കുഞ്ഞു പരിസ്ഥിതി പ്രവർത്തക റൂഹി മൊഹസബിന് ഉപരാഷ്ട്രപതിയുടെ നേരിട്ടുള്ള അഭിനന്ദനം
Kozhikode, 05 സെപ്റ്റംബര് (H.S.) കോഴിക്കോട്: പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ വിസ്മയം തീർക്കുന്ന കൊച്ചുമിടുക്കി റൂഹി മൊഹസബിന്റെ പരിസ്ഥിതി ഇടപെടലുകൾക്ക് രാജ്യത്തിന്റെ ആദരം. കോമൺ ഗ്രൗണ്ട് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റൂഹിയുടെ പരിസ്ഥിതി
കുഞ്ഞു പരിസ്ഥിതി പ്രവർത്തക റൂഹി മൊഹസബിന് ഉപരാഷ്ട്രപതിയുടെ നേരിട്ടുള്ള അഭിനന്ദനം


Kozhikode, 05 സെപ്റ്റംബര് (H.S.)

കോഴിക്കോട്: പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ വിസ്മയം തീർക്കുന്ന കൊച്ചുമിടുക്കി റൂഹി മൊഹസബിന്റെ പരിസ്ഥിതി ഇടപെടലുകൾക്ക് രാജ്യത്തിന്റെ ആദരം. കോമൺ ഗ്രൗണ്ട് അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ റൂഹിയുടെ പരിസ്ഥിതി സ്നേഹത്തെയും പ്രവർത്തനങ്ങളെയും ഉപരാഷ്ട്രപതി നേരിട്ട് അഭിനന്ദിച്ചു. ഔദ്യോഗിക സന്ദർശനത്തിനായി തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തിയ വേളയിലായിരുന്നു ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരള രാജ്ഭവനിൽ വെച്ച് നടന്ന പ്രത്യേക കൂടിക്കാഴ്ചയിലാണ് റൂഹിയെ ഉപരാഷ്ട്രപതി നേരിട്ട് സ്വീകരിച്ചത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ പ്രകൃതിയെ സംരക്ഷിക്കാനും മണ്ണും മരങ്ങളും കാത്തുസൂക്ഷിക്കാനും ഈ കൊച്ചുവിദ്യാർത്ഥിനി നടത്തുന്ന നിരന്തര പരിശ്രമങ്ങൾ അത്ഭുതകരവും മറ്റുള്ളവർക്ക് വലിയ മാതൃകയുമാണെന്ന് അദ്ദേഹം വിലയിരുത്തി. കൊച്ചുമിടുക്കിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഹൃദയപൂർവ്വം പ്രശംസിച്ച ഉപരാഷ്ട്രപതി, ഭാവിയിലെ വലിയ സംരംഭങ്ങൾക്കായി എല്ലാവിധ ആശംസകളും നേർന്നു.

റൂഹിക്കായി ഉപരാഷ്ട്രപതി സ്വന്തം കൈപ്പടയിൽ ഒപ്പിട്ട പ്രത്യേക സന്ദേശവും ഉപഹാരമായി ചോക്ലേറ്റും സമ്മാനിച്ചു. പ്രകൃതിയെ അറിഞ്ഞു വളരുന്ന ഇത്തരം കുരുന്നുകളാണ് നാളത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥി ജീവിതത്തിന്റെ തുടക്കകാലത്തുതന്നെ പരിസ്ഥിതി ബോധവത്കരണവും പ്രകൃതിസ്നേഹവും ജീവിതചര്യയുടെ ഭാഗമാക്കാൻ റൂഹി കാട്ടുന്ന താല്പര്യം ശ്രദ്ധേയമാണ്.

കുടുംബാംഗങ്ങൾക്കൊപ്പം രാജ്ഭവനിലെത്തി ഉപരാഷ്ട്രപതിയെ കണ്ടുമുട്ടിയ അനുഭവം തന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന സന്തോഷത്തിലാണ് ഈ കൊച്ചു പ്രതിഭ. ചെറുപ്രായത്തിൽ തന്നെ ഇത്തരമൊരു ഉന്നത വ്യക്തിത്വത്തിൽ നിന്ന് നേരിട്ട് ലഭിച്ച അംഗീകാരം റൂഹിക്കും പഠിക്കുന്ന വിദ്യാലയത്തിനും ഒപ്പം കോഴിക്കോട്ടെ പൊതുസമൂഹത്തിനും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കൂടിക്കാഴ്ച.

---------------

Hindusthan Samachar / Roshith K


Latest News