Enter your Email Address to subscribe to our newsletters

Palakkad , 05 സെപ്റ്റംബര് (H.S.)
ക്ലാസ് മുറികളിൽ അറിവിൻ്റെ വെളിച്ചം പകർന്ന അധ്യാപകർ വിരമിച്ച ശേഷവും ജീവിതത്തെ ആഘോഷമാക്കുകയാണ്. അറുപതാം വയസിലും കാലിൽ ചിലങ്കയണിഞ്ഞ് അരങ്ങിൽ ചുവടുവച്ച് പാലക്കാട്ടിലെ ഒരു കൂട്ടം റിട്ട. അധ്യാപകരെ പരിചയപ്പെട്ടാലോ? പ്രായം ശരീരത്തിനാണെന്നും കലയുടെ ആവേശത്തിന് അതിരുകളില്ലെന്നും തെളിയിക്കുക കൂടിയാണിവർ.
ഒരു കാലത്ത് വിദ്യാർഥികൾക്ക് മുന്നിൽ പാഠങ്ങൾ പകർന്നവർ ഇന്ന് വേദിയിൽ ചിലങ്കയണിഞ്ഞ് നൃത്തം ചവിട്ടുമ്പോൾ നിറഞ്ഞ കയ്യടികളോടെ അവരെ സ്വീകരിക്കുന്നത് പൂർവ വിദ്യാർഥികളാണ്. ജില്ലയിലെ നാല് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച വികെ കൃഷ്ണലീല, സിഎസ് മണി , എം പ്രസന്ന, പത്മജ തുടങ്ങിയ അധ്യാപകരാണ് ഭരതനാട്യത്തിൽ വേദികളിൽ നിറഞ്ഞാടുന്നത്. കലാമണ്ഡലം പ്രേമലതയുടെ കീഴിലാണ് ഇവരുടെ പരിശീലനം.
വളരെ കാലമായി വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കയാണ് റിട്ട. അധ്യാപകർ നൃത്തം പഠിക്കണം എന്ന് പറഞ്ഞ് വരുന്നത്. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. ഓരോ ദിവസവും മെച്ചപ്പെടുത്താൻ അവർ ശ്രമിക്കുന്നുണ്ട്. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ഇനിയും പഠിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം എന്ന് നൃത്ത അധ്യാപിക കലാമണ്ഡലം പ്രേമലത പറഞ്ഞു.
കോട്ടായി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പിളായി ഒരു വർഷം മുമ്പാണ് വികെ കൃഷ്ണ ലീല വിരമിച്ചത്. അധ്യാപക ജീവിതത്തിൽ കിട്ടുന്ന ഒഴിവ് നേരങ്ങളിൽ നൃത്ത പരിശീലനം ആരംഭിച്ചു. വിരമിച്ച് ഏഴ് ദിവസത്തിനകം അരങ്ങേറ്റവും കുറിച്ചു. കുമരപുരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രിൻസിപ്പളായി 2019 ലാണ് സിഎസ് മണി വിരമിച്ചത്. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. തൃത്താല ജിഎംആർഎസ് സ്ക്കൂളിൽ നിന്ന് എം പ്രസന്നയും മങ്കര ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പത്മജയും മൂന്ന് വർഷം മുമ്പ് വിരമിച്ചു. 4 പേരും കഴിഞ്ഞ വർഷം ഏപ്രിലിൽ ഗുരുവായൂരിലാണ് അരങ്ങേറ്റം നടത്തിയത്.
ഞങ്ങൾ രണ്ട് വർഷത്തിൽ ഏറെയായി നൃത്തം പഠിക്കുന്നു. ടീച്ചറെ എനിക്ക് കുറെ കാലമായി അറിയാം. എൻ്റെ മകളുടെയും ഗുരുനാഥയാണ്. ടീച്ചറുടെ ശിക്ഷണം എന്ന് പറഞ്ഞാൽ വളരെ ക്ഷമയോടെ പഠിപ്പിക്കും. ഞങ്ങളുടെ അരങ്ങേറ്റം 2025ൽ കഴിഞ്ഞതാണ്. എല്ലാ ക്രെഡിറ്റും ടീച്ചർക്കുള്ളതാണ്. നിരവധി ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ സാധിച്ചു റിട്ട. അധ്യാപിക വികെ കൃഷ്ണ ലീല പറഞ്ഞു.
അധ്യാപക ജീവതത്തിന് ശേഷവും നൃത്തം പടിക്കണമെന്ന ആഗ്രഹമാണ് നാലു പേരെയും കലാമണ്ഡലം പ്രേമലതയുടെ ശിക്ഷണത്തിലുള്ള കല്ലേകുളങ്ങരയിലെ സബിത നൃത്തകലാലയത്തിലേക്ക് എത്തിച്ചത്. ഈ പ്രായത്തിലും ചടുലതയും താളവും പടിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അതിന് ചിട്ടയായ പരിശീലനം വേണമെന്നാണ് ഇവർ പറയുന്നത്. ഇതിനോടകം പത്തിലധികം വേദികളിൽ ഇവർ ഭരതനാട്യം അവതരിപ്പിച്ചു. അടുത്തതായി കുച്ചിപ്പുടിയിലും, മോഹിനിയാട്ടത്തിലും കൂടി അരങ്ങേറ്റം കുറിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR