മെസ്സി സൗഹൃദ മത്സര വിവാദം: സ്പോൺസർഷിപ്പിൽ ഗുരുതര ക്രമക്കേട്; കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട് പുറത്ത്
Thiruvananthapuram, 05 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ അഴിമതിയും നിയമലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ട
മെസ്സി സൗഹൃദ മത്സര വിവാദം: സ്പോൺസർഷിപ്പിൽ ഗുരുതര ക്രമക്കേട്; കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട് പുറത്ത്


Thiruvananthapuram, 05 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിച്ച് പ്രദർശന മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ അഴിമതിയും നിയമലംഘനങ്ങളും നടന്നതായി കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട്. മത്സരത്തിന്റെ സ്പോൺസർഷിപ്പ് കരാർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് (ആർബിസി) നൽകിയതിൽ അതീവ ഗുരുതരമായ വീഴ്ചകളും വഴിവിട്ട ഇടപെടലുകളും ഉണ്ടായെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കായിക വകുപ്പിനെയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മെസ്സിയുടെ മത്സരം സംഘടിപ്പിക്കുന്നതിലൂടെ സ്പോൺസർമാർ കോടിക്കണക്കിന് രൂപയുടെ വൻ സാമ്പത്തിക നേട്ടം മാത്രമാണ് ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്രയും വലിയൊരു അന്താരാഷ്ട്ര കായിക മാമാങ്കം കേരളത്തിൽ സംഘടിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട സാമ്പത്തിക വിഹിതത്തെക്കുറിച്ചോ നികുതി വരുമാനത്തെക്കുറിച്ചോ യാതൊരുവിധ മുൻകൂർ കണക്കുകൂട്ടലുകളും തയ്യാറാക്കിയില്ല. അന്താരാഷ്ട്ര തലത്തിലുള്ള ഒരു മത്സരം സംഘടിപ്പിക്കാൻ ആവശ്യമായ സാമ്പത്തിക അടിത്തറയോ മുൻപരിചയമോ ആർബിസിക്ക് ഉണ്ടോ എന്ന് പ്രാഥമികമായി പോലും പരിശോധിക്കാതെയാണ് സ്പോൺസർഷിപ്പ് അവകാശം കമ്പനിക്ക് കൈമാറിയത്.

കരാറിന്റെ ഭാഗമായി കമ്പനി അടച്ച കോടിക്കണക്കിന് രൂപ അവരുടെ സ്വന്തം അക്കൗണ്ടിൽ നിന്നുള്ളതാണോ അതോ മറ്റ് അനധികൃത സ്രോതസ്സുകളിൽ നിന്ന് സ്വരൂപിച്ചതാണോ എന്ന് അധികൃതർ പരിശോധിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, വിദേശത്തേക്ക് വൻതുക കൈമാറിയ നടപടിയിൽ ഗുരുതരമായ വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങൾ (ഫെമ) നടന്നിട്ടുണ്ട്. ഇത്തരം ചട്ടവിരുദ്ധ പണമിടപാടുകൾ സുഗമമാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളെ സ്പോൺസർമാർ ദുരുപയോഗം ചെയ്യുകയായിരുന്നു.

ഈ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യങ്ങളോ മറ്റ് അവിഹിത സാമ്പത്തിക താല്പര്യങ്ങളോ ഉണ്ടോ എന്ന് അധികൃതർ സമയബന്ധിതമായി വിലയിരുത്തിയില്ലെന്നത് ഗുരുതര വീഴ്ചയായി സ്പെഷ്യൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ഫുട്ബോൾ പ്രേമികളുടെ വികാരം മുതലെടുത്ത് സർക്കാർ സംവിധാനങ്ങളെ മറയാക്കി വൻ സാമ്പത്തിക തട്ടിപ്പാണ് ആസൂത്രണം ചെയ്തതെന്ന സൂചനകളാണ് റിപ്പോർട്ട് നൽകുന്നത്. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ ഈ ക്രമക്കേടുകൾ അരങ്ങേറിയതെന്ന ചോദ്യം ഉയരുന്നതോടെ വരും ദിവസങ്ങളിൽ വിഷയത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണത്തിനോ പോലീസ് നടപടിക്കോ വഴിതുറന്നേക്കും.

---------------

Hindusthan Samachar / Roshith K


Latest News