മാതൃരാജ്യത്തെ സേവിക്കാനായി സൈനിക യൂണിഫോം അണിഞ്ഞ് മലയാളി പെൺകുട്ടി.
Ernakulam , 05 സെപ്റ്റംബര് (H.S.) ഉയർന്ന ശമ്പളവും ആകർഷകമായ സുഖസൗകര്യങ്ങളും നിറഞ്ഞ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ച് മാതൃരാജ്യത്തെ സേവിക്കാനായി സൈനിക യൂണിഫോം അണിഞ്ഞ് മലയാളി പെൺകുട്ടി. കോഴിക്കോട് സ്വദേശിനിയായ ആതിര സുരേഷാണ് ഗയയിലെ ഓഫീസേഴ്സ് ട്രെയിനി
MALAYALI GIRL BECOMES LIEUTENANT


Ernakulam , 05 സെപ്റ്റംബര് (H.S.)

ഉയർന്ന ശമ്പളവും ആകർഷകമായ സുഖസൗകര്യങ്ങളും നിറഞ്ഞ കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ച് മാതൃരാജ്യത്തെ സേവിക്കാനായി സൈനിക യൂണിഫോം അണിഞ്ഞ് മലയാളി പെൺകുട്ടി. കോഴിക്കോട് സ്വദേശിനിയായ ആതിര സുരേഷാണ് ഗയയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ലഫ്റ്റനൻ്റായി ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായി മാറിയത്. അക്കാദമിയിൽ ഇന്ന് നടന്ന പ്രൗഢഗംഭീരമായ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്താണ് ആതിര ഔദ്യോഗികമായി രാജ്യസേവനത്തിലേക്ക് പ്രവേശിച്ചത്.

ആദ്യ ശ്രമത്തിൽ തന്നെ എസ്എസ്ബി സ്വന്തമാക്കി

കഠിന പരിശീലനത്തിലൂടെ തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സർവീസസ് സെലക്ഷൻ ബോർഡ് (SSB) പരീക്ഷ എഴുതിയ ആതിര, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു. തുടർന്ന് ഒടിഎ ഗയയിൽ ഓഫീസർ കേഡറ്റായി പ്രവേശനം നേടി. പുലർച്ചെ ആരംഭിക്കുന്ന കഠിനമായ ശാരീരിക പരിശീലനങ്ങളും അക്കാദമിക് സെഷനുകളും അചഞ്ചലമായ ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ ആതിരയ്ക്ക് സാധിച്ചു. ആതിരയുടെ ഈ നേട്ടത്തെ ഇന്ത്യൻ ആർമിയുടെ ട്രെയിനിങ് കമാൻഡ് ഔദ്യോഗികമായി അഭിനന്ദിച്ചു.

മകൾ സൈനിക യൂണിഫോം അണിഞ്ഞ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത നിമിഷം ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമുഹൂർത്തമായിരുന്നുവെന്ന് ആതിരയുടെ അച്ഛന് സുരേഷ് ഇടിവി ഭാരതിനോട് പറഞ്ഞു. ജോലി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ പ്രകടിപ്പിച്ച ആഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയെന്നും, വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ആതിരയുടെ നേട്ടം വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഐടി-ജെഇഇ വിജയവും എൻഐടി പഠനവും

ചെറുപ്പം മുതൽക്കേ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന ആതിര, ഇന്ത്യയിലെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ ഐഐടി-ജെഇഇ ഉയർന്ന സ്കോറോടെയാണ് പാസായത്. തുടർന്ന് പ്രശസ്തമായ എൻഐടി കാലിക്കറ്റിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. അക്കാദമിക് രംഗത്തെ മികച്ച പ്രകടനത്തെ തുടർന്ന് പഠനത്തിന് തൊട്ടുപിന്നാലെ ആഗോള ഊർജ്ജ ഭീമന്മാരായ എക്സോൺ മൊബിലിൽ പ്രോജക്ട് കൺട്രോൾസ് എഞ്ചിനീയറായി ആതിരയ്ക്ക് നിയമനം ലഭിച്ചു.

സാമ്പത്തിക സുരക്ഷിതത്വവും വേഗത്തിലുള്ള കരിയർ വളർച്ചയും ഉറപ്പുനൽകുന്നതായിരുന്നു ഈ ജോലി. എന്നാൽ രാജ്യസേവനമെന്ന വലിയ ലക്ഷ്യത്തിനായി കോർപ്പറേറ്റ് ലോകത്തെ ശീതീകരിച്ച ഓഫീസുകളിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിക്കാൻ ആതിര തീരുമാനിക്കുകയായിരുന്നു. പിതാവ് നൽകിയ പ്രചോദനവും സൈനിക പാരമ്പര്യവും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന് ആതിരക്ക് ഊർജ്ജം നൽകി. ആർമിയിലെ കോർപ്സ് ഓഫ് സിഗ്നൽസിൽ നായിക് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള പിതാവ് സുരേഷാണ് ആതിരയുടെ ഏറ്റവും വലിയ പ്രചോദനം. അച്ഛൻ നൽകിയ അച്ചടക്കത്തിൻ്റെയും ധീരതയുടെയും മാതൃക പിന്തുടരുക എന്നതായിരുന്നു ആതിരയുടെ ലക്ഷ്യം.

കോഴിക്കോട് സ്വദേശിയായ മുൻ സൈനികൻ സുരേഷിൻ്റെയും അധ്യാപികയായ സുമയുടെയും മകളായ ആതിരയുടെ കുട്ടിക്കാലം സൈനിക അന്തരീക്ഷം അടുത്തറിഞ്ഞുള്ളതായിരുന്നു. അച്ഛന് പുറമെ വലിയച്ഛൻ ഗംഗാധരൻ നായരും, അമ്മയുടെ പിതാവായ പരേതനായ വേലായുധൻ നായരും സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരാണ്. മൂന്ന് തലമുറയുടെ സൈനിക പാരമ്പര്യമാണ് ആതിരയെ ഈ രംഗത്തേക്ക് നയിച്ചത്. സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം പിതാവ് സുരേഷ് നിലവിൽ റെയിൽവേ സംരക്ഷണ സേനയിലാണ് (RPF) പ്രവർത്തിക്കുന്നത്. സഹോദരൻ ഹരിചന്ദ് ബി.ടെക് വിദ്യാർഥിയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News