകയായിരുന്നു സുനേത്ര പവാർ.
പൂനെ ജില്ലയിലെ ബാരാമതി എയർസ്ട്രിപ്പിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിലാണ് അജിത് പവാറും മറ്റ് നാല് പേരും മരണപ്പെട്ടത്. ഈ ദുരന്തവുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾക്ക് നേരെയാണ് സുനേത്ര പവാർ ഇപ്പോൾ ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കവെ സുനേത്ര പവാർ പറഞ്ഞത്:
ബഹുമാനപ്പെട്ട അജിത് ദാദയുടെ വിയോഗം മഹാരാഷ്ട്രയിൽ സൃഷ്ടിച്ച ശൂന്യത വളരെ വലുതാണ്. അദ്ദേഹത്തിന്റെ അമ്മയേക്കാളും മക്കളേക്കാളും എന്നേക്കാളും ആ വേദന മറ്റാർക്കാണ് നന്നായി മനസ്സിലാക്കാൻ കഴിയുക? അതിനാൽ ദയവുചെയ്ത് അജിത് ദാദയുടെ ഈ അപകടമരണത്തെ രാഷ്ട്രീയവത്കരിക്കരുത്. നിരന്തരം മാധ്യമങ്ങൾക്ക് മുന്നിലെത്തി സംസാരിക്കുന്നത് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നു എന്നതിന്റെ തെളിവല്ല. ഇവിടെ വീണ്ടും വീണ്ടും ഒരു മാധ്യമ വിചാരണ നടത്തപ്പെടുകയാണോ എന്ന സംശയമുണ്ട്.
അപകടത്തെക്കുറിച്ച് സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സുനേത്ര വ്യക്തമാക്കി. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കുടുംബം നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ, മഹാരാഷ്ട്ര നിയമസഭയിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിട്ടുള്ള കാര്യവും അവർ ഓർമ്മിപ്പിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയിലും ഭരണഘടനയിലും അന്വേഷണ ഏജൻസികളിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മറുഭാഗത്ത്, അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എൻസിപി (എസ്പി) എംഎൽഎ രോഹിത് പവാർ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് പകരം വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്ര എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കൂ എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാനാപകടത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നതോടെ എല്ലാ സംശയങ്ങൾക്കും വിരാമമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ പവാർ കുടുംബത്തിനുള്ളിലെ രാഷ്ട്രീയ ഭിന്നതകളും ആരോപണ പ്രത്യാരോപണങ്ങളും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തുടർന്നും ചർച്ചയാവുകയാണ്.
---------------
Hindusthan Samachar / Roshith K