Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 സെപ്റ്റംബര് (H.S.)
ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ വനിതാ ശിശു വികസന വകുപ്പ്. കുട്ടിയുടെ കുടുംബം വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ വർഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കുട്ടിയുടെ ചികിത്സയ്ക്ക് ശേഷം ശരീരത്തിൽ തടിപ്പ് ഉണ്ടായിയെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ സൂചി കണ്ടെത്തിയത് എന്നുമാണ് കുടുംബം മന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളിലുണ്ടായിരുന്ന സൂചി പുറത്തെടുത്തതായും കുടുംബം മന്ത്രിയെ അറിയിച്ചു.
ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തിൽ എത്തിയതെന്നും സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.
ഗൗരവമായ പരിശോധന നടത്തുമെന്ന് ബിന്ദു കൃഷ്ണ
കുട്ടിയുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച വിഷയമായതിനാൽ പരാതിയിൽ ഗൗരവമായ പരിശോധന നടത്തുമെന്നും കുഞ്ഞിന് വേണ്ട പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. കുടുംബം ഉന്നയിച്ച പരാതിയിലെ കാര്യങ്ങളിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തണമെന്ന് ബിന്ദു കൃഷ്ണ നിർദേശിച്ചു. സംഭവത്തിൻ്റെ വസ്തുതകൾ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
ഒരു വർഷം നീണ്ട വേദന
ചാത്തമംഗലം സ്വദേശി വിനീഷിൻ്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിൻ്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. 2025 ജൂൺ 24നായിരുന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് അഞ്ജുവിൻ്റെ പ്രസവം. കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് രണ്ടാം ദിവസം എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായ തടിപ്പ് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്കാൻ ചെയ്യാൻ നിർദേശിച്ചെങ്കിലും ഫലം വന്നപ്പോൾ നോർമലാണെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ തടിപ്പുള്ള ഭാഗത്തല്ല സ്കാനിംഗ് നടത്തിയതെന്നും പിന്നീട് ഡിസ്റ്റാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾ പറയുന്നു.
കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ പ്രയാസമുണ്ടാവുകയും ചില സമയങ്ങളിൽ കഠിനമായ വേദനയും ശരീരത്തിൽ തടിപ്പും അനുഭവപ്പെടുകയും ചെയ്തിരുന്നു. എൻ.ഐ.സി.യുവിലേക്ക് മാറ്റിയപ്പോഴാണ് ചികിത്സാ പിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
സംഭവത്തിൽ അന്വേഷണത്തിന് മെഡിക്കൽ കോളേജ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായുള്ള സമിതിയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും സമിതി വിശദമായി പരിശോധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR