Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 സെപ്റ്റംബര് (H.S.)
കേരളത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയെ തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് വ്യാപക പരിശോധന നടത്തി. കൊച്ചിയിലെയും തിരുവനന്തപുരം ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലെയും തിയേറ്ററുകളിലാണ് വെള്ളിയാഴ്ച സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ മിന്നൽ പരിശോധനകൾ അരങ്ങേറിയത്.
നിശ്ചിത അളവിൽ കുറവ് വരുത്തൽ, വിപണിവിലയേക്കാൾ ഉയർന്ന തുക ഈടാക്കൽ, ഭക്ഷണസാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനായിരുന്നു പരിശോധന. ഉപഭോക്താക്കൾ നേരിടുന്ന ഇത്തരം ചൂഷണങ്ങൾ തടയുന്നതിനാണ് ഈ നടപടിയെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീയേറ്ററുകളിലെ ഭക്ഷണവിലയെച്ചൊല്ലിയുള്ള തർക്കം മുൻപും വലിയ വാർത്തയായിട്ടുള്ളതാണ്. 2019-ൽ സംസ്ഥാന സർക്കാർ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 13 രൂപയായി വില നിശ്ചയിച്ചിരുന്നെങ്കിലും തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിക്കുകയായിരുന്നു. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ വിമാനത്താവളങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നലത്തെ പരിശോധനകളിൽ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തീയേറ്ററുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ചൂഷണത്തിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷും ശക്തമായി രംഗത്തെത്തി.
പരിമതിയുണ്ടെങ്കിലും ഇടപെടാതിരിക്കാന് സാധിക്കില്ല: വി വി രാജേഷ്
സിനിമാ തിയേറ്ററുകളിലെ ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന തിയേറ്റർ ഉടമകളുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. 250 രൂപയ്ക്ക് ടിക്കറ്റെടുത്ത ശേഷം 500 രൂപയ്ക്ക് പോപ്കോൺ വാങ്ങേണ്ട സ്ഥിതിയാണ് തലസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമ കാണാനെത്തുന്നവർക്കെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രശ്നത്തിൽ ഇടപെടാൻ കോർപ്പറേഷനു പരിമിതിയുണ്ട്. പക്ഷേ പ്രശ്നം കണ്ടില്ലെന്നു നടിക്കാനാകില്ല. കോർപ്പറേഷനിലെ മാലിന്യ സംസ്കരണം, വൃത്തി സംബന്ധിച്ച കാര്യങ്ങൾ ഇവയിലൊക്കെ ഇടപെടാൻ കോർപ്പറേഷന് അധികാരമുണ്ട്. അതിലൊക്കെ ഇടപെടും. അതേ സമയം സിനിമാ വ്യവസായം നിലനിൽക്കേണ്ടത് ഒരു സമൂഹത്തിന്റെ ബാലൻസ് നിലനിർത്താൻ ആവശ്യമാണ്. സിനിമാ വ്യവസായത്തിന് പോറലേൽക്കാൻ പാടില്ല. ഇതെല്ലാം നിലനിർത്തി ഒരു ധാരണയിലേക്ക് ഉത്തരവാദിത്തപ്പെട്ടവർ എത്തണമെന്നാണ് മേയർ എന്ന നിലയിൽ പറയാനുള്ളത്.
ഇതിനായി തിയേറ്റർ ഉടമകളുടെ യോഗവും സിനിമാ നിർമാതാക്കളുടെ യോഗവും പ്രത്യേകം പ്രത്യേകം വിളിക്കും. ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് മാത്രമല്ല, പീക്ക് സമയങ്ങളിൽ ടിക്കറ്റിന് അമിത വില ഈടാക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. മാൾ ഓഫ് ട്രാവൻകൂറിൽ 7 പേർ ഒരു സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ അവരിൽ നിന്ന് 6048.9 രൂപ ഈടാക്കി. എന്നാൽ അവർക്ക് വെറും 230 രൂപയുടെ സീറ്റാണ് നൽകിയതെന്ന് കോർപ്പറേഷന് പരാതി ലഭിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
ഈ പ്രവണത അനുവദിക്കാനാകില്ല. ഈ വിഷയങ്ങളൊക്കെ തിയേറ്റർ ഉടമകളുടെ യോഗത്തിൽ ചൂണ്ടിക്കാട്ടും. ഒരു ദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കിൽ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ ചില കോടതി വിധികൾ നിലനിൽക്കുന്നതിനാൽ കോർപ്പറേഷന് ചില പരിമിതികളുണ്ടെന്നും മേയർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR