2029-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രധാനമന്ത്രിയാക്കണമെന്ന ടിവികെയുടെ നീക്കങ്ങൾക്ക് കോൺഗ്രസിന്റെ തിരിച്ചടി
Chennai, 05 സെപ്റ്റംബര് (H.S.) ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള പാർട്ടി നേതാക്കളുടെ നീക്കങ്ങൾക്കിടെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ്. 2029
2029-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും; തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ പ്രധാനമന്ത്രിയാക്കണമെന്ന ടിവികെയുടെ നീക്കങ്ങൾക്ക് കോൺഗ്രസിന്റെ തിരിച്ചടി


Chennai, 05 സെപ്റ്റംബര് (H.S.)

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ ഭാവി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനുള്ള പാർട്ടി നേതാക്കളുടെ നീക്കങ്ങൾക്കിടെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് മുതിർന്ന നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. വിശ്വനാഥൻ വ്യക്തമാക്കി.

ചെന്നൈയിൽ നടന്ന ഒരു പൊതുപരിപാടിയിലാണ് മന്ത്രിയുടെ ഈ നിർണായക പ്രതികരണം.

2029-ൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥിയെന്നും അതിൽ യാതൊരു തരത്തിലുള്ള പുനർവിചിന്തനത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഈ വിഷയത്തിൽ പൂർണ ആത്മവിശ്വാസത്തിലാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പാർട്ടി ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. കന്യാകുമാരി മുതൽ തിരുത്തണി വരെയുള്ള തമിഴ്നാട്ടിലെ കോൺഗ്രസ് പ്രവർത്തകർ ഇതിനായി ശക്തമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും പൊതുതിരഞ്ഞെടുപ്പിന് ഇനിയും രണ്ടര വർഷത്തോളം ബാക്കിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയ്യെ ഉപപ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമോ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും വിശ്വനാഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

തമിഴ്നാട് മന്ത്രിസഭയിൽ കോൺഗ്രസിന്റെ പ്രാതിനിധ്യമായുള്ള രണ്ട് മന്ത്രിമാരിൽ ഒരാളാണ് പി. വിശ്വനാഥൻ. ടൂറിസം മന്ത്രി എസ്. രാജേഷ് കുമാറാണ് രണ്ടാമത്തെയാൾ. നേരത്തെ, 2029-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ടിവികെ അംഗീകരിച്ചില്ലെങ്കിൽ സഖ്യത്തിൽ നിന്ന് പിന്മാറുമെന്ന് രാജേഷ് കുമാർ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. വിജയ്യുടെ പാർട്ടി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെങ്കിൽ മന്ത്രിസഭയിലെ രണ്ട് കോൺഗ്രസ് മന്ത്രിമാരും രാജിവെച്ച് പുറത്തുപോകുമെന്നായിരുന്നു കിള്ളിയൂർ എംഎൽഎ കൂടിയായ രാജേഷ് കുമാറിന്റെ നിലപാട്.

ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിട്ടാണ് കോൺഗ്രസ് തമിഴ്നാട്ടിൽ ടിവികെയുമായി കൈകോർത്തത്. എന്നാൽ, അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി വിജയ്യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ടിവികെ കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയതോടെ സഖ്യത്തിനുള്ളിൽ ഭിന്നത രൂക്ഷമായി. ഈ വിഷയത്തിൽ സഖ്യകക്ഷികളുടെ യോഗം വിളിച്ചുചേർക്കാനും നീക്കമുണ്ട്. അതേസമയം, പാർട്ടി രൂപീകരിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ വൻ പിന്തുണയോടെ തമിഴ്നാട്ടിൽ വലിയ വിജയം കൈവരിച്ച നേതാവാണ് വിജയ്യെന്നും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും തമിഴ്നാട് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള വാക്പോര് തമിഴ്നാട് ഭരണമുന്നണിയിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് തിരികൊളുത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News