Enter your Email Address to subscribe to our newsletters

Newelhi, 05 സെപ്റ്റംബര് (H.S.)
ന്യൂഡൽഹി: യുവതലമുറയുമായുള്ള, പ്രത്യേകിച്ച് ജനറേഷൻ-സി (Gen-Z) വിഭാഗവുമായുള്ള പാർട്ടി ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 10 സംസ്ഥാനങ്ങളിലൂടെ 20 ബൈക്ക് റാലികൾ സംഘടിപ്പിക്കാൻ ബിജെപി യുവമോർച്ച ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിനെയും അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായ ഉത്തർപ്രദേശിലെ വാരാണസിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് റാലി വിഭാവനം ചെയ്തിരിക്കുന്നത്. 'ബർത്ത്പ്ലേസ് ടു വർക്ക്പ്ലേസ്' (Birthplace to Workplace) എന്നാണ് ഈ ബൃഹത്തായ യുവജന സമ്പർക്ക പരിപാടിക്ക് പേരിട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-ന് ആരംഭിക്കുന്ന ബൈക്ക് റാലികൾ ഒക്ടോബർ 7-ന് സമാപിക്കും. പൊതുരംഗത്ത് നരേന്ദ്ര മോദി 25 വർഷം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2014 മുതൽ കേന്ദ്രത്തിൽ എൻഡിഎ സർക്കാർ നടപ്പിലാക്കിയ ഭരണനേട്ടങ്ങളും വികസന പദ്ധതികളും യുവതലമുറയിലേക്ക് എത്തിക്കുക, യുവാക്കൾക്കിടയിൽ ബിജെപിയുടെ സംഘടനാ സ്വാധീനം വിപുലീകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ബിജെപി യുവമോർച്ച ദേശീയ പ്രസിഡന്റും വഡോദര എംപിയുമായ ഹേമംഗ് ജോഷി ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ആകെ ആയിരത്തോളം ബൈക്ക് യാത്രികർ പരിപാടിയുടെ ഭാഗമാകും. ഇരുപത് പ്രത്യേക റൂട്ടുകളിലായി ഓരോ സംഘത്തിലും അമ്പതോളം ബൈക്കർമാർ വീതമുണ്ടാകും. രണ്ട് വ്യത്യസ്ത ദിശകളിലായാണ് റാലി സഞ്ചരിക്കുക. ഇതിൽ പത്ത് റാലികൾ വഡ്നഗറിൽ നിന്ന് ആരംഭിച്ച് വാരാണസിയിലേക്കും, ബാക്കി പത്ത് റാലികൾ വാരാണസിയിൽ നിന്ന് ആരംഭിച്ച് വഡ്നഗറിലേക്കും യാത്ര ചെയ്യും. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി തുടങ്ങിയ പത്ത് പ്രധാന സംസ്ഥാനങ്ങളിലൂടെയാണ് റാലിയുടെ റൂട്ടുകൾ കടന്നുപോകുന്നത്.
യാത്രാവേളയിൽ റാലി കടന്നുപോകുന്ന നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രാദേശിക യുവാക്കളുമായി സംഘാംഗങ്ങൾ സംവദിക്കും. പുതിയ തൊഴിലവസരങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശയവിനിമയങ്ങൾ നടത്തുകയും കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. അതത് സംസ്ഥാനങ്ങളിലെ മുതിർന്ന ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ ഘട്ടങ്ങളിൽ റാലിയുടെ ഭാഗമാകും. വഡ്നഗറിൽ നിന്ന് വാരാണസിയിലേക്കുള്ള റാലികളുടെ ഏകോപന ചുമതല മുതിർന്ന ബിജെപി നേതാവ് വി.ഡി. ശർമ്മയ്ക്കാണ് നൽകിയിരിക്കുന്നത്.
ഒരു ഭരണാധികാരിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തെയും വളർച്ചയെയും പ്രതിഫലിപ്പിക്കുന്ന പ്രധാന ഇടങ്ങളെ കോർത്തിണക്കുന്നതിലൂടെ യുവാക്കൾക്കിടയിൽ വലിയൊരു സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നാണ് യുവമോർച്ചയുടെ കണക്കുകൂട്ടൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് രാജ്യത്തെ യുവവോട്ടർമാരിലേക്ക് നേരിട്ടെത്താനുള്ള ബിജെപിയുടെ സുപ്രധാന രാഷ്ട്രീയ നീക്കമായാണ് ഈ പ്രചാരണ പരിപാടിയെ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K