ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ 'തൂഫാൻ' രണ്ടാം ഘട്ടം: ജനകീയ പ്രതിരോധവുമായി ആഭ്യന്തര വകുപ്പ്
Kozhikode, 05 സെപ്റ്റംബര് (H.S.) കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ''തൂഫാൻ'' പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഒന്നാം ഘട്ട നടപടികൾ വിജയകരമായി തുടരുന്നതിനൊ
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ 'തൂഫാൻ' രണ്ടാം ഘട്ടം: ജനകീയ പ്രതിരോധവുമായി ആഭ്യന്തര വകുപ്പ്


Kozhikode, 05 സെപ്റ്റംബര് (H.S.)

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് 'തൂഫാൻ' പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ഒന്നാം ഘട്ട നടപടികൾ വിജയകരമായി തുടരുന്നതിനൊപ്പം തന്നെ കൂടുതൽ വിപുലമായ ജനകീയ ക്യാംപയിനായി രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ മാസം 28-ന് പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.

പൊലീസ് നടപടികൾക്ക് പുറമെ സമൂഹത്തെയാകെ ലഹരിക്കെതിരെ അണിനിരത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്കാണ് രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കോർത്തിണക്കിയാണ് കർമ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരും ഹരിതകർമ്മ സേനയും പദ്ധതിയുടെ ഭാഗമായി താഴെത്തട്ടിൽ സജീവമാകും. കാംപയിന്റെ തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം ഒരേ സമയം 'തൂഫാൻ' പതാക ഉയർത്തുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക പ്രതിനിധികളെ ഉൾപ്പെടുത്തി ഓരോ വാർഡിലും പ്രത്യേക 'തൂഫാൻ സമിതികൾ' രൂപീകരിക്കും. ഇതിനുപുറമെ, ലഹരിക്കെതിരെയുള്ള ജാഗ്രത ശക്തമാക്കാൻ പ്രത്യേക 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കും. ഗ്രാമീണ മേഖലകളിൽ നിന്ന് ലഹരി മാഫിയയെ തുരത്തുന്നതിനായി സന്നദ്ധരായ യുവാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി 'തൂഫാൻ വാരിയേഴ്സ്' എന്ന കർമ്മസേനയെയും തിരഞ്ഞെടുക്കും.

ഗ്രാമങ്ങളെ ഒന്നിപ്പിച്ചു നിർത്തി താഴെത്തട്ടിൽ ശക്തമായ നിരീക്ഷണവും പ്രതിരോധവും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാലയങ്ങളിലും പൊതുവിടങ്ങളിലും ലഹരി മാഫിയയുടെ സ്വാധീനം ഇല്ലാതാക്കാൻ ജനകീയ സമിതികളുടെ നിരന്തര ഇടപെടലിലൂടെ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഭരണതലത്തിലും താഴെത്തട്ടിലും ഒരേപോലെ പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതി ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനിൽപ്പിൽ നിർണായക വഴിത്തിരിവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

---------------

Hindusthan Samachar / Roshith K


Latest News