ജനവാസ മേഖലയെ ഇഎസ്എയിൽ നിന്ന് മാറ്റണമെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്
Kozhikode , 05 സെപ്റ്റംബര് (H.S.) ജനവാസ മേഖലയെ ഇഎസ്എയിൽ നിന്ന് മാറ്റണമെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്. കേരളത്തിലേത് പ്രത്യേക സാഹചര്യമായി കണക്കാക്കണം. ജനവാസമേഖലകളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നത
Sunny Joseph


Kozhikode , 05 സെപ്റ്റംബര് (H.S.)

ജനവാസ മേഖലയെ ഇഎസ്എയിൽ നിന്ന് മാറ്റണമെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്. കേരളത്തിലേത് പ്രത്യേക സാഹചര്യമായി കണക്കാക്കണം. ജനവാസമേഖലകളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലെ 123 വില്ലേജുകളെ പൂർണമായും 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പരിസ്ഥിതി പ്രാധാന്യ പ്രദേശമായി നിർദേശിക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളും ജനവികാരവും കണക്കിലെടുത്ത്, ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങളും നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഇതിനെ തുടർന്ന് രൂപീകൃതമായ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിൽ നടത്തിയ പഠനത്തിനു ശേഷം കേരളം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശങ്ങളും ആവശ്യങ്ങളും സമർപ്പിച്ചിരുന്നു. തുടർന്ന് 2014 മാർച്ച് 10-ന് 733 (E) വകുപ്പ് പ്രകാരം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് നോട്ടിഫിക്കേഷനിൽ കേരളത്തിലെ ഇഎസ്എ 13,108 ചതുരശ്ര കിലോമീറ്ററിൽ നിന്ന് കുറച്ച് 9,993.7 ചതുരശ്ര കിലോമീറ്ററായി പ്രസിദ്ധീകരിക്കുകയും, ആയതിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമായും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശമായും ഉൾപ്പെടുത്തുന്നതിന് നിർദേശിക്കുകയും ചെയ്തിരുന്നു.

ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഇഎസ്എയിൽ നിന്ന് പൂർണമായും ഒഴിവാക്കുന്നതിന് കേരളം നടത്തിയ പഠനങ്ങളും നിർദേശങ്ങളും പ്രസ്തുത നോട്ടിഫിക്കേഷനിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുനഃപ്രസിദ്ധീകരിച്ച കരട് നോട്ടിഫിക്കേഷനുകളിലും അഞ്ച് നോട്ടിഫിക്കേഷനുകളിലും ഇതേ നിർദേശം തന്നെയാണ് കേന്ദ്രം ആവർത്തിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനിടയിൽ 123 വില്ലേജുകളിൽ ഉൾപ്പെട്ട ചില വില്ലേജുകൾ വിഭജിക്കപ്പെട്ടതിനെ തുടർന്ന് വില്ലേജുകളുടെ എണ്ണം 131 ആയി ഉയർന്നിരുന്നുവെങ്കിലും 9,993.7 ചതുരശ്ര കിലോമീറ്റർ എന്ന വിസ്തീർണത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിനിടയിൽ കേരളത്തിലെ ഇഎസ്എ പരിധി 98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂമിയായി നിജപ്പെടുത്തുന്നതിനുള്ള നിർദേശം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുകയും, ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ കേന്ദ്രം ആരാഞ്ഞതിനെ തുടർന്ന് സ്പേഷ്യൽ ഫയലുകളും വിവരങ്ങളും നൽകുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് 2026 ജൂലൈ 27-ലെ ഏഴാമത് കരട് നോട്ടിഫിക്കേഷനിലും ആയത് പ്രകാരമുള്ള മാറ്റങ്ങൾ അംഗീകരിച്ചിട്ടില്ല. ഇതിനിടയിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുന്നതിനായി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തുകയും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ പരിസ്ഥിതി, വനം, റവന്യൂ, കൃഷി എന്നീ വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത് വിശദമായ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. പ്രസ്തുത ചർച്ചയിൽ കേരളം ഭൂവിസ്തൃതി കുറഞ്ഞതും വനവിസ്തൃതിയും ജനസാന്ദ്രതയും കൂടുതൽ ഉള്ള സംസ്ഥാനമാണെന്നും, കേരളത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ളതിനാലും ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഇഎസ്എയിൽ നിന്നും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത കൃത്യമായും വ്യക്തമായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2026 ജൂലൈ 26-ന് പുറപ്പെടുവിച്ച ഏഴാമത് കരട് നോട്ടിഫിക്കേഷനിൽ മതിയായ ഭേദഗതികൾ വരുത്തി ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഒഴിവാക്കുന്നതിനുള്ള പ്രത്യേക ആവശ്യം സമയബന്ധിതമായി കേരളം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് 33 വില്ലേജുകളെ പൂർണമായും ഇഎസ്എയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് വകുപ്പ് തലത്തിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് പരിഗണിച്ചുകൊണ്ടുള്ള തുടർ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കേന്ദ്ര സമിതിയെ ബോധ്യപ്പെടുത്തുന്നതിനും ആവശ്യമായ അനുകൂല തീരുമാനങ്ങൾ സ്വീകരിക്കുന്നതിനും സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്.

ഇത് സംബന്ധിച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും നിർദേശങ്ങളും വിശദമായി പഠിച്ചും മനസ്സിലാക്കിയും സംസ്ഥാനത്തെ ജനങ്ങളുടെ, പ്രത്യേകമായും കർഷകരുടെ, താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നു. ആയതിന് ഏവരുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ മലയോര മേഖലകളിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News