Enter your Email Address to subscribe to our newsletters

Newdelhi, 05 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: വിവാദ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സ്വാതന്ത്ര്യ ഭരദ്വാജുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്). പാർട്ടിയുടെയോ കേന്ദ്രമന്ത്രിയുടെയോ പേര് ദുരുപയോഗം ചെയ്ത് രാഷ്ട്രീയ സംരക്ഷണം നേടാൻ ശ്രമിച്ച ഭരദ്വാജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് എൽജെപി (ആർവി) പരാതി സമർപ്പിച്ചത്.
കഴിഞ്ഞ ജൂലൈയിൽ ഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെ ഭരദ്വാജ് നടത്തിയ ക്രൂരമായ ആക്രമണവും പിന്നീട് ഒരു പോഡ്കാസ്റ്റിൽ ഇത് പരസ്യമായി വെളിപ്പെടുത്തിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പിതാവിന്റെ തലയടിച്ചു തകർത്തതായി ഭരദ്വാജ് അഭിമുഖത്തിൽ വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ചിരാഗ് പസ്വാന്റെയും ബിജെപി നേതാക്കളുടെയും സഹായം ഭരദ്വാജ് തേടുകയായിരുന്നു. സ്വയംരക്ഷാർത്ഥമാണ് ആക്രമണം നടത്തിയതെന്നും ചിരാഗ് പസ്വാൻ തന്നെ സഹായിക്കുമെന്നും ഇയാൾ പരസ്യമായി പ്രസ്താവിച്ചു.
എന്നാൽ ഈ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ചിരാഗ് പസ്വാൻ, പാർട്ടിക്ക് ഇയാളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. സ്വന്തം പേര് തെറ്റായി ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെതിരെയാണ് പാർട്ടി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഒരാളെ ക്രൂരമായി മർദ്ദിച്ചെന്ന് തുറന്നുസമ്മതിച്ചിട്ടും പ്രതിക്കെതിരെ കർശന നടപടി ഉണ്ടാകാത്തത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും, വിഷയത്തിൽ ഡൽഹി പോലീസ് പക്ഷപാതരഹിതമായ അന്വേഷണം നടത്തണമെന്നും പസ്വാൻ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ കുടുംബത്തിനൊപ്പം പാർട്ടി ഉറച്ചുനിൽക്കുമെന്നും നിയമവാഴ്ചയെ പരിഹസിക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്ന് കഴിഞ്ഞദിവസം ഭരദ്വാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഭരണ-പ്രതിപക്ഷ തലങ്ങളിൽ വിഷയം രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ദുരുപയോഗം ചെയ്ത് ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് എൽജെപിയുടെ പരാതിയും പോലീസിന്റെ തുടർനടപടികളും.
---------------
Hindusthan Samachar / Roshith K