Enter your Email Address to subscribe to our newsletters

shrinagar, 05 സെപ്റ്റംബര് (H.S.)
ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാ സേന നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടും ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത കമാൻഡറെ വധിച്ചു. 'ഓപ്പറേഷൻ അഷ്ദർ' എന്ന പേരിൽ സംയുക്ത സേന നടത്തിയ നിർണായക നീക്കത്തിലാണ് പാക് പൗരനായ യാസിർ എന്ന ഭീകരൻ കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പോലീസ് സമൂഹമാധ്യമമായ 'എക്സി'ലൂടെ സ്ഥിരീകരിച്ചു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേനയുടെ സ്പെഷ്യൽ ഫോഴ്സും 53 രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
ലഷ്കർ-ഇ-തൊയ്ബയുടെ കുപ്രസിദ്ധമായ 'സുലൈമാൻ മൂസ' വിഭാഗത്തിലെ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട യാസിർ എന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. എന്നാൽ ഏകദേശം ഒരു വർഷം മുൻപ് ഈ സംഘത്തിൽ നിന്ന് വഴിപിരിഞ്ഞ ഇയാൾ പിന്നീട് സ്വന്തം നിലയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയായിരുന്നു. ബുദ്ഗാമിലെ യൂസ്മാർഗ് വനമേഖലയിൽ യാസിർ തമ്പടിച്ചിരിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇയാളുടെ നീക്കങ്ങൾ സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നു. പ്രധാന സംഘത്തിൽ നിന്ന് മാറിയെങ്കിലും പ്രദേശത്തെ ലഷ്കറിന്റെ നിർണായക കണ്ണിയായി യാസിർ വളരുകയായിരുന്നുവെന്നാണ് സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള യൂസ്മാർഗ് വനമേഖലയിൽ ഇയാളുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതോടെയാണ് സുരക്ഷാ സേന സംയുക്ത തെരച്ചിൽ ആരംഭിച്ചത്.
2025-ൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളായിരുന്നു ഹാഷിം മൂസ എന്നറിയപ്പെട്ടിരുന്ന സുലൈമാൻ മൂസ. ആക്രമണം നടന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ ശ്രീനഗറിലെ ദച്ചീഗാം വനമേഖലയിൽ വെച്ച് ഇന്ത്യൻ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ മൂസ കൊല്ലപ്പെട്ടിരുന്നു. മൂസയുടെ മരണശേഷം യാസിർ ഈ മേഖലയിൽ തന്റെ ഭീകര ശൃംഖല വിപുലീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
പുൽവാമ ജില്ലയിലെ പഖർപോറയിൽ നിന്ന് ഒരു കൂട്ടം ഭീകരർ ബുദ്ഗാമിലെ യൂസ്മാർഗ് ഭാഗത്തേക്ക് നീങ്ങുന്നുവെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ നീക്കം. അഷ്ദർ ഗലി വനമേഖലയിൽ തെരച്ചിൽ നടത്തുന്നതിനിടെ സംശയാസ്പദമായ നീക്കങ്ങൾ കണ്ട സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ പ്രത്യാക്രമണത്തിലാണ് യാസിർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് എകെ-47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തു.
കശ്മീർ താഴ്വരയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സേന ശക്തമാക്കിയിരിക്കുന്ന സമയത്താണ് ഈ നിർണായക വിജയം. യാസിറിന്റെ മരണത്തിന് പിന്നാലെ ഇയാളുടെ സമ്പർക്ക ശൃംഖലകളെക്കുറിച്ചും കശ്മീരിലെ മറ്റ് ലഷ്കർ ഭീകരരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ജമ്മു കശ്മീരിലുണ്ടായ വിവിധ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും യാസിറിന് പങ്കുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. സുരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ താഴ്വരയിൽ വലിയൊരു അട്ടിമറി നീക്കമാണ് പൊളിഞ്ഞത്.
---------------
Hindusthan Samachar / Roshith K