സർക്കാർ ഭൂമിയിലെ കയ്യേറ്റം: സഹാറൻപുർ കളക്ടറേറ്റ് വളപ്പിലെ പള്ളി അധികൃതർ പൊളിച്ചുനീക്കി; കനത്ത സുരക്ഷാവലയത്തിൽ പ്രദേശം
Lucknow, 05 സെപ്റ്റംബര് (H.S.) ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലാ കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും (RAF)
സർക്കാർ ഭൂമിയിലെ കയ്യേറ്റം: സഹാറൻപുർ കളക്ടറേറ്റ് വളപ്പിലെ പള്ളി അധികൃതർ പൊളിച്ചുനീക്കി; കനത്ത സുരക്ഷാവലയത്തിൽ പ്രദേശം


Lucknow, 05 സെപ്റ്റംബര് (H.S.)

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപുർ ജില്ലാ കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച പള്ളി ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ വൻ പൊലീസ് സന്നാഹത്തോടെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും (RAF) കാവലിലുമായിരുന്നു നടപടി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളും പൂർണ്ണമായി അടച്ചുപൂട്ടുകയും പ്രദേശത്ത് കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

കളക്ടറേറ്റ് കോമ്പൗണ്ടിലെ തർക്കഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സിറ്റി മജിസ്ട്രേറ്റ് കോടതി നേരത്തെ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദശാബ്ദങ്ങളായി ഈ സ്ഥലം അനധികൃതമായി കൈവശം വെച്ചിരിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കയ്യേറ്റക്കാർക്ക് 6.41 കോടി രൂപ പിഴയും നഷ്ടപരിഹാരവുമായി ചുമത്തിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് പ്രാധാന്യമുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഈ അനധികൃത നിർമ്മാണം പ്രവർത്തിച്ചിരുന്നതെന്നാണ് റവന്യൂ അധികൃതരുടെ റിപ്പോർട്ട്.

റവന്യൂ രേഖകൾ പ്രകാരം കളക്ടറേറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരുന്ന ഈ ഭൂമി പതിറ്റാണ്ടുകൾക്ക് മുമ്പ് പൊതുജനങ്ങൾക്കുള്ള വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നുവെന്നും പിന്നീട് ഇത് മതപരമായ കേന്ദ്രമായി മാറ്റപ്പെടുകയായിരുന്നുവെന്നുമാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ. ഉത്തരപ്രദേശ് പബ്ലിക് പ്രിമൈസസ് ആക്ട് പ്രകാരമാണ് നടപടികൾ പൂർത്തിയാക്കിയത്. അതേസമയം, റവന്യൂ രേഖകളിൽ പൂർണമായ ഉടമസ്ഥാവകാശം തെളിയിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും കയ്യേറ്റ ആരോപണം വാസ്തവവിരുദ്ധമാണെന്നും വ്യക്തമാക്കി മസ്ജിദ് ഭാരവാഹികൾ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അവർക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

ശനിയാഴ്ച അതിരാവിലെ ബുൾഡോസറുകളടക്കമുള്ള യന്ത്രസാമഗ്രികളുമായി എത്തിയ സംഘം നിർമ്മാണം പൂർണ്ണമായി നീക്കം ചെയ്തു. നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ രാഷ്ട്രീയ നേതാക്കളുടെയും സംഘടനകളുടെയും നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ പൂർണമായും ശാന്തമാണെന്നും ഭരണകൂടം വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News