Enter your Email Address to subscribe to our newsletters

Thiruvananthapuram, 05 സെപ്റ്റംബര് (H.S.)
അധ്യാപക ദിനത്തില് വൈസ് ചാൻസിലര്മാര്ക്കെതിരെ പരോക്ഷ വിമര്ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്. ഫേസ്ബുക്ക് പോസ്റ്റില് അധ്യാപക ദിനത്തില് ആശംസകള് നേര്ന്നുള്ള കുറിപ്പിലാണ് വിമര്ശനം. വൈസ് ചാൻസിലര്മാര് വിഭജന അജണ്ടകൾ മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ചുരുങ്ങുന്നുവെന്നും പോസ്റ്റില് വിമര്ശിക്കുന്നുണ്ട്.
സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിമര്ശിച്ചു. അക്കാദമിക് സ്വയംഭരണത്തിൻ്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിൻ്റെയും അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
ജാതി വിവേചനത്തെ തുടര്ന്ന് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ആദ്യ വര്ഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജ് (22) ആത്മഹത്യ ചെയ്ത സംഭവത്തിലും അധ്യാപകര്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി രൂക്ഷ വിമര്ശനം ഉന്നയിക്കുന്നുണ്ട്. ഒരു സ്റ്റാഫ് റൂമിനകത്തിരുന്ന് ഒരു വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും ആക്ഷേപിച്ചും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചവർ അധ്യാപനം എന്നതിൻ്റെ അന്തഃസത്ത തിരിച്ചറിയാതെ പോയവരാണെന്നും മന്ത്രി വിമര്ശിക്കുന്നു. മാനവികതയുള്ള മനുഷ്യരെ ക്ലാസ്മുറികളിൽ നിന്ന് നിർമിച്ചെടുക്കലാണ് അധ്യാപനത്തിൻ്റെ ഉത്തരവാദിത്വമെന്ന് അവർ തിരിച്ചറിയാതെ പോയി. തലമുറകളെ വിവേചനമില്ലാതെ ചേർത്തുപിടിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഓരോ അധ്യാപകൻ്റെയും പ്രഥമ ചുമതലയെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാവണം ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സർക്കാർ പലവട്ടം അതൃപ്തി പ്രകടിപ്പിച്ചിട്ടും സംഘപരിവാർ അനുകൂല നിലപാടെടുക്കുന്ന കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിൻ്റെ നിലപാടിനെതിരെ മന്ത്രി മുമ്പും പ്രതികരിച്ചിരുന്നു. വി.സി.മാർ രാഷ്ട്രീയപ്പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന് മന്ത്രി റോജി എം. ജോൺ മാധ്യമങ്ങൾക്കുമുന്നിൽ പറഞ്ഞത് കേരള വി.സി.യെ ഉന്നമിട്ടായിരുന്നു. 2025 ജൂലായിൽ കൊച്ചിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത 'ജ്ഞാനസഭ' മുതൽ നിരന്തരം അദ്ദേഹം സംഘപരിവാർ വേദികളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മണിവിളയിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച 'സങ്കൽപ്പ്-2026' യുവസംഗമത്തിൽ ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം പാടുന്നതെന്നും അമ്മ ആരാണെന്നോ എന്താണെന്നോ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും അദ്ദേഹം വിവാദപരാമർശം നടത്തുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്ണ രൂപം
അധികാരത്തിൻ്റെ ഉന്നതപീഠങ്ങളേക്കാൾ അധ്യാപനത്തിൻ്റെ നന്മയിൽ വിശ്വസിച്ച, തൻ്റെ ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിന് പകരം രാജ്യത്തെ മുഴുവൻ അധ്യാപകർക്കുമായി സമർപ്പിക്കാൻ ആവശ്യപ്പെട്ട ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ സ്മരണയിൽ ഇന്ന് അധ്യാപക ദിനം നമ്മൾ ആചരിക്കുകയാണ്.
നാലു ചുമരുകൾക്കുള്ളിലെ അക്ഷരക്കൂട്ടങ്ങൾക്കപ്പുറം വിശാലമായ ലോകത്തെ ക്ലാസ്സ്മുറിയാക്കി മാറ്റിയ രവീന്ദ്രനാഥ ടാഗോറിൻ്റെ ശാന്തിനികേതനും വിശ്വഭാരതിയും മുതൽ, അവസാന ശ്വാസം വരെ യുവമനസ്സുകളോട് സംവദിച്ച്, ഒരു അധ്യാപകനായി മാത്രം മണ്ണോടുചേരാൻ കൊതിച്ച എപിജെ അബ്ദുൽ കലാം ഉൾപ്പടെയുള്ളവർ സ്വപ്നം കാണാനും ആകാശത്തോളം ചിറകടിച്ചുയരാനുമുള്ള ധൈര്യമാണ് തലമുറകൾക്ക് പകർന്ന് നൽകിയത്.
ക്ലാസ് മുറികൾക്കകത്തും പുറത്തും ചിന്തയുടെ കൊടുങ്കാറ്റ് വിതച്ച സാഗരഗർജനം സുകുമാർ അഴീക്കോടും, കാവ്യഭാഷ കൊണ്ട് വിസ്മയം തീർത്ത ഒഎൻവിയും, ചരിത്രത്തെ ഹൃദയത്തോട് ചേർത്ത് എംജിഎസ് നാരായണനും, അക്ഷരങ്ങളെ ആത്മാവോട് ചേർത്തുവെച്ച പ്രൊഫ. എം ലീലാവതിയും, അങ്ങനെ അങ്ങനെ പ്രൗഢഗംഭീരമായ ആ ശ്രേണി കേരളത്തിലും തുടർന്നു. ഇവരൊക്കെയും ചോദിക്കാനും, കലഹിക്കാനും, തിരുത്താനും, തിരുത്തിക്കാനുമുള്ള ആർജവമാണ് പകരാൻ ശ്രമിച്ചത്. അതേസമയം തന്നെ ഹൃദയവിശാലതയും മനുഷ്യത്വവുമാണ് പഠിപ്പിക്കാൻ ശ്രമിച്ചത്.
ഒരു സ്റ്റാഫ് റൂമിനകത്തിരുന്ന് ഒരു വിദ്യാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും ആക്ഷേപിച്ചും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചവർ അധ്യാപനം എന്നതിൻ്റെ അന്തഃസത്ത തിരിച്ചറിയാതെ പോയവരാണ്. മാനവികതയുള്ള മനുഷ്യരെ ക്ലാസ്മുറികളിൽ നിന്ന് നിർമിച്ചെടുക്കലാണ് അധ്യാപനത്തിൻ്റെ ഉത്തരവാദിത്വമെന്ന് അവർ തിരിച്ചറിയാതെ പോയി. തലമുറകളെ വിവേചനമില്ലാതെ ചേർത്തുപിടിക്കാനുള്ള സാമൂഹിക ഉത്തരവാദിത്വമാണ് ഓരോ അധ്യാപകൻ്റെയും പ്രഥമ ചുമതലയെന്ന് ഓർമ്മിപ്പിക്കാൻ കൂടിയാവണം ഈ ദിനം.
സ്വതന്ത്ര ചിന്തയുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ആസ്ഥാനങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ, ഇരിക്കുന്ന പദവിയുടെ മഹത്വം വിസ്മരിച്ച് വിഭജന അജണ്ടകൾ മുന്നോട്ടുവെക്കുന്ന സംഘടനകളുടെ വേദികളിലേക്ക് സ്വയം ചുരുങ്ങുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. അക്കാദമിക് സ്വയംഭരണത്തിൻ്റെ പ്രിവിലേജിനെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവ് വെക്കുന്ന ഇത്തരം പ്രവണതകൾ വിദ്യാഭ്യാസ മേഖലയുടെയും അധ്യാപനത്തിന്റെയും അന്തസ്സത്തയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. അറിവുകൊണ്ട് ഇരുട്ടിനെ അകറ്റി, ഭരണഘടനാ മൂല്യങ്ങളെയും മാനവികതയെയും നെഞ്ചോട് ചേർക്കാൻ പഠിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ...
---------------
Hindusthan Samachar / CHANDHU CHANDRASEKHAR