Enter your Email Address to subscribe to our newsletters

Kannur , 05 സെപ്റ്റംബര് (H.S.)
പിണറായി വിജയനെ തള്ളി പറഞ്ഞുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. താനും പിണറായി വിജയനും പറഞ്ഞത് ഒന്നു തന്നെയാണെന്നും മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും പി ജയരാജൻ പറഞ്ഞു. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ആരംഭിച്ച പുതിയ പോഡ്കാസ്റ്റ് പരമ്പരയായ 'മോട്ടോർസൈക്കിൾ ഡയറീസ്'-ൽ താൻ പങ്കെടുത്ത ആദ്യ എപ്പിസോഡിലെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി ചില മാധ്യമങ്ങൾ നൽകിയിട്ടുള്ള വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണ രൂപം-
പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മുതിർന്ന നേതാവ് സഖാവ് പിണറായി വിജയൻ്റെ നിലപാടുകളെ ഞാൻ തള്ളിപ്പറഞ്ഞു എന്ന തരത്തിലുള്ള തലക്കെട്ടുകളും വ്യാഖ്യാനങ്ങളുമാണ് ഇവർ ചമച്ചിരിക്കുന്നത്.
സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് നേരത്തെ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ മാസം 24-നാണ് പരിപാടി റെക്കോർഡ് ചെയ്തത്. എന്നാൽ സഖാവ് പിണറായി പയ്യന്നൂരിലും തളിപ്പറമ്പിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംസാരിച്ചത് അതിനുശേഷം 30-നും അടുത്ത ദിവസങ്ങളിലുമാണ്.
അതായത്, സഖാവ് പിണറായി പ്രസംഗിക്കുന്നതിന് ഒരാഴ്ച മുൻപ് റെക്കോർഡ് ചെയ്ത അഭിമുഖത്തെയാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിന് എതിരായി ഞാൻ സംസാരിച്ചു എന്ന രീതിയിൽ മാധ്യമങ്ങൾ വളച്ചൊടിക്കുന്നത്. ഇത് മാധ്യമങ്ങളുടെ സാമാന്യബോധമില്ലായ്മയെയോ അല്ലെങ്കിൽ ബോധപൂർവ്വമായ രാഷ്ട്രീയ ഗൂഢാലോചനയെയോ ആണ് കാണിക്കുന്നത്.
പാർട്ടി കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ചർച്ചകൾ നടത്തണമെന്നും, തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും, ജനങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണകൾ മാറ്റി സംഘടനയെ ശക്തിപ്പെടുത്തണമെന്നുമാണ് സഖാവ് പിണറായി വിശദീകരിച്ചത്. അതേ അടിസ്ഥാന രാഷ്ട്രീയ നിലപാട് തന്നെയാണ് ഈ പോഡ്കാസ്റ്റിലും ഞാൻ മുന്നോട്ടുവെച്ചിട്ടുള്ളത്.
പാർട്ടി എടുത്ത നിലപാടുകൾ തന്നെയാണ് പൊതുസമൂഹത്തിന് മുന്നിൽ പങ്കുവെച്ചത്. ഒരേ ആശയവും നിലപാടും പങ്കുവെച്ച രണ്ട് പ്രതികരണങ്ങളെ രണ്ടാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് തരംതാണ മാധ്യമ പ്രവർത്തനമാണ്.
പാർട്ടിയിലെ ജനാധിപത്യപരമായ ചർച്ചകളെയും തെറ്റുതിരുത്തൽ പ്രക്രിയകളെയും ഭിന്നതയായി ചിത്രീകരിക്കാനുള്ള ശ്രമം വലതുപക്ഷ മാധ്യമങ്ങൾ കാലങ്ങളായി തുടരുന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തുറന്ന ചർച്ചകളും വിമർശന-സ്വയംവിമർശന പ്രക്രിയകളും പാർട്ടിയെ കൂടുതൽ കരുത്തോടെ മുന്നോട്ടു നയിക്കാനുള്ളതാണ്, അല്ലാതെ ഭിന്നിപ്പുണ്ടാക്കാനല്ല.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഇത്തരം വ്യാജപ്രചാരണങ്ങളെയും ദുർവ്യാഖ്യാനങ്ങളെയും രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത തള്ളിക്കളയുമെന്ന് ഉറപ്പാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട മാധ്യമങ്ങൾ പിന്മാറണം.
അതേസമയം, ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്എസ്എസിൻ്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് പി ജയരാജൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മോട്ടോര്സൈക്കില് ഡയറീസിന് നൽകിയ പോഡ്കാസ്റ്റിൽ തന്നെയായിരുന്നു ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചത്.
കേരളത്തിൻ്റെ തെരുവുകളില് മുൻപ് ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകള് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിലെ കുടുംബങ്ങളില് സ്വാധീനം ഉറപ്പിക്കാനുള്ള ആര്എസ്എസ് പദ്ധതിയുടെ ഭാഗമായാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര. ശ്രീകൃഷ്ണന് മേലുള്ള വിശ്വാസം എത്രയോ കാലമായി നമ്മുടെ നാട്ടിലുണ്ട്. എന്നാല് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില് അയിത്ത ജാതിക്കാര്ക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ക്ഷേത്ര പ്രവേശന വിളംബരം വരുന്നത് വരെ അത് തുടര്ന്നു. നായര് സമുദായത്തിന് പോലും പ്രവേശനം നിയന്ത്രിതമായിരുന്നെന്ന് മന്നത്ത് പദ്മനാഭന് അടക്കം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്എസ്എസിൻ്റെ രാഷ്ട്രീയ പദ്ധതിയാണെന്നും ആദ്ദേഹം പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR