Enter your Email Address to subscribe to our newsletters

Alappuzha, 05 സെപ്റ്റംബർ(hs(
ആലപ്പുഴ: ഈ വർഷത്തെ മികച്ച വിദ്യാർത്ഥി കർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ ചേർത്തല സ്വദേശി ആദിത്യന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിൻ്റെ ഇടപെടലിനെ തുടർന്ന് നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ കർമം സെപ്റ്റംബർ 6ന് രാവിലെ 10.30ന് കെ. സി. വേണുഗോപാൽ എംപി നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു എന്നിവരും ചടങ്ങിൽ പങ്കെടുക്കും.ചേർത്തല അരീപ്പറമ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള സ്ഥലത്താണ് വീട് നിർമിക്കുന്നത്.
കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംസ്ഥാനതല കർഷകദിനാഘോഷ ചടങ്ങിലാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആദിത്യന് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്.
ചേർത്തല അരീപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ അജയൻ-സജിത ദമ്പതികളുടെ ഏക മകനാണ്. സ്വന്തമായി വീടില്ലാതെ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന ആദിത്യൻ 44 സെന്റ് സ്ഥലത്ത് നെൽകൃഷിയും 20 സെന്റ് പാട്ടഭൂമിയിൽ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. ഇതോടൊപ്പം അലങ്കാര മത്സ്യകൃഷി, ആട്, കോഴി, താറാവ്, പശു വളർത്തൽ എന്നിവയും വിജയകരമായി നടത്തിവരുന്നു.
ആദിത്യന്റെ വീടെന്ന സ്വപ്നത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് വീട് നിർമ്മിച്ചുനൽകാൻ സന്നദ്ധത അറിയിച്ചത്. മന്ത്രി നൽകിയ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് വീടിന്റെ നിർമ്മാണത്തിന് തറക്കല്ലിടുന്നത്.
---------------
Hindusthan Samachar / Sreejith S