Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 സെപ്റ്റംബര് (H.S.)
ചിറയൻകീഴ് എംഎൽഎ രമ്യഹരിദാസ് ഉൾപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽതല്ലിൽ കെപിസിസിക്ക് കടുത്ത അതൃപ്തി. എംഎൽഎയുടെ അപക്വമായ പ്രതികരണമടക്കമുള്ള വിഷയങ്ങൾ പാർട്ടി അന്വേഷിക്കും. വിഷയത്തിൽ കെപിസിസി അംഗം പാളയം പ്രദീപിൻ്റെ ഇടപെടലും അന്വേഷണ വിധേയമായേക്കും. മുന്പും പാളയം പ്രദീപിൻ്റെ ഇടപെടൽ സംബന്ധിച്ച് പരാതി ഉയർന്നതിനാൽ തന്നെ നിലവിലെ വിഷയത്തിൽ പാർട്ടി കടുത്ത നിലപാടാവും സ്വീകരിച്ചേക്കുമെന്നും പറയപ്പെടുന്നു. നിലവിൽ രമ്യ ഹരിദാസ് കെപിസിസി വൈസ് പ്രസിഡൻ്റ് കൂടിയായതിനാൽ വിഷയം കെപിസിസി തലത്തിലാവും അന്വേഷിക്കപ്പെടുക. കെപിസിസി ജനറല് സെക്രട്ടറി രമണി പി. നായര് ആകും വിഷയം അന്വേഷിക്കുക. ഇതു സംബന്ധിച്ച് പാര്ട്ടി നിര്ദേശം നല്കി.
ചിറയൻകീഴ് മണ്ഡലത്തിലെ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദീപ് നിരന്തരമായി നടത്തുന്ന ഇടപെടൽ മണ്ഡലത്തിലെ പാർട്ടിക്കുള്ളിൽ നിരന്തര ചർച്ചയായിരുന്നു. എംഎൽഎ വിളിക്കുന്ന യോഗത്തിലടക്കം പാളയം പ്രദീപാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നത്. ഇത് അനുവദിക്കാനാവില്ലെന്നാണ് ലോക്കൽ നേതാക്കളുടെ നിലപാട്.
മുൻ യൂത്ത് കോൺഗ്രസ് നേതാവായ പ്രദീപിനെ ചുറ്റിപ്പറ്റി രമ്യ ഹരിദാസ് മത്സരിച്ച ആലത്തൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പും വിഷയങ്ങൾ ഉയർന്നിരുന്നു. അന്ന് പാർട്ടി നേതൃത്വം ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെൻ്റ് മണ്ഡലം പ്രസിഡൻ്റായിരുന്ന പ്രദീപ് ഒരേ സമയം വിജയ് ഫാൻസ് അസോസിയേഷൻ്റെ പാലക്കാട് ജില്ലാ പ്രസിഡൻ്റായിരുന്നു. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇയാൾ രമേശ് ചെന്നിത്തലയ്ക്കൊപ്പമാണ് നിലയുറപ്പിച്ചിരുന്നത്. യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിൽ നിന്നും കെപിസിസി അംഗമാകാൻ അതും സഹായിച്ചുവെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
രമ്യ ചിറയൻകീഴ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചപ്പോൾ മുതൽ പ്രദീപ് എംഎൽഎയ്ക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ തന്നെ കൈയ്യേറ്റം ചെയ്തത് ജില്ലാ പഞ്ചായത്തംഗമാണെന്നാണ് എംഎൽഎയുടെ ആരോപണം തള്ളി ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം രംഗത്ത് വന്നു. എംഎൽഎ പ്രകോപിതയായി പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്നും ആരും എംഎൽഎയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും സജിത് പറഞ്ഞു. ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎൽഎയും പാളയം പ്രദീപുമാണ്. പാളയം പ്രദീപാണ് കുറേ നാളുകളായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും സജിത് ആരോപിച്ചു. എന്നാൽ ചിറയൻകീഴ് പ്രദേശത്തെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.
എംഎൽഎ ഉൾപ്പെട്ട തമ്മിൽ തല്ലിൻ്റെ വീഡിയോ പുറത്ത് വന്നത് പാർട്ടിക്ക് പൊതുസമൂഹത്തിന് മുമ്പിൽ അവമതിപ്പുണ്ടാക്കിയെന്നാണ് ഡിസിസി നേതാക്കൾ വ്യക്തമാക്കുന്നത്. പുറത്ത് വന്ന വീഡിയോയിൽ ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ കൈ പിടിച്ച് തിരിക്കുന്നത് എംഎൽഎയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം അപക്വമായ സമീപനം എംഎൽഎയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശിക നേതാക്കൾക്ക് പരാതികളുണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കേണ്ടതിന് പകരം പ്രശ്നം വഷളാക്കിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR