Enter your Email Address to subscribe to our newsletters

Thrissur , 06 സെപ്റ്റംബര് (H.S.)
കയ്പമംഗലത്ത് എട്ട് പേരുടെ ജീവനപഹരിച്ച അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപേ തൃശൂരിനെ വീണ്ടും കണ്ണീരിലാഴ്ത്തി മറ്റൊരു ദാരുണ ദുരന്തം കൂടി. കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ സെൻ്ററിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ മൂന്ന് വയസുകാരനായ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഭാര്യ ഷിഫ്ന (24), ഇവരുടെ മൂന്ന് വയസ്സുകാരനായ മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
അമിതവേഗതയും മദ്യപാനവും ജീവനപഹരിച്ചപ്പോൾ
ഗുരുവായൂർ–കുന്നംകുളം റോഡിൽ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ നിർത്തിയിരുന്നു. ഫോൺ വിളി വന്നതിനെ തുടർന്ന് റോഡരികിൽ ബൈക്ക് നിർത്തി സംസാരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
എടക്കഴിയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ബൈക്കിലുണ്ടായിരുന്നവർ ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ബൈക്ക് യാത്രികരെ കാറ്റിൽപ്പറത്തിക്കൊണ്ട് മുന്നോട്ട് പാഞ്ഞ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും പൂർണമായും തകർന്ന നിലയിലായിരുന്നു, കുന്നംകുളം പൊലീസ് പ്രതികരിച്ചു. കാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിക്കുന്നുണ്ട്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് കാർ യാതൊരു നിയന്ത്രണവുമില്ലാതെ വന്നിടിക്കുകയായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ഞങ്ങൾ ഓടിക്കൂടിയത്. ബൈക്ക് യാത്രക്കാരെ റോഡിൻ്റെ പല ഭാഗങ്ങളിലേക്ക് തെറിപ്പിച്ച കാർ, തൊട്ടടുത്തുള്ള വൈദ്യുത പോസ്റ്റും തകർത്താണ് നിന്നത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നു. നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അയാൾ. നാട്ടുകാരൻ പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്
അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിന് കാരണമായതിനാൽ കാർ ഡ്രൈവർക്കെതിരെ കുന്നംകുളം പൊലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അപകടം നടന്ന സമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവറുടെ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
അപകടത്തിന് തൊട്ടുപിന്നാലെ കാർ ഓടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയിരുന്നുവെന്നും ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അപകടം നടന്നയുടൻ തന്നെ കുന്നംകുളത്തെ നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ചോരയിൽ കുളിച്ചുകിടന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മുനീറും ഷിഫ്നയും മരണത്തിന് കീഴടങ്ങിയിരുന്നു. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ എമിലും ഒടുവിൽ മരണത്തിന് കീഴടങ്ങിയതോടെ ആ കുടുംബം ഒന്നടങ്കം ഇല്ലാതായി.
അപകടത്തെ തുടർന്ന് കുന്നംകുളം റോഡിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR